Thursday 23rd of May 2019

പോസ്റ്റല്‍ ബാലറ്റ് മാര്‍ഗനിര്‍ദേശങ്ങളായി

Category: Alappuzha Published: Wednesday, 10 April 2019
 
 
ആലപ്പുഴ :ലോകസഭ തിരഞ്ഞെടുപ്പിലെ പോസ്റ്റല്‍ ബാലറ്റ്, തിരഞ്ഞെടുപ്പ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടറെയും  നോഡല്‍ ഓഫീസറേയും ചുമതലപ്പെടുത്തി. 
 
സര്‍വീസ് വോട്ടര്‍മാരെ കൂടാതെ തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട പോലീസ്, ഫയര്‍ഫോഴ്സ്, ഹോം ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ട്. സ്വന്തം പാര്‍ലമെന്റ് മണ്ഡലത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് ജോലി കിട്ടിയവര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റും മറ്റുള്ളവര്‍ക്ക് പോസ്റ്റല്‍ ബാലറ്റുമാണ് നല്‍കേണ്ടത്. 
 
പരിശീലന കേന്ദ്രങ്ങളിലും ഏപ്രില്‍ 22ന് വിതരണ കേന്ദ്രങ്ങളിലും പോസ്റ്റല്‍ ബാലറ്റ് ലഭിച്ച പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി സഹായ കേന്ദ്രത്തില്‍ ഒരു പോളിംഗ് കേന്ദ്രവും ഒരുക്കണം. വോട്ടര്‍ സഹായ കേന്ദ്രങ്ങളെകുറിച്ചും പരിശീലന-വിതരണ കേന്ദ്രങ്ങളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനെകുറിച്ചും രാഷ്ട്രീയ പാര്‍ട്ടികളെ രേഖാമൂലം അറിയിക്കണം. 
 
ഓരോ വരണാധികാരിയും അവര്‍ക്ക് ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ അടങ്ങിയ കവറുകള്‍ പ്രത്യേകം തയ്യാറാക്കിയ സംരക്ഷണ മുറിയില്‍ സൂക്ഷിക്കേണ്ടതാണ്. പോസ്റ്റല്‍ ബാലറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് രഹസ്യ സ്വഭാവം നഷ്ടപ്പെടാതെ വോട്ട് ചെയ്യാന്‍ വേണ്ട സൗകര്യം ഉറപ്പ് വരുത്തേണ്ടതാണ്. പോസ്റ്റല്‍ ബാലറ്റ് വോട്ടിംഗ് സംബന്ധിച്ച മുഴുവന്‍ നടപടിക്രമങ്ങളും വീഡിയോഗ്രാഫി ചെയ്യണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. 
 
വിതരണ കേന്ദ്രത്തില്‍ വിതരണം ചെയ്യാന്‍ കഴിയാതെ വരുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിനു ശേഷം രജിസ്റ്റേര്‍ഡ് തപാലായി അയക്കണം. പരിശീലന വേളയിലല്ലാതെ തപാല്‍ മാര്‍ഗ്ഗമോ നേരിട്ടോ അപേക്ഷ സമര്‍പിക്കുന്നവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് തപാല്‍ മാര്‍ഗം അയച്ചു കൊടുക്കണമെന്നും നിര്‍ദേശമുണ്ട്.