Sunday 18th of November 2018

യശോദയും മാളുവും ഇനി മണിയനും വര്‍ഗീസിനും സ്വന്തം

Category: Alappuzha Published: Wednesday, 17 October 2018
ആലപ്പുഴ:  പ്രളയത്തില്‍ പശുക്കള്‍ നഷ്ടപ്പെട്ട മണിയനും വര്‍ഗീസിനും ഇനി യശോദയും മാളുവും ഉപജീവന മാര്‍ഗമാകും. ഇവരുള്‍പ്പെടെ അഞ്ച് പേര്‍ക്ക് സബ് കളക്ടര്‍ വി.ആര്‍ കൃഷ്ണതേജയുടെ നേതൃത്വത്തിലുള്ള 'അയാം ഫോര്‍ ആലപ്പി' ക്യാമ്പയിനിന്റെ ഭാഗമായുള്ള 'ഡോണേറ്റ് എ കാറ്റില്‍' പദ്ധതി പ്രകാരം പശുക്കളെ നല്‍കി.
 
രാമങ്കരി മൃഗസംരക്ഷണ ഓഫീസ് അങ്കണത്തിലായിരുന്നു പശുദാനം. ആദ്യ ഘട്ടത്തില്‍ 139 പശൂക്കളെയാണ് ക്ഷീരകര്‍ഷകര്‍ക്കായി വിതരണം ചെയ്യുന്നത്. രണ്ടാം ഘട്ടത്തിലെ ആദ്യ വിതരണമാണ് ഇന്നലെ നടന്നത്. ടി.എന്‍ പുരുഷന്‍, വര്‍ഗീസ് ദേവസ്യ , ചന്ദ്രമതി, കനകപ്പന്‍, മണിയന്‍ എന്നിവര്‍ക്കാണ് പശുക്കളെ ലഭിച്ചത്. ഇതില്‍ ചന്ദ്രമതിക്ക് ലഭിച്ച പശു പൂര്‍ണ ഗര്‍ഭിണിയാണ്. സബ് കളക്ടറുടെ സുഹൃത്തുക്കളായ നവീന്‍, ശങ്കര്‍, അഭയ ഫൗണ്ടേഷന്‍ എന്നിവര്‍ ഒന്നുവീതവും, തെലുങ്കാനയിലെ റൂറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി രണ്ടുപശുക്കളെ വീതവും സംഭാവന ചെയ്തു. അഭയ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ബാലചന്ദ്ര ചടങ്ങിനെത്തിയിരുന്നു.