Saturday 26th of May 2018

ഒട്ടും ലഘുവല്ലാത്ത ചരിത്രങ്ങള്‍

Category: Coverstory Published: Wednesday, 14 October 2015
 
ഭൂതകാലത്താല്‍ ആവേശിക്കപ്പെട്ടിരിക്കുന്നു ഞാന്‍. പറയപ്പെടാത്ത കഥകളാല്‍ അല്ലെങ്കില്‍ നന്നായി പറയാത്ത കഥകളാല്‍ ഞാന്‍ ആവേശിക്കപ്പെട്ടിരിക്കുന്നു. 
-മാര്‍ലന്‍ ജെയിംസ്
 
ഏഴു കൊലപാതകങ്ങളുടെ ലഘുചരിത്രം (A Brief History of Seven Killings) എന്നാണ് മാന്‍ ബുക്കര്‍ പുരസ്കാരം നേടിയ മാര്‍ലന്‍ ജോണ്‍സന്റെ കൃതിയുടെ പേര്. എന്നാല്‍ അതൊരിക്കലും ഒരു ലഘുചരിത്രമല്ല. പുസ്തകം അറുനൂറിലധികം പേജുകളില്‍ പരന്നുകിടക്കുന്നു എന്നതിനാല്‍ മാത്രമല്ല. ജമൈക്കയിലെ രാഷ്ട്രീയ അസ്ഥിരതയുടെയും അക്രമത്തിന്റെയും ദശകങ്ങളുടെ രക്തസ്നാതമായ ചരിത്രം പല പരിപ്രേക്ഷ്യങ്ങളിലൂടെ, ബഹുസ്വരമായ അനേകം ആഖ്യാനങ്ങളിലൂടെ പകരുന്നു എന്നതിനാല്‍ കൂടിയാണ് അത് പേരിലെ വിരുദ്ധോക്തിയെ മറികടന്ന് ബൃഹദ്ചരിത്രമാകുന്നത്. 1970-കള്‍ മുതല്‍ 80-കള്‍ വരെയുള്ള കാലത്തിലൂടെ ജമൈക്കയിലെ ഗാങ്ങ് അക്രമങ്ങള്‍, തോക്കുകളുടെ തെരുവുകളിലെ സര്‍വാധീശത്വം, രാഷ്ട്രീയാഴിമതി, ചേരിജീവിതങ്ങള്‍, 1976-ല്‍ ഇതിഹാസഗായകന്‍ ബോബ് മാര്‍ലിക്ക് നേരെയുണ്ടായ വധശ്രമം (ഗായകന്‍ എന്നു മാത്രമാണ് മാര്‍ലിയെ നോവലില്‍ പരാമര്‍ശിക്കുന്നത്) സി ഐ എ ഇടപെടലുകള്‍ ഇവയിലൂടെയെല്ലാം പരന്നൊഴുകുന്ന ആഖ്യാന സമൃദ്ധിയാണ് നോവലിന്റേത്. വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ അക്രമത്തിന്റെ സൗന്ദര്യശാസ്ത്രം അനുഭവിപ്പിക്കുന്ന ഈ ഇരുണ്ട ആഖ്യാനത്തെ കാണാതിരിക്കാന്‍ പുരസ്കാര സമിതിക്ക് കഴിയില്ലായിരുന്നു. അതിനാലാണ് ഇന്ത്യന്‍വംശജനായ സഞ്ജീവ് സുഹോത്തയുടെ ഏഷ്യയില്‍നിന്ന് ഇംഗ്ലണ്ടിലേക്കുള്ള കുടിയേറ്റത്തിന്റെ കഥ പറയുന്ന ദ ഇയര്‍ ഓഫ് ദ റണ്‍ എവേയെ മറികടന്ന് ഈ ജമൈക്കക്കാരന് ബുക്കര്‍ ലഭിച്ചത്. വിഖ്യാത ഹോളിവുഡ് സംവിധായകന്‍ ക്വന്റിന്‍ ടരാന്റിനോയുടെ സിനിമാവിഷ്കാരരീതിയോടാണ് ന്യൂയോര്‍ക്ക് ടൈംസ് ജെയിംസിന്റെ കഥപറച്ചിലിനെ താരതമ്യപ്പെടുത്തുന്നത്. 
മൂന്നു നോവലുകളാണ്  ബ്രീഫ് ഹിസ്റ്ററിയുള്‍പ്പെടെ 44കാരനായ ജെയിംസിന്റേതായി ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടത്. ജോണ്‍ ക്രോസ് ഡെവിള്‍ ആണ് ജെയിംസിന്റെ ആദ്യ നോവല്‍. ജെയിംസിന്റെ എഴുത്തുജീവിതം തനതുശൈലി സ്വീകരിക്കുന്നതിന്റെ ചെറുചലനങ്ങള്‍ അതില്‍തന്നെ കാണാം. മറ്റു ജമൈക്കന്‍, കരീബിയന്‍ എഴുത്തുകാരില്‍നിന്ന് മാറിനടക്കാനുള്ള ശ്രമവും ഈ ചെറുനോവലില്‍ തുടങ്ങുന്നു. ദ ബുക്ക് ഓഫ് നൈറ്റ് വുമണാണ് രണ്ടാമത്തെ നോവല്‍. അന്നുവരെയുണ്ടായ ജമൈക്കന്‍ നോവലുകളില്‍ ഏറ്റവും മികച്ചതായി കരുതപ്പെടുന്നു കഥപറച്ചിലിലും ഭാഷാശൈലിയിലും ഉന്നതശീര്‍ഷമായ അടിമത്തത്തിന്റെ ഈ ആഖ്യാനം. അദ്ദേഹത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്ത നോവലും ഇതാണ്. ബ്രീഫ് ഹിസ്റ്ററിയിലെത്തുമ്പോള്‍ അത് ഇരുണ്ടതും ക്രൂരവുമായ ദേശചരിത്രത്തെ, ഒരര്‍ഥത്തില്‍ മനുഷ്യചരിത്രത്തെതന്നെ ആവിഷ്കരിക്കുന്നതാവുന്നു. അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ലാത്ത കരീബിയന്‍ എഴുത്തിനെ പിന്തുടരാന്‍ കൂടി ജെയിംസിന്റെ ആഖ്യാനവൈഭവം നമ്മോട് ആവശ്യപ്പെടുന്നു.