Thursday 21st of March 2019

ദുരിതക്കാഴ്ചകള്‍ കണ്ട് കേന്ദ്രസംഘം

Category: Alappuzha Published: Thursday, 09 August 2018
ആലപ്പുഴ: ജില്ലയില്‍ കുട്ടനാട്, അമ്പലപ്പുഴ, ചെങ്ങന്നൂര്‍ താലൂക്കുകളിലെ പ്രളയക്കെടുതിയിലമര്‍ന്ന പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി കേന്ദ്ര സംഘം. ഇന്നലെ രാവിലെ അരൂരില്‍ ജില്ല കളക്ടര്‍ എസ്. സുഹാസിന്റെ നേതൃത്വത്തില്‍ കേന്ദ്രസംഘത്തെ സ്വീകരിച്ചു. തുടര്‍ന്ന് ഗസ്റ്റ് ഹൗസിലെത്തിയ സംഘത്തോട് ജില്ലയുടെ പൊതു സ്വഭാവവും ഇത്തവണത്തെ വെള്ളപ്പൊക്കത്തിന്റെ തീവ്രതയും സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു.  
         കേന്ദ്ര ആഭ്യന്തര വകുപ്പ് ജോയിന്റ് സെകട്ടറി എ. വി. ധര്‍മ്മ റഡ്ഡി നയിച്ച നാലംഗ സംഘമാണ് കുട്ടനാട് സന്ദര്‍ശിച്ചത്. കേന്ദ്ര ഊര്‍ജമന്ത്രാലയം ഇലക്ട്രിസിറ്റി അതോറിട്ടി ഡെപ്യൂട്ടി ഡയറക്ടര്‍ നഴ്‌സിറാം മീണ, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍ ഡയറക്ടര്‍ ആര്‍.തങ്കമണി, റൂറല്‍ ഡവലപ്‌മെന്റ് മന്ത്രാലയം അസിസ്റ്റന്റ് ഡയറകട്ര്‍ ചാഹത്ത് സിങ് എന്നിവരായിരുന്നു സംഘാംഗങ്ങള്‍. കുട്ടനാട് എം.എല്‍.എ. തോമസ് ചാണ്ടി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ല കളക്ടര്‍ എസ്. സുഹാസ്, മറ്റ് വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംഘത്തെ അനുഗമിച്ചു.  
  ഭാവിയില്‍ വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് ബയോടോയ്‌ലറ്റ് ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ നേരത്ത സജ്ജമാക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്ര സംഘം ഗസ്റ്റ് ഹൗസില്‍ അഭിപ്രായപ്പെട്ടു. ഫിനിഷിങ് പോയിന്റ് ജട്ടിയില്‍ നിന്ന് ബോട്ടിലായിരുന്നു സന്ദര്‍ശനം ആരംഭിച്ചത്. കുപ്പപ്പുറം ക്യാമ്പിലെത്തി വെള്ളം കയറിയ ഭാഗങ്ങള്‍ കണ്ടു. അല്‍പ്പസമയം അന്തേവാസികളോടൊപ്പം ചെലവഴിച്ച കേന്ദ്ര സംഘം ബയോ ടോയ്‌ലറ്റുകള്‍ പരിശോധിച്ചു. 
  പൊഴികളെക്കുറിച്ചും കുട്ടനാട്ടിലെ കൃഷിരീതിയുടെ പ്രത്യേകതയും ചോദിച്ചറിഞ്ഞു. കുപ്പപ്പുറത്ത് നിന്ന് ഉമ്പിക്കാരം ജട്ടിയിലേക്കാണ് പിന്നീട് പോയത്. ഉമ്പിക്കാരം ജെട്ടിയില്‍ നിന്ന് പ്രത്യേകം തയ്യാറാക്കിയ തോണിയില്‍ മട വീണ ഭാഗം കാണാനായി സംഘത്തിലുള്ളവര്‍ ഇറങ്ങിയെങ്കിലും കനത്ത മഴയും കാറ്റും പ്രതികൂല കാലാവസ്ഥയെയും തുടര്‍ന്ന് തോണിയാത്ര ഒഴിവാക്കി. എന്നാല്‍ മഴ ശമിച്ചതോടെ അടിയന്തരമായി തയ്യാറാക്കിയ സ്പീഡ് ബോട്ടില്‍ കേന്ദ്ര സംഘം കനകശ്ശേരിയില്‍ മട വീണ ഭാഗങ്ങള്‍ കാണാനായി നീങ്ങി. പതിനഞ്ച് മിനിട്ടോളം സ്പീഡ് ബോട്ടില്‍ യാത്ര ചെയ്ത സംഘം മഴക്കെടുതിയുടെ അതിരൂക്ഷമായ ഭാവം കണ്ടാണ് മടങ്ങിയത്. ബോട്ടില്‍ യാത്ര ചെയ്യുമ്പോള്‍ തന്നെ കൈനകരി കുടുംബക്ഷേമ ഉപകേന്ദ്രം വെള്ളത്തില്‍ ചുറ്റപ്പെട്ടത് എം.എല്‍.എ.യും ജില്ല കളക്ടറും ചൂണ്ടിക്കാട്ടി.
     കുട്ടമംഗലം മൃഗാശുപത്രിക്ക് സമീപം ബോട്ട് ജെട്ടിയില്‍ കന്നുകാലികള്‍ക്ക് അഭയം ഒരുക്കിയത് സംഘം നേരിട്ടുകണ്ടു. വെള്ളത്താല്‍ ചുറ്റപ്പെട്ട കൈനകരി വില്ലേജ് ഓഫീസിലൂടെ ആളുകള്‍ നീന്തി നീങ്ങുന്നതും കാണിച്ചു. കൈനകരിയിലെ ദുരിത പ്രദേശങ്ങള്‍ കാണുന്നതിനിടയില്‍  ഇത്തരം ദുരന്തങ്ങള്‍ കുട്ടനാട്ടില്‍ വര്‍ഷം തോറും ആവര്‍ത്തിക്കുന്നതായും ശാശ്വത പരിഹാരമാണ് കുട്ടനാടിന് വേണ്ടതെന്നും ശ്രദ്ധയില്‍പ്പെടുത്തി. മടകെട്ടി വെള്ളം വറ്റിക്കുന്നതും സംഘത്തിന് നേരിട്ട് കാണാനായി.  
         ഉച്ചയ്ക്ക് ഒന്നിന് നെടുമുടി ജെട്ടിയില്‍ ഇറങ്ങിയ സംഘം റോഡ് മാര്‍ഗമായിരുന്നു പിന്നീടുള്ള യാത്ര. എ.സി.റോഡ് വഴി നീങ്ങിയ സംഘം വെള്ളത്തില്‍ മുങ്ങി നാശത്തിലായ റോഡ് കണ്ടു. തുടര്‍ന്ന് അമ്പലപ്പുഴയിലെ കടല്‍ക്ഷോഭം നേരിട്ട ഭാഗത്തേക്ക് യാത്ര തിരിച്ചു. പരമാവധി കേന്ദ്ര സഹായം ലഭിക്കാന്‍ സഹായകരമായ വിധം ഏറ്റവും നാശനഷ്ടമുണ്ടായ ഭാഗങ്ങള്‍ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായി കളക്ടര്‍ പറഞ്ഞു.  വെള്ളം കയറിയ കുട്ടനാട്ടിലെ അമ്പതോളം പാടശേഖരങ്ങള്‍ കണ്ടു. വെള്ളത്തില്‍ മുങ്ങിയ അഞ്ഞൂറോളം വീടുകളും കാണിച്ചതായി സംഘത്തോടൊപ്പം മുഴുവന്‍ സമയവുമുണ്ടായിരുന്ന കളക്ടര്‍ പറഞ്ഞു. സംഘത്തിന്റെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നല്‍കാന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. 
     എ.സി. റോഡില്‍ വെള്ളം പമ്പ് ചെയ്ത് നീക്കുന്നത് തുടരുന്നതായും രണ്ട് ദിവസത്തിനുള്ളില്‍ ഗതാഗതം പുനഃസ്ഥാപിക്കാനാവുമെന്നും ജില്ല കളക്ടര്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. തുടര്‍ന്ന് സംഘം വളഞ്ഞ വഴി, നീര്‍ക്കുന്നം എന്നിവിടങ്ങളിലെ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകളും തീരവും കണ്ടു. ഇവിടെ നിന്ന് അപ്പര്‍കുട്ടനാട്ടിലെ മഴക്കെടുതികള്‍ കാണാനായി യാത്രതിരിച്ചു. ചെങ്ങന്നൂര്‍ താലൂക്കിലെ മാന്നാര്‍ പഞ്ചായത്തിലുള്ള വിഷവര്‍ശ്ശേരിക്കര ഉള്‍പ്പടെയുള്ള ഉള്‍പ്രദേശങ്ങളിലൂടെ സഞ്ചരിച്ച സംഘം പൂര്‍ണമായും വെള്ളത്തിലായ വലിയ പാടശേഖരങ്ങളും തകര്‍ന്ന റോഡുകളും കണ്ട് വൈകിട്ട് അഞ്ച് മണിയോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി യാത്രയായി. മാന്നാര്‍ പഞ്ചായത്തിലെ ജനപ്രതിനിധികളുമായി അല്‍പ്പനേരം ചെലവഴിക്കുകയും ചെയ്തു.