Monday 17th of December 2018

വള്ളംകളി രജിസ്‌ട്രേഷന്‍ ഇന്ന് തുടങ്ങും

Category: Alappuzha Published: Monday, 16 July 2018
ആലപ്പുഴ: ഓഗസ്റ്റ് 11ന് പുന്നമടക്കായലില്‍ അരങ്ങേറുന്ന 66-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കുള്ള വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ ഇന്ന് തുടങ്ങും. ജൂലൈ 25 വരെ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ ആലപ്പുഴ റവന്യു ഡിവിഷണല്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാം. വള്ളങ്ങളും ക്ലബുടമകളും ഈ സമയത്തിനകം നിശ്ചിത ഫീസടച്ച് രജിസ്‌ട്രേഷ്ന്‍ നടത്തണം. രജിസ്‌ട്രേഷന്‍ ഫോറം ഓഫീസില്‍ ലഭിക്കും.
      മല്‍സരത്തില്‍ പങ്കെടുക്കുന്ന ചുണ്ടന്‍ വള്ളങ്ങളിലെ എല്ലാ തുഴച്ചില്‍കാരുടെയും പട്ടികയും, പാസ്‌പോര്‍ട്ട് വലിപ്പമുള്ള രണ്ടു ചിത്രങ്ങള്‍, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കണം. ഇവ ഹാജരാക്കാത്ത വള്ളങ്ങളുടെ രജിസ്‌ട്രേഷന്‍ അനുവദിക്കില്ല. 
 
ടിക്കറ്റ് വാങ്ങാം
നെഹ്‌റു ട്രോഫി വള്ളംകളിക്കായുള്ള ടിക്കറ്റുകള്‍ ജില്ലയില്‍ പരമാവധി ഇടങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് എന്‍.ടി.ബി.ആര്‍. സൊസൈറ്റി സെക്രട്ടറിയായി സബ് കളക്ടര്‍ വി. ആര്‍. കൃഷ്ണതേജ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴിയും ഡിടിപിസി ഓഫീസ് വഴിയും ടിക്കറ്റ് ലഭ്യമാണ്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, കൊല്ലം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കളക്ടറേറ്റ് വഴിയും ഡി.ടി.പി.സി., കോമേഴ്‌സല്‍  ടാക്‌സസ്, ആര്‍.ടി.ഒ. ഓഫീസുകള്‍ വഴിയും ടിക്കറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. 
    ടിക്കറ്റ് നിരക്ക് ഇനിപ്പറയുന്നു: ടൂറിസ്റ്റ് ഗോള്‍ഡ് (ഒരാള്‍ക്ക് പ്രവേശനം) 3,000 രൂപ,  ടൂറിസ്റ്റ് സില്‍വര്‍ (ഒരാള്‍ക്ക് പ്രവേശനം) 2,000 രൂപ, റോസ് കോര്‍ണര്‍ (രണ്ടു പേര്‍ക്ക് പ്രവേശനം) 1,000 രൂപ, റോസ് കോര്‍ണര്‍ (ഒരാള്‍ക്ക് പ്രവേശനം) 600 രൂപ, വിക്ടറി ലെയിന്‍ (ഒരാള്‍ക്ക് പ്രവേശനം) 400 രൂപ, ഓള്‍ വ്യൂ (ഒരാള്‍ക്ക് പ്രവേശനം) 300 രൂപ, ലെയ്ക്ക് വ്യൂ ഗോള്‍ഡ് (ഒരാള്‍ക്ക് പ്രവേശനം) 200 രൂപ, ലോണ്‍ (ഒരാള്‍ക്ക് പ്രവേശനം) 100 രൂപ. ടിക്കറ്റിന് മുന്‍വശത്ത് ഹോളോഗ്രാം മുദ്രയും പുറകുവശത്ത് എന്‍.ടി.ബി.ആര്‍. സൊസൈറ്റിയുടെ സീലും പതിച്ചിട്ടുണ്ടെന്ന് വാങ്ങുന്നവര്‍ ഉറപ്പാക്കണമെന്ന് എന്‍.ടി.ബി.ആര്‍ സെക്രട്ടറി അറിയിച്ചു.