Friday 18th of October 2019

കളക്ടേഴ്സ് സ്‌കൂള്‍: വേസ്റ്റ് ബിന്നുകള്‍ വിതരണം ചെയ്തു

Category: Alappuzha Published: Saturday, 05 October 2019
 
ആലപ്പുഴ: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കുന്നതിന്റെ ഭാഗമായി കളക്ടേഴ്സ് @ സ്‌കൂള്‍ പദ്ധതി പ്രകാരം കലവൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിച്ചു. പ്ലാസ്റ്റിക്ക് കവറുകള്‍, കട്ടികുറഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികള്‍, കട്ടിയുള്ള പ്ലാസ്റ്റിക്ക് കഷണങ്ങള്‍- കുപ്പികള്‍, പേപ്പറുകള്‍ എന്നിവ നിക്ഷേപിക്കുന്നതിനായി നാല് വേസ്റ്റ് ബിന്നുകളാണ് സ്‌കൂളില്‍ സ്ഥാപിച്ചത്. ശുചിത്വ ശീലങ്ങള്‍ കുട്ടികളിലേക്ക് പകരുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
 
വീടുകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഇത്തരത്തില്‍ ശേഖരിച്ച് സ്‌കൂളിലെ വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കും. എല്ലാ മാസവും ഒന്നാമത്തേയും മൂന്നാമത്തേയും ബുധനാഴ്ചകളിലാണ്് വിദ്യാര്‍ഥികള്‍ നാല് തരം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഹരിതകര്‍മ്മ സേനയുടേയോ പാഴ് വസ്തു വ്യാപാരികളുടേയൊ നേതൃത്വത്തില്‍ എല്ലാ മാസവും ഒന്നാമത്തേയും മൂന്നാമത്തേയും വ്യാഴാഴ്ചകളില്‍ സ്‌കൂളികളില്‍ നിന്നും ഇവ ശേഖരിക്കും. ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 
 
വേസറ്റ് ബിന്നുകളുടെ വിതരണവും പദ്ധിയുടെ ഉദ്ഘാടനവും ജില്ല കളക്ടര്‍ ഡോ.അദീല അബ്ദുള്ള നിര്‍വ്വഹിച്ചു. സ്‌കൂള്‍ എച്ച്്.എം. വിജയകുമാരി കെ.വി. അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ജയകുമാരി പി.വി., ഹരിതകേരളം മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ രാജേഷ് കെ.എസ്., ലോറന്‍സ്, ആര്‍. രഞ്ജിത്ത്, ജോജോ എസ്. ബൈജു, വി.വി. മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.