Saturday 24th of August 2019

ദുരിതാശ്വാസക്യാമ്പുകളില്‍ മരുന്നെത്തിക്കാന്‍ പ്രത്യേക ക്രമീകരണമൊരുക്കി കെ എസ് ഡി പി

Category: Alappuzha Published: Tuesday, 13 August 2019
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളില്‍ ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കാന്‍ അടിയന്തിര പ്രാധാന്യത്തോടെ പ്രത്യേക ദൗത്യമെന്ന നിലയ്ക്ക് നടപടികള്‍ ആരംഭിച്ചതായി കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്(കെ എസ് ഡി പി ) ചെയര്‍മാന്‍ സി ബി ചന്ദ്രബാബു അറിയിച്ചു.മുഖ്യമന്ത്രിയുടെയും വ്യവസായ മന്ത്രിയുടെയും പ്രത്യേക നിര്‍ദേശപ്രകാരമാണ് കെ എസ് ഡി പി ദൗത്യമേറ്റെടുത്തത്.
ക്യാമ്പുകളിലേക്കാവശ്യമായ ആവശ്യമരുന്നുകളുടെ ആദ്യ ഘട്ട വിതരണം ആരംഭിച്ചുകഴിഞ്ഞു.വയനാട്,മലപ്പുറം,കണ്ണൂര്‍,കോഴിക്കോട്,തൃശൂര്‍ ജില്ലകളിലെ ക്യാമ്പുകളിലേക്ക് ആന്റി ബയോട്ടിക്ക്,ആന്റി അലര്‍ജിക്ക് ഔഷധങ്ങളും പനി,യൂറിനറി ഇന്‍ഫെക്ഷന്‍ എന്നിവയ്ക്കുള്ള മരുന്നുകളും ആലപ്പുഴ കെ എസ് ഡി പിയില്‍ നിന്നയച്ചു.ഓരോ ലോഡ് മരുന്നാണ് ആദ്യഘട്ടത്തില്‍ ഓരോ മേഖലയിലേക്കും എത്തിക്കുന്നത്. പാരാസെറ്റാമോള്‍ 50000 ടാബ് ലറ്റ്, അമോക്‌സിലിന്‍ 500 എം.ജി 5000,  
സിപ്രോ ഫ്‌ലെക്‌സാസിന്‍ 6000, സെട്രിസിന്‍5000, നോര്‍ഫ്‌ലേക്‌സാസിന്‍ 5000 എന്നിവ ഓരോ ജില്ലയ്ക്കും നല്‍കുന്ന മരുന്നുകളില്‍പ്പെടുന്നു. വരും ദിവസങ്ങളില്‍ മറ്റുജില്ലകളിലെ ക്യാംപുകളില്‍ മരുന്നെത്തിക്കും.സാധാരണ നിലയ്ക്കുള്ള മരുന്ന് വിതരണത്തിന് പുറമെയാണ് മഴക്കെടുതി കണക്കിലെടുത്തുള്ള പ്രത്യേക ക്രമീകരണം.കെ എസ് ഡി പി മാനേജിംഗ് ഡയറക്ടര്‍ എസ് ശ്യാമള,പ്രൊഡക്ഷന്‍ മാനേജര്‍ ടി ആര്‍ സന്തോഷ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായുള്ള പ്രത്യേക ക്രമീകരണം.