Saturday 26th of May 2018

മാര്‍ഗി: അനശ്വര രംഗകലകളുടെ തെക്കന്‍ കളരി

Category: Coverstory Published: Tuesday, 15 December 2015

തിരുവനന്തപുരത്ത് കോട്ടയ്കകത്തെ മാര്‍ഗി തിയറ്ററിലെത്തുമ്പോള്‍ അകത്ത് കഥകളി ചമയങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന മുറി നിറഞ്ഞ് നില്‍ക്കുകയാണ് ചിന്മയ സ്‌കൂളിലെ കുട്ടികള്‍ .കുട്ടിക്കുറുമ്പുകളുടെ ഇടതടവില്ലാത്ത സംശയങ്ങള്‍ ശ്രദ്ധയോടെ കേട്ടും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞും ചമയങ്ങള്‍ ഓരോന്നോയി അവര്‍ക്ക് കാട്ടികൊടുക്കുകയാണ് മാര്‍ഗിയിലെ ഒരു അധ്യാപകന്‍.

 
ഇവിടെയെത്തുന്ന ആര്‍ക്കും അറിവ് ആഴത്തില്‍ ക്ഷമയോടെ പകര്‍ന്ന് നല്‍കുന്നതില്‍ ഗുരുക്കന്മാര്‍ക്കുളള ഈ അര്‍പ്പണ മനോഭാവമാണ് മാര്‍ഗിയെ കേരളത്തിലെ മറ്റ് കലാപഠന കേന്ദ്രങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്. കലാമണ്ഡലത്തിനുശേഷം, കേരളത്തിന്റെ പൈതൃക സമ്പത്തായ കഥകളിയും നങ്ങ്യാര്‍കൂത്തും, കൂടിയാട്ടവും ലോകാസ്വാദകരുടെ ഹൃദയത്തിലേക്കെത്തിച്ചതില്‍ ഈ തെക്കന്‍ കളരിക്ക് പ്രധാനപങ്കുണ്ട്.
 
മാര്‍ഗിയുടെ വളര്‍ച്ചയുടെ ചരിത്രം പറയുമ്പോള്‍ വര്‍ഷങ്ങളായി ഇതിന്റെ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന റിട്ടയേഡ് ഐ.എ.എസ് ഉദ്ദ്യോഗസ്ഥന്‍ എസ്.ശ്രീനിവാസന്‍ വാചാലനായി. 1970 -ല്‍ കഥകളി പരീശിലിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന വിവിധ ഗ്രേഡുകളിലുളള കലാകാരന്‍മാരുടെ കളിയോഗം ആയാണ് മാര്‍ഗി പ്രവര്‍ത്തനം തുടങ്ങുന്നത്. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള കോട്ടയ്ക്കകത്തെ കോയിക്കല്‍ കൊട്ടാരത്തിന്റെ ഭാഗമായ കെട്ടിടം മാര്‍ഗിയുടെ പ്രവര്‍ത്തനത്തിനായി ലഭിക്കുകയും ചെയ്തു. സ്ഥാപകനായ കഥകളി സാഹിത്യരംഗത്തെ പ്രമുഖന്‍ ‍ഡി. അപ്പുക്കുട്ടന്‍നായര്‍ക്ക് മാര്‍ഗിയെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. മാങ്കുളം ഇല്ലത്തെ വിഷ്ണു നമ്പൂതിരിയുടെ കഥകളിക്കളരി അദ്ദേഹം  1974-ല്‍ ഇവിടേക്ക് കൊണ്ടുവന്നു. തുടര്‍ന്നുള്ള ആറ് വര്‍ഷക്കാലം മാങ്കുളം ഇവിടെ ഗുരുസ്ഥാനത്ത് തുടര്‍ന്നു.  
 
 
കഥകളി ആചാര്യനായ കലാമണ്ഡലം കൃഷ്ണന്‍നായരുടെ വരവോടെ മാര്‍ഗി അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് പ്രവേശിച്ചു എന്നു പറയാം. ഇവിടുത്തെ കലാകാരന്‍മാരുടെ കഴിവ് കൂടുതല്‍ വികസിച്ചത് അദ്ദേഹത്തിന്റെ വരവോടെയാണെന്ന് ശിഷ്യന്‍ കൂടിയായ പ്രിന്‍സിപ്പാള്‍ മാര്‍ഗി വിജയകുമാര്‍ പറയുന്നു.  കലാമണ്ഡലം കൃഷ്ണന്‍നായര്‍ തന്റെ ആത്മകഥയില്‍ മാര്‍ഗ്ഗിയെപ്പറ്റിയും സഹപ്രവര്‍ത്തകരെപ്പറ്റിയും പരാമര്‍ശിക്കുന്നുണ്ട്.  അദ്ദേഹത്തിന് തുല്യനായ ഒരു കഥകളി വേഷക്കാരനോ, ഗുരുസ്ഥാനീയനോ ഉണ്ടോയെന്ന് സംശയമാണെന്നും വിജയകുമാര്‍ പറയുന്നു. കഥകളിയില്‍ തെക്കന്‍ചിട്ടയും വടക്കന്‍ചിട്ടയും പ്രസിദ്ധമാണ്. തെക്കന്‍ചിട്ട കഥാപാത്രത്തിന്റെ മാനസികാവസ്ഥയ്ക്ക് പ്രാമുഖ്യം നല്‍കുമ്പോള്‍ കൈ മെയ്യ് ചലനത്തിലാണ് വടക്കന്‍ചിട്ട ശ്രദ്ധ പുലര്‍ത്തുന്നത്. ഭാവാഭിനയം പ്രധാനമാണ് തെക്കന്‍ചിട്ടയില്‍. രണ്ടും വേറിട്ട് നില്‍ക്കേണ്ടവയല്ലെന്നും ഇവ സംയോജിച്ചാല്‍ മാത്രമാണ് ഒരു യഥാര്‍ത്ഥ കഥകളി അവതരണമാകുന്നതെന്നും കലാമണ്ഡലം കൃഷ്ണന്‍നായര്‍ തന്റെ ശിക്ഷണത്തിലൂടെ തെളിയിച്ചു.  ഒരു കലാകാരന്‍ രണ്ട് ശൈലികളിലും അവഗാഹം നേടണമെന്ന് അദ്ദേഹത്തിന് നിര്‍ബദ്ധമായിരുന്നു.  കഥകളിയെ ലോക പ്രസിദ്ധിയിലേക്കുയുര്‍ത്തിയതില്‍ അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതാണ്.
 
രവീന്ദ്രന്‍ പിള്ള, ഹരിവത്സന്‍, കോട്ടക്കല്‍ രവികുമാര്‍ തുടങ്ങി മാര്‍ഗിയിലെ നിരവധി പേര്‍ കഥകളി രംഗത്ത് അറിയപ്പെടുന്ന പ്രതിഭകളാണ്. 
 
മാര്‍ഗിയില്‍ ഏതൊരു കലയും വിശദമായി അഭ്യസിച്ചിരിക്കണം. അറിവ് ഉറപ്പിക്കാന്‍ രംഗപരിചയം വളരെ അനിവാര്യമാണ്. അതിനാല്‍ മാസത്തിലെരിക്കല്‍ നാട്യഗൃഹത്തില്‍ കളിവിളക്കുകള്‍ തെളിച്ച് ശിഷ്യഗണം തങ്ങളുടെ പ്രതിഭയുടെ മാറ്റുരയ്ക്കും. മാര്‍ഗിയിലെ കലാകാരന്മാരെ വ്യത്യസ്തരാക്കുന്നത് ഈ രംഗപരിചയ മികവ് കൂടിയാണ്. മാര്‍ഗി മാത്രമാണ് ഇങ്ങനെയൊരു അവസരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നത്. കഥകളിയുടെയും കൂടിയാട്ടത്തിന്റെയുമൊക്കെ ഉപരിപഠന കേന്ദ്രമായി ഇവിടം അറിയപ്പെടുന്നതും അതുകൊണ്ടാണ്. മികച്ച ആസ്വാദകരാണ്  നാട്യഗൃഹത്തില്‍ നടക്കുന്ന അവതരണം കാണാന്‍ എത്താറുള്ളത്. അത് വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നുവെന്ന് പ്രിന്‍സിപ്പാള്‍ പറയുന്നു. 
 
കഴിഞ്ഞവര്‍ഷം നാട്യഗൃഹത്തിലും പുറത്തുമായി 32 അവതരണങ്ങള്‍ നടന്നിട്ടുണ്ട്.  ഒരു മാസത്തിന്റെ അവസാന നാലു ദിവസങ്ങളിലാണ് കഥകളി, കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത് എന്നിവ അവതരിപ്പിക്കാറ്.   ഗുരുശിഷ്യ ഭേദമന്യേ പാട്ടും മേളവും വേഷങ്ങളും ഇഴുകി ചേര്‍ന്ന് മാര്‍ഗിയിലെ കളിയരങ്ങുണരും.  
 
കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത് എന്നിവയുടെ കളരി ആരംഭിക്കുന്നത് മാര്‍ഗി തുടങ്ങി ഒരു ദശാബ്ദത്തിനുശേഷമാണ് .വലിയശാലയിലെ ദേവസ്വംവക നമ്പിമഠത്തില്‍ കൂടിയാട്ടത്തിന്റെ കുലപതിയായ അമ്മന്നൂര്‍ മാധവചാക്യാരും കലാമണ്ഡലം കൃഷ്ണന്‍നായരും ചേര്‍ന്നാണ് 1981-ല്‍ ഇത് ഉദ്ഘാടനം ചെയ്തത്. മൂഴിക്കുളം കൊച്ചുകുട്ടന്‍ ചാക്യാര്‍, നാരയണന്‍ ചാക്യാര്‍, മധു ചാക്യാര്‍ അങ്ങനെ നീളുന്നു മാധവചാക്യാരുടെ ഇവിടുത്തെ ലോകമറിഞ്ഞ ശിഷ്യസമ്പത്ത്.
 
കലാമണ്ഡലത്തിലെ പഠനത്തിനുശേഷം ഉപരിപഠനത്തിനായി ഇവിടെ എത്തിയതാണ് ‍കലാകേരളത്തിന് നഷ്ടമായ കൂടിയാട്ടത്തിലെ സ്ത്രീ സാന്നിധ്യം മാര്‍ഗി സതി. അമ്മന്നൂരിന്റെ കീഴിലെ പഠനം ലോകമറിയുന്ന കലാകാരിയാക്കി സതിയെ മാറ്റി. മാര്‍ഗിയുടെ പേരില്‍ തന്നെ അറിയപ്പെടണമെന്ന് അവര്‍ ആഗ്രഹിച്ചതില്‍ അത്ഭുതപ്പെടാനില്ല. ഈ കളരിയുമായി കലാകാരന്മാര്‍ക്കുണ്ടാകുന്ന ആത്മബന്ധം അത്ര ആഴത്തിലുള്ളതാണ്.  
 
കഥകളിയും കൂടിയാട്ടവുമായി ബന്ധപ്പെട്ട വാദ്യങ്ങളും മാര്‍ഗിയില്‍ അഭ്യസിപ്പിക്കുന്നു. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളുളള ചെണ്ട പഠിപ്പിക്കുന്നത് അറിയപ്പെടുന്ന വിദ്വാന്‍ കലാമണ്ഡലം കൃഷ്ണദാസാണ്.കലാമണ്ഡലം സുബ്രമണ്യം ഇവിടെ വിസിറ്റിംങ്  പ്രൊഫസറാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്റെ ഗ്രാന്റ് ലഭിച്ചെത്തുന്ന കേരളത്തിനുപുറത്തുള്ള വിദ്യാര്‍ത്ഥികളും മാര്‍ഗിയില്‍ പരിശീലനത്തിനെത്തുന്നുണ്ട്. അടുത്തിടെ സരിന്യ എംറാഡി എന്ന തായ്‌ലാന്റ് കലാകാരി ബാഗ്ലൂരിലെ ഭരതനാട്യപഠനത്തിനുശേഷം മാര്‍ഗിസുരേഷിന്റെ കീഴില്‍ കഥകളി അഭ്യസിക്കാന്‍ എത്തി.  ഇവര്‍ മാര്‍ഗിയുടെ അരങ്ങില്‍ പുറപ്പാടിലെ കൃഷ്ണവേഷം കെട്ടിയാടിയിരുന്നു. 
 
മാര്‍ഗിയുടെ പേട്രണ്‍ കൂടിയായ അടൂര്‍ ഗോപാലകൃഷ്ണന്‍ 2001-ല്‍ കൂടിയാട്ടത്തെക്കുറിച്ച് എടുത്ത ഡോക്യൂമെന്ററി മാര്‍ഗിയുടെ പശ്ചാത്തലത്തിലാണ്. പിന്നീട് യുണെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ കൂടിയാട്ടം ഇടം നേടുകയും ചെയ്തു. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള ഈ അതുല്യ കലാരൂപത്തെ വികസിപ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തുടര്‍ന്ന്  മുന്‍കൈ എടുത്തു. കൂടിയാട്ടം, രാംലീല, വേദിക് കള്‍ച്ചര്‍ എന്നിവ പഠിപ്പിക്കാന്‍ മാര്‍ഗി നോടല്‍ ഏജന്‍സിയാക്കി തിരുവനന്തപുരത്ത് 2001-ല്‍ ഒരു കലാകേന്ദ്രം തുറന്നു. കേന്ദ്ര സംഗീത നാടക അക്കാഡമിയുടെ സ്റ്റൈപ്പന്റ് നല്‍കിയും അല്ലാതെയും ഇവിടെ വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നുണ്ട്. ഡോ ജോര്‍ജ് ഓണക്കൂര്‍ ആണ് നിലവില്‍ മാര്‍ഗിയുടെ പ്രസി‍ഡന്റ് 
 
ഗുരുകുല സമ്പ്രദായത്തിന്റെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശിക്ഷണ രീതിയാണ് കാലാതീതമായി മാര്‍ഗി അനുവര്‍ത്തിക്കുന്നത്.  പൈതൃക കലകളെ നിര്‍ലോഭം പരിപോഷിപ്പിച്ച് ലോകോത്തര കലാകാരന്‍മാരെ സൃഷ്ടിക്കുകയാണ് നാല് പതിറ്റാണ്ടിലേറെയായി മാര്‍ഗിയിലെ കളിയരങ്ങ്.
 
 
രശ്മി ആര്‍ എസ്