Saturday 18th of August 2018

അസാപ് വിദ്യാര്‍ഥികള്‍ കളക്ടറോടൊപ്പം

Category: Alappuzha Published: Monday, 16 July 2018
ആലപ്പുഴ: രാജ്യാന്തര യുവജന നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി അസാപ് അമ്പലപ്പുഴ നൈപുണ്യ വികസന കേന്ദ്രം ജില്ല കളക്ടറുമായി വിദ്യാര്‍ത്ഥികളുടെ സംവാദം സംഘടിപ്പിച്ചു. ജില്ല കളക്ടര്‍ എസ്. സുഹാസിന്റെ ചേമ്പറില്‍ നടന്ന സംവാദത്തില്‍ നാലു സ്‌കുളുകളില്‍ നിന്നായി തിരഞ്ഞെടുത്ത 15 കുട്ടികള്‍ പങ്കെടുത്തു. 
   അസാപ് പരിശീലനം നിങ്ങള്‍ക്ക് പ്രയോജനകരമാണോ എന്ന കളക്ടറുടെ ചോദ്യത്തിന് അതേ എന്ന് കുട്ടികള്‍ ഒന്നടങ്കം ഉത്തരം പറഞ്ഞു. കൂടുതല്‍ ആത്മവിശ്വാസത്തോടെ സംസാരിക്കാനും പ്രവര്‍ത്തിക്കാനും ഇപ്പോള്‍ കളക്ടര്‍ക്കു മുന്നില്‍ വരാന്‍ അവസരം ലഭിച്ചത് അസാപ്  വഴിയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഐ.എ.എസ്. എടുക്കാന്‍ തീരുമാനിച്ചത് എങ്ങനെയാണെന്ന ചോദ്യത്തിന് കളക്ടര്‍ വിശദമായിത്തന്നെ മറുപടി പറഞ്ഞു. എഞ്ചിനീയറിങ്ങ് ബിരുദധാരിയായ താന്‍ ഐ.റ്റി. മേഖലയില്‍ ജോലി ചെയ്യുകയായിരുന്നു. ഐ.എഫ്.എസ്. ഓഫീസറായ തന്റെ പിതാവിന്റെ പ്രേരണയാണ് ഈ മേഖലയിലേക്ക് തിരിയാന്‍ ഇടയായത്. മാതാപിതാക്കളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതോടൊപ്പം ഓരോരുത്തരും തങ്ങളുടെ കഴിവും താല്‍പര്യവും അനുസരിച്ച് കരിയര്‍ തിരഞ്ഞെടുക്കുന്നതാണ് കൂടുതല്‍ അഭികാമ്യമെന്ന് കളക്ടര്‍ പറഞ്ഞു.
        കളക്ടറെന്ന നിലയില്‍  ഔദ്യോഗിക ജീവിതത്തില്‍ ഏറ്റവുമധികം സംതൃപ്തി തോന്നിയ ഒരു സന്ദര്‍ഭം ഏതെന്ന ചോദ്യത്തിന് വയനാട്ടിലെ ആദിവാസി ക്ഷേമത്തിനായുള്ള ചില പ്രവര്‍ത്തങ്ങളില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതാണ് കൂടുതല്‍ സംതൃപ്തി നല്‍കിയതെന്നായിരുന്നു മറുപടി. തുടര്‍ന്ന് അസാപിലൂടെ വിദ്യാര്‍ത്ഥികള്‍ക്കുണ്ടായ ഇംഗ്ലീഷ് ഭാഷ ശേഷിയിലും, കമ്പ്യൂട്ടര്‍ പരിജ്ഞാനത്തിലും, വ്യക്തിത്വ വികസനത്തിലും ഉണ്ടായ ഗുണപരമായ മാറ്റം കളക്ടര്‍ ചോദിച്ചറിഞ്ഞു. ആത്മവിശ്വാസവും അര്‍പ്പണ മനോഭാവവും കൈമുതലാക്കി കഠിന പ്രയത്‌നം ചെയ്ത് എല്ലാവരും മിടുക്കരാകട്ടെയെന്ന് കളക്ടര്‍ ആശംസിച്ചു.
    പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അസാപ് വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച വിത്തു പേനയും കുട്ടികളിലൊരാള്‍ വരച്ച കളക്ടറുടെ രേഖാചിത്രവും അദ്ദേഹത്തിന് സമ്മാനിച്ച് കൂടുതല്‍ ആത്മവിശ്വാസത്തോടെയാണ് കുട്ടികള്‍ കളക്ടറേറ്റിന്റെ പടിയിറങ്ങിയത്. നാലു ഹയര്‍ സെക്കന്ററി സ്‌കൂളുകളിലേയും അസാപ് കോര്‍ഡിനേറ്റര്‍മാരായ അധ്യാപകര്‍ സന്നിഹിതരായിരുന്ന സംവാദത്തിന് അസാപ് അമ്പലപ്പുഴ പ്രോഗ്രാം മാനേജര്‍ ഇന്‍ ചാര്‍ജ് കവിത ഉണ്ണിക്കൃഷ്ണന്‍ അസാപ് നൈപുണ്യ വികസന പരിശീലകര്‍ക്കൊപ്പം നേതൃത്വം നല്‍കി.