Saturday 26th of May 2018

വീട്ടുരുചികള്‍ മറക്കരുതേ, നിലംതൊടാപ്പച്ചയില്‍ ഭ്രമിക്കരുതേ......

Category: Coverstory Published: Friday, 06 November 2015
തുമ്പയും തുമ്പിയും കതിരണിഞ്ഞ നെല്‍പ്പാടങ്ങളും കന്നു പൂട്ടുന്ന കര്‍ഷകനും കുത്തരിച്ചോറും എല്ലാം അടങ്ങുന്ന കാര്‍ഷിക സംസ്‌കൃതിയോടും പാരിസ്ഥിതിക ജീവനത്തോടും താത്പര്യം നഷ്ടപ്പെടുന്ന ഒരു സമൂഹം, ഒരു കാലത്ത് ക്യഷി ഉപജീവനവും അതിലുപരി ജീവിതവുമായിരുന്ന കേരളത്തിന്റെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്. വയലും ക്യഷിയുമെല്ലാം നഷ്ടസ്മൃതികള്‍ ആകുമ്പോള്‍ തന്റെ കൃഷി ദര്‍ശനം പങ്കുവയ്ക്കുകയാണ് കവി മധുസൂദനന്‍ നായര്‍. മണ്ണ് മണ്ണല്ലാതായാല്‍ മനുഷ്യന്‍ മനുഷ്യനല്ലാതായി തീരുമെന്ന് ആശങ്കപ്പെടുന്നു ഈ എഴുത്തുകാരന്‍.
 
ജി. രമ്യ നടത്തിയ അഭിമുഖത്തില്‍നിന്ന്.
 
മലയാളത്തിന് അന്യമാകുന്ന കാര്‍ഷിക ജീവിതം 
 
മനുഷ്യന്റെ ജീവിതാരംഭവും നിലനില്‍പ്പും കൃഷിയാണ്. എന്റെയൊക്കെ കുട്ടിക്കാലത്ത് ക്യഷി ഒരു ജോലിയോ ഭാരമോ ആയിരുന്നില്ല, ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. വയലുകളില്‍ നെല്ലും പച്ചക്കറികളും ക്യഷി ചെയ്യും. കുട്ടികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ഉണ്ടാകും അവനവന്റേതായ പണികള്‍. സ്വന്തം ക്യഷിയിടങ്ങളില്‍നിന്ന് പറിച്ചെടുത്ത കായ്കളും ഇലകളും കൊണ്ട് അമ്മയുണ്ടാക്കുന്ന കറികള്‍ അല്ലെങ്കില്‍ അല്‍പം കാച്ചിയ മോര് ഇതൊക്കെയാണ് അന്നും ഇന്നും ഏറ്റവും രുചികരമായി തോന്നിയ ഭക്ഷണം. എന്നാല്‍ ഈ വീട്ടുരുചികള്‍ മറന്ന് നിലം തൊടാപ്പച്ചയില്‍ ഭ്രമിച്ചിരിക്കുകയാണ് നാം ഇന്ന്. വിലകൂടിയ പാര്‍പ്പിടങ്ങളല്ല നമുക്കാവശ്യം, കൃഷിയിടങ്ങളാണ്. 
 
ക്യഷി ആത്മീയതയാണ്. മനസും ശരീരവും സമര്‍പ്പിച്ചുളള ഒരു സമ്പൂര്‍ണ ജീവിതം. ക്യഷിയുളള വീട്ടില്‍ ആര്‍ഭാടങ്ങള്‍ ഉണ്ടാകില്ല, അതുപോലെ  ദാരിദ്ര്യവും ഉണ്ടാകില്ല. ഒരു വെളളരിയോ ഒരു പിടി നെല്ലോ എന്നും ഉണ്ടാകും കരുതലായി. ആരും വിശപ്പ് അറിഞ്ഞിരുന്നില്ല. അത്തരത്തില്‍ ഒരു കാര്‍ഷിക സ്വാശ്രയത്വമാണ് നമുക്ക് ആവശ്യം. സ്വാശ്രയം ഇല്ലാത്തവനാണ് പുതിയ കാലത്തെ മനുഷ്യന്‍.
 
 
 ക്യഷിയോടൊപ്പം മണ്‍മറയുന്ന നാടന്‍ശീലുകള്‍
 
നാടന്‍പാട്ടുകള്‍, കൊയ്ത്തു പാട്ടുകള്‍ ഇവയെല്ലാം ഇന്നിന്റെ മറ്റൊരു നഷ്ടമാണ്. ആത്മാവില്‍നിന്ന് പാടുന്നവരായിരുന്നു നാടന്‍പാട്ടുകാര്‍. അവരുടെ കൂട്ടായ്മയുടെ ഗാനം ദര്‍ശനങ്ങളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞവയായിരുന്നു. അവയ്ക്ക് ശബ്ദകോലാഹലങ്ങളുടെ അകമ്പടി ഉണ്ടായിരുന്നില്ല. ശുദ്ധമായിരുന്നു സംഗീതം. എന്നാലിന്ന് വയല്‍ നികത്തി നിലനില്‍പ്പ് മറന്ന് കൃത്രിമപ്പാട്ടുകളില്‍ സ്വയം നഷ്ടപ്പെടുകയാണ് നാം. അപഭാഷ ഉപയോഗിക്കുന്ന സംഗീതമാണ് ഇന്നത്തേത്. ശബ്ദ കോലാഹലങ്ങളെ ഉളളു... അവയ്ക്ക് ആത്മാവില്ല. ഇതേക്കുറിച്ച് 'വാക്ക്'എന്ന കവിതയില്‍ എഴുതിയിരുന്നു.
 
 
പുതിയ തലമുറയെക്കുറിച്ച് 
 
അതാണ് വലിയ ദു:ഖം. കമ്പോളവത്കരണത്തിന്റെ യഥാര്‍ത്ഥ ഇരകള്‍ ഇന്നത്തെ കുഞ്ഞുങ്ങളാണ്. കുട്ടികള്‍ക്ക് കളിസ്ഥലങ്ങളും കന്നുകാലികള്‍ക്ക് മേച്ചില്‍പ്പുറങ്ങളും തുമ്പയ്ക്കും തുളസിക്കും മുയല്‍ച്ചെവിയനുമെല്ലാം സമൃദ്ധമായി വളരാനുള്ള ഇടങ്ങളും ഉണ്ടാകണം. മേഞ്ഞു നടക്കുന്ന പശുക്കളുടെ പാല് മാത്രമേ ശുദ്ധമായിരിക്കൂ. അതുപോലെ പറവകളെപ്പോലെ സ്വതന്ത്രരായി കളിച്ച് നടക്കുന്ന കുട്ടികളിലേ മാനസിക സാമൂഹ്യ ആരോഗ്യമുണ്ടാകൂ. അങ്ങനെ ഒരു തലമുറ വളര്‍ന്നു വരുമ്പോള്‍ അവിടെ കലാപങ്ങള്‍ ഉണ്ടാകില്ല. പകരം നാം ചെയ്യുന്നത് അവരെ ദ്വേഷിക്കാന്‍ പഠിപ്പിക്കുകയാണ്. കോര്‍പ്പറേറ്റ് പ്ലാന്‍ അനുസരിച്ച് വളര്‍ത്തുകയാണ്. ലാഭവും നഷ്ടവും നോക്കി ക്ഷിപ്രപ്രയോഗം നടത്തുന്നത് പോലെയാണത്. ഇതിന് വിഭിന്നമായ കാഴ്ച കാണാനായത് സായിഗ്രാമത്തിലാണ്, അവിടത്തെ കുട്ടികള്‍ കുറച്ചുകൂടി സ്വതന്ത്രരാണ്. അവിടെ കുട്ടികള്‍ചേര്‍ന്ന് നടത്തിയ കൃഷി വിളവെടുപ്പ് ഉത്സവത്തില്‍ പങ്കെടുക്കാനായി. കുട്ടികളിലൂടെ കൃഷി തിരിച്ചു പിടിക്കാനാകണം. അവര്‍ക്ക് അത് സാധിക്കും.    
 
മാലിന്യക്കൂമ്പാരങ്ങള്‍ ഒഴിവാക്കാന്‍
 
മാലിന്യക്കൂമ്പാരമാകുന്ന കേരളത്തെക്കുറിച്ച് 30 വര്‍ഷം മുമ്പേ 'പാഴ്ചണ്ടി കുമിയുന്ന പാഴ്ഭൂമി' എന്നൊരു കവിത എഴുതിയിരുന്നു. ഇന്ന് പാഴ്‌വസ്തുക്കള്‍, ഇറച്ചിവേസ്റ്റ് ഇവയെല്ലാം നമ്മുടെ വഴിയോരങ്ങളെ കയ്യടക്കിയിരിക്കുന്നു. നാം അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷണസാധനങ്ങള്‍ കഴിച്ച് കരുത്തുനേടുന്ന തെരുവുപട്ടികള്‍ നമ്മുടെ കുഞ്ഞുങ്ങളുടെ മുഖം കടിച്ചുകീറുന്നു. ബോധവത്കരണ ക്ലാസുകള്‍ നടത്തുകയല്ല മാലിന്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം, അതേകുറിച്ചുളള അവബോധമാണ് ആവശ്യം. അതിനുളള പരിഹാരവും കാര്‍ഷിക ജീവിതത്തിലുളള മടങ്ങിപ്പോക്ക് തന്നെയാണ്. ക്യഷി നല്‍കുന്നത് വേസ്റ്റില്ലാത്ത ജീവിതമാണ്. ഉത്പന്നങ്ങള്‍ ആഹാരമാകുന്നു, അല്ലെങ്കില്‍ ജൈവവളമാകുന്നു. ഒന്നും വലിച്ചെറിയപ്പെടുന്നില്ല.
 
കൃഷിയുടെ നഷ്ടപ്രതാപത്തിലേക്ക് ഒരു തിരിച്ചുപോക്ക് സാധ്യമാണോ 
 
സ്വന്തം വിയര്‍പ്പിന്റെ  ഫലമായുണ്ടാകുന്ന അരിമണിക്ക് പകരം വൈദേശിക രുചി വാങ്ങിത്തിന്നുന്ന സംസ്‌കാരമാണ് ഇന്ന് കേരളത്തിന്റേത്. ശുദ്ധജലവും കായ്കനികളും സ്വന്തമായിരുന്ന ആദിവാസികള്‍ക്ക് പോലും കുടിവെളളം വിലകൊടുത്തു വാങ്ങേണ്ടി വരുന്ന അവസ്ഥ. ആവശ്യത്തിന് പകരം ആര്‍ഭാടങ്ങളില്‍ മതിമറന്ന് ഒടുവില്‍ എല്ലാം നഷ്ടപ്പെട്ട് ആ വേദനയില്‍നിന്ന് അശരണരായ മനുഷ്യന് തിരിച്ചറിവ് ഉണ്ടാവും. ആ തിരിച്ചറിവ് തീര്‍ച്ചയായും കാര്‍ഷിക സമൃദ്ധിയിലേക്കുള്ള ഒരു മടങ്ങിപ്പോക്കായിരിക്കും. സ്വാര്‍ത്ഥ സിംഹാസനങ്ങളെ കടലെടുക്കുക തന്നെ ചെയ്യും.