Saturday 19th of January 2019

ലൈഫ് മിഷന്‍ പദ്ധതി: ആദ്യ ഗഡു ജില്ലയില്‍ വിതരണം ചെയ്തു

Category: Alappuzha Published: Friday, 11 January 2019
ആലപ്പുഴ: ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഭൂമിയുള്ള ഭവനരഹിതരുടെ ഭവനനിര്‍മ്മാണത്തിന് ഹഡ്‌കോയില്‍ നിന്നും ലഭിച്ച വായ്പ തുകയുടെ ആദ്യ ഗഡു ജില്ലയില്‍ വിതരണം ചെയ്തു. 52 കോടി രൂപയാണ് ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ ഗുണഭോക്താക്കള്‍ക്കായി ഹഡ്‌കോ വായ്പയിനത്തില്‍ വിതരണം ചെയ്തത്. ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ വനനിര്‍മ്മാണത്തിനായി ഹഡ്‌കോയില്‍ നിന്നും 4000 കോടി രൂപയുടെ വായ്പ കേരളത്തിന് അനുവദിച്ചിരുന്നു. അതിന്റെ ഒന്നാം ഗഡുവായി 375 കോടി രൂപയാണ് ലഭിച്ചത്.അതില്‍ 52 കോടി രൂപയും ആലപ്പുഴ ജില്ലയ്ക്കാണ് ലഭിച്ചത്. കരാറൊപ്പിട്ട് ആദ്യ ഗഡു കൈപ്പറ്റിയ ഗുണഭോക്താക്കള്‍ വീട് നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയതിനാലാണ് വായ്പയുടെ ആദ്യ ഗഡു ജില്ലയില്‍ ലഭിച്ചത്. വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ലൈഫ് മിഷന്‍ പദ്ധതി പൂര്‍ണ്ണ വിജയമാക്കുന്നതിന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു വരികയാണ്.
 
ലൈഫ് മിഷന്റെ ഒന്നാംഘട്ടത്തില്‍  പൂര്‍ത്തീകരിക്കാത്ത 2831 ഭവനങ്ങളില്‍ 2606 എണ്ണം പൂര്‍ത്തിയായിരുന്നു. ബാക്കി 225 വീടുകള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. രണ്ടാംഘട്ടത്തില്‍ അര്‍ഹരായ 10474 എണ്ണം ഗുണഭോക്താക്കളില്‍ 8057 എണ്ണം കരാര്‍ വെച്ച് ഭവനനിര്‍മ്മാണം ആരംഭിച്ചു. ഗ്രാമബ്ലോക്ക്ജില്ല പഞ്ചായത്തുകള്‍ പദ്ധതി വിഹിതത്തില്‍ നിന്നും നീക്കിവച്ചിരുന്ന 20 ശതമാനം തുക ഉപയോഗിച്ചാണ് ആദ്യ ഗഡു വിതരണം ചെയ്തത്. 
 
ആദ്യ ഗഡു ലഭിച്ച് നിര്‍മ്മാണം ആരംഭിച്ച് ഗുണഭോക്താക്കള്‍ക്ക് തുടര്‍ ഗഡുക്കള്‍ നല്‍കുന്നതിനാണ് ഹഡ്‌കോ വായ്പ അനുവദിച്ചത്. ആരംഭിച്ച 7234 വീടുകളില്‍ 100 വീടുകള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ 15 വീടുകള്‍ കുടുംബശ്രീ ഭവനനിര്‍മ്മാണ യൂണിറ്റുകള്‍ നിര്‍മ്മിച്ചു നല്കി. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഓരോ വീടിലും 90 തൊഴില്‍ദിനങ്ങളും 21 ഗ്രാമപഞ്ചായത്തുകളില്‍ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ നിര്‍മ്മിച്ച് നല്‍കുകയും ചെയ്തിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് ഏറ്റെടുക്കുക. ആദ്യ ഘട്ടത്തില്‍ ഭവനസമുച്ചയങ്ങള്‍ നിര്‍മ്മിച്ച് ഭൂരഹിതരെ പുനരധിവസിപ്പിച്ച് ജീവനോപാധികള്‍ കൂടി ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ആലപ്പുഴ നഗരസഭയുടെ ഉടമസ്ഥതയില്‍ പറവൂരുള്ള രണ്ടേ കാല്‍ ഏക്കര്‍ ഭൂമി ഭവനസമുച്ചയം നിര്‍മ്മിക്കുന്നതിനായി വിട്ടുനല്‍കിയിട്ടുണ്ട്. സര്‍വ്വെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.