Wednesday 18th of September 2019

മടകെട്ടാന്‍ തോട്ടപ്പള്ളിയിലെ മണ്ണ്: നടപടികള്‍ക്ക് തുടക്കമായി

Category: Alappuzha Published: Thursday, 15 August 2019

ആലപ്പുഴ: കൈനകരിയിലെ കനകാശേരി, ആറുപങ്ക് പ്രദേശങ്ങളില്‍ മടവീണയിടങ്ങളില്‍ മണല്‍ചാക്കുകള്‍ നിറച്ച് മടകെട്ടുന്നതിനുള്ള നടപടികള്‍ തുടങ്ങി. തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്ന് ഇതിനാവശ്യമായ മണല്‍ എത്തിക്കാനാണ് തീരുമാനം. മല്‍സ്യതൊഴിലാളികളുടെയും പ്രദേശവാസികളുടെയും സഹകരണത്തോടെയാണ് ജില്ല ഭരണകൂടം ഇതിനാവശ്യമായ സംവിധാനമൊരുക്കുന്നത്.
കൈനകരിയില്‍ ബണ്ട് നിര്‍മാണത്തിന് 3,500 എം.ക്യൂബ് മണലാണ് ആവശ്യമായി വരിക. തോട്ടപ്പള്ളി ഹാര്‍ബറില്‍ നിന്നുള്ള മണല്‍ പുന്നമട ഫിനിഷിങ് പോയിന്റില്‍ ശേഖരിച്ച് ചാക്കുകളില്‍ നിറച്ചാകും കൈനകരിയിലേക്ക് എത്തിക്കുക. ബണ്ടുകള്‍ നിര്‍മിച്ച് വെള്ളം വറ്റിച്ചെങ്കില്‍ മാത്രമേ ക്യാമ്പുകളില്‍ നിന്ന് ജനങ്ങളെ നാട്ടിലേക്കു മടക്കിവിടാന്‍ പറ്റൂ. ഈ സാഹചര്യത്തിലാണ് ജില്ലയിലെ മന്ത്രിമാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇടപെട്ട് മണല്‍ച്ചാക്ക് സ്ഥാപിക്കാന്‍ ശ്രമം തുടങ്ങിയത്.
പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലത ജി. പണിക്കരുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുദ്യോഗസ്ഥര്‍ ഇന്നലെ വൈകിട്ടോടെ ഹാര്‍ബറിലെത്തിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമിദ്, ജില്ല പഞ്ചായത്തംഗം എ. ആര്‍. കണ്ണന്‍, ബ്ലോക്ക് പഞ്ചായത്തംഗം രാജേശ്വരി കൃഷ്ണന്‍, വാര്‍ഡംഗം ആരോമല്‍ എന്നിവരും സമീപവാസികളും ഹാര്‍ബറില്‍ സന്നിഹിതരായി. 
 
തോട്ടപ്പള്ളി പൊഴിമുറിക്കല്‍ വേഗത്തിലാക്കി; നീരൊഴുക്ക് ശക്തമായി
 
ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയ്ക്ക് പടിഞ്ഞാറ് പൊഴിമുറിക്കല്‍ വേഗത്തിലാക്കിയതോടെ കിഴക്കന്‍ വെള്ളത്തിന്റെ കടലിലേക്കുള്ള ഒഴുക്കിന് വേഗം കൂടി. നിലവിലുള്ള മൂന്നു ഹിറ്റാച്ചികള്‍ക്കു പുറമേ നാലെണ്ണം കൂടിയെത്തിച്ചാണ് പൊഴിമുറിക്കലിന് വേഗം കൂട്ടിയത്. ഇതിനു പുറമേ രണ്ടു ലോങറുകളും സ്ഥലത്തെത്തിച്ചിരുന്നു.
പൊഴിയുടെ തെക്കു ഭാഗത്തു രണ്ടും വടക്കുഭാഗത്തു നാലും ഹിറ്റാച്ചികളാണ് മണ്ണു നീക്കാന്‍ ഉപയോഗിക്കുന്നത്. മറ്റൊരെണ്ണം പൊഴി മുറിച്ച മണ്ണ് മാറ്റുന്നതിനുമാണ് ഉപയോഗിക്കുന്നത്. വേലിയിറക്കത്തിന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച വൈകിട്ടോടെ നീരൊഴിക്കും ശക്തമായിട്ടുണ്ട്. കുട്ടനാടന്‍ പ്രദേശത്തെ ജലനിരപ്പ് താഴുന്നതിന് ഇതു സഹായകമാകും.