Saturday 24th of August 2019

പ്രളയാനന്തരം ഗതാഗത മേഖലയില്‍ ചെലവിടുന്നത് 218 കോടി രൂപ

Category: Alappuzha Published: Friday, 19 July 2019
  • 132 പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി
  • ആകെ 144 പ്രവൃത്തികള്‍
  • 12 പാലങ്ങളുടെ അററകുറ്റപ്പണി തീര്‍ത്തു
  • 375.5 കി.മീ റോഡ് നന്നാക്കി
  • 18 പ്രവൃത്തികള്‍ക്ക് 193 കോടി രൂപ
  • എ.സി. റോഡ് ആധുനീകരണത്തിന് 150 കോടി
 
ആലപ്പുഴ: മഹാപ്രളയത്തിന്റെ പാടുകള്‍ മായ്ക്കാനായി സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പുവഴി ജില്ലയില്‍ ചെലവഴിക്കുന്നത് 218 കോടി രൂപ. പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുന്നതിന് പദ്ധതിയേതര ഫണ്ടില്‍പ്പെടുത്തി അടിയന്തര ജോലികള്‍ക്കായി 25 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. ഇത് കൂടാതെ ദീര്‍ഘകാല പുനര്‍നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി 193 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
പ്രളയത്തില്‍ വെള്ളം നിന്ന് തകര്‍ന്ന റോഡുകള്‍, പാലങ്ങള്‍ എന്നിവയുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിന് ജില്ലയില്‍ 144 പ്രവര്‍ത്തികള്‍ക്കായാണ് 25 കോടി രൂപ വേഗത്തില്‍ സര്‍ക്കാര്‍ അനുവദിച്ചതും പ്രവര്‍ത്തികള്‍ വകുപ്പ് ഏറ്റെടുത്തതും. റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 23 കോടി രൂപയും പാലങ്ങളുടെ തകര്‍ന്ന കൈവരി, മറ്റ് അറ്റകുറ്റപ്പണികള്‍ എന്നിവയ്ക്കായി രണ്ട് കോടി രൂപയുമാണ് അനുവദിച്ചത്. ജില്ലയില്‍ പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി അടിയന്തരമായി ഏറ്റെടുത്ത 132 പ്രവര്‍ത്തികളും പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കി. 12 പാലങ്ങളുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രളയാനന്തരം ജില്ലയില്‍ 375.562 കിലോമീറ്റര്‍ റോഡുകളാണ് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചായരയോഗ്യമാക്കിയത്.   
ദീര്‍ഘകാല അടിസ്ഥാനത്തില്‍, പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ പൂര്‍ണമായ പുനര്‍നിര്‍മാണത്തിന് ജില്ലയില്‍ 18 പ്രവര്‍ത്തികളിലായി 193 കോടി രൂപയും വകുപ്പ് അനുവദിച്ചിട്ടുണ്ട്. പ്രളയത്തില്‍ മുങ്ങിപ്പോയ ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിന്റെ അത്യാധുനിക രീതിയിലുള്ള പുനര്‍നിര്‍മാണത്തിനായി പൊതുമരാമത്ത് വകുപ്പുമന്ത്രി ജി. സുധാകരന്‍ മുന്‍കൈയ്യെടുത്ത് 150 കോടി രൂപ പ്രത്യേകമായി അനുവദിപ്പിച്ചു. വലിയ തോതിലുള്ള ഈ പ്രവര്‍ത്തികള്‍ തുടങ്ങുന്നതിന് മുന്നോടിയായുള്ള പരിശോധനകള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. റോഡിന്റെ സര്‍വേ റിപ്പോര്‍ട്ട് പൊതുമരാമത്ത് വകുപ്പ് പരിശോധിച്ചുവരുന്നു. ഗതാഗത സര്‍വേയും ഇതോടൊപ്പം നടക്കുന്നുണ്ട്. പ്രളയത്തില്‍ റോഡ് മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് ദിവസങ്ങളോളം ആലപ്പുഴ - ചങ്ങനാശേരി റോഡ് ഗതാഗതം നിലച്ചിരുന്നു. പിന്നീട് മന്ത്രി നേരിട്ട് റോഡ് പരിശോധിക്കുകയും കെ.എസ്.ടി.പിയെക്കൊണ്ട് 11 കോടി രൂപയ്ക്ക് തകര്‍ന്ന ഉപരിതലം മികച്ച നിലവാരത്തില്‍ പുതുക്കുന്നതിന് നിര്‍ദേശിക്കുകയുമായിരുന്നു. റോഡിലെ വെള്ളം കയറിയ ചില ഭാഗങ്ങള്‍ ഉയര്‍ത്തിയ ശേഷമാണ് അടിയന്തരമായി ഈ പണികള്‍ പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കിയത്.