Sunday 18th of November 2018

ചെങ്ങന്നൂര്‍ ഗവ.ബോയ്സ് ഹൈസ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും തപാല്‍ അക്കൗണ്ട്

Category: Alappuzha Published: Wednesday, 17 October 2018
 
ആലപ്പുഴ: കുട്ടികളില്‍ സമ്പാദ്യ ശീലം വളര്‍ത്തുന്നതിനായി വേറിട്ട പദ്ധതിയുമായി ചെങ്ങന്നൂര്‍ ഗവ.ബോയ്സ് ഹൈസ്‌കൂള്‍. തപാല്‍ വകുപ്പുമായി ചേര്‍ന്ന് സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പോസ്റ്റല്‍ അക്കൗണ്ട് തുടങ്ങുന്ന പദ്ധതിയാണ് ചെങ്ങന്നൂര്‍ ഗവ.ബോയ്സ് സ്‌കൂളില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. സ്‌കൂള്‍ മാനേജ്മെന്റ് കമ്മറ്റിയാണ് പദ്ധതിയുടെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്.
 
എല്ലാവര്‍ക്കും തപാല്‍വകുപ്പിന്റെ എ.ടി.എം കാര്‍ഡുകളും വിതരണം ചെയ്യും. 50 രൂപ നല്‍കി കുട്ടികള്‍ക്ക് അക്കൗണ്ട് ആരംഭിക്കാം. പിന്നീട് 10 രൂപയോ അതിന് മുകളിലുള്ള തുകയോ അടക്കാം. ഇതിനായി തപാല്‍ വകുപ്പിന്റെ കൗണ്ടര്‍ ആഴ്ചയില്‍ ഒരിക്കല്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കും. ഇവിടെയോ പോസ്റ്റ് ഓഫീസില്‍ നേരിട്ടോ പണം അടയ്ക്കാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ആവശ്യമുള്ളപ്പോള്‍ പണം പിന്‍വലിക്കാനും സാധിക്കും. ബോയ്‌സ് സ്‌കൂളിന് സമീപത്തെ ഗവ.ഗേള്‍സ് ഹൈസ്‌കൂളിനെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 
ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍മാന്‍ ജോണ്‍ മുളങ്കാട്ടില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പാസ്ബുക്കുകളുടെ വിതരണം തപാല്‍വകുപ്പ് തിരുവല്ല ഡിവിഷന്‍ സൂപ്രണ്ട് റ്റി.എ വിജയമ്മ നിര്‍വ്വഹിച്ചു. ചെങ്ങന്നൂരിലെ വിവിധ സന്നദ്ധ സംഘടനകളുടേയും പ്രമുഖ വ്യക്തികളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാകുന്നത്. ലൈബ്രറി വികസനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന അമ്മയ്ക്ക് ഒരു പുസ്തകം പദ്ധതി ഉദ്ഘാടനവും യൂണിഫോം വിതരണവും നഗരസഭ കൗണ്‍സിലര്‍ സുജാ ജോണും എ.ഇ.ഒ കെ.ബിന്ധുവും നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജ്മെന്റ് കമ്മറ്റി ചെയര്‍മാന്‍ എം.വിജയന്‍ ആമുഖ പ്രഭാഷണം നടത്തി.   
 
വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍  സി.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.  മുന്‍ വൈസ് ചെയര്‍മാന്‍ കെ.കെ.രാജേന്ദ്രന്‍,നഗരസഭ മുന്‍ ചെയര്‍പേഴ്സണ്‍ സുജ ജോണ്‍, കനിവ് സംഘടന ചെയര്‍മാന്‍ സജിവര്‍ഗീസ്, ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ പി.ട.എ പ്രസിഡന്റ് സിബി സുനില്‍, മുതിര്‍ന്ന അധ്യാപകന്‍ കെ.കെ.സദാനന്ദന്‍, ബോയിസ് ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഷീലാ.കെ.ദാസ്, അധ്യാപകന്‍ ടി.പി.പ്രസാദ് സംസാരിച്ചു.