Sunday 21st of April 2019

ലൈഫ് പദ്ധതി: ജില്ലാപഞ്ചായത്ത് വിഹിതം വിതരണം

Category: Alappuzha Published: Wednesday, 11 July 2018
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകളിലെ ഭവന രഹിതരായ ഗുണഭോക്താക്കള്‍ക്ക് ധനസഹായംഅനുവദിക്കുന്നതിനായുള്ള ജില്ലാപഞ്ചായത്ത് നല്‍കുന്ന വിഹിതത്തിന്റെ ആദ്യഗഡുവായി 3,76,27,202 രൂപ വിതരണം ചെയ്തു. ഇതില്‍ 3,35,25,466 രൂപ ജനറല്‍ വിഭാഗത്തിലും 41,01,736 രൂപ പട്ടികജാതി വിഭാഗത്തിലുമായാണ് വിതരണംചെയ്തത്. അപേക്ഷയും അനുബന്ധ രേഖകളും ഹാജരാക്കിയ 33 ഗ്രാമപഞ്ചായത്തുകള്‍ക്കായാണ് ജനറല്‍ വിഭാഗം തുക കൈമാറിയത്. പട്ടികജാതിവിഭാഗത്തിലെ വിഹിതം 10 ഗ്രാമപഞ്ചായത്തുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഈ വര്‍ഷംജില്ലാപഞ്ചായത്തിന്റെ ബജറ്റ് വിഹിതത്തില്‍ നിന്നും 11 കോടിയലധികം രൂപ ഭവനപദ്ധതികള്‍ക്കായി നീക്കിവെച്ചിട്ടുണ്ട്. രേഖകള്‍ ഹാജരാക്കുവാനുള്ള പഞ്ചായത്തുകള്‍ആയത് ലഭ്യമാക്കിയാല്‍ ഉടന്‍ തന്നെ ജില്ലാപഞ്ചായത്ത് വിഹിതം അനുവദിക്കുമെന്ന്  ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍പറഞ്ഞു. 
 
201819 വാര്‍ഷിക പദ്ധതിയില്‍ ഭവന പദ്ധതികള്‍ക്ക് മുന്തിയപരിഗണനയാണ് നല്‍കിയിട്ടുള്ളത്. ഓരോ ഗ്രാമപഞ്ചായത്തിലേയും ലൈഫ് ഭവനപദ്ധതി ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അര്‍ഹരായ എല്ലാഗുണഭോക്താക്കള്‍ക്കും വീട് നിര്‍മ്മിക്കുവാന്‍ ഓരോ ഗുണഭോക്താവിനും 4 ലക്ഷം രൂപാ വീതമാണ് ഗ്രാമപഞ്ചായത്തുകള്‍ നല്‍കുന്നത്. ഇതിനുള്ള ജില്ലാപഞ്ചായത്ത് വിഹിതമാണ് അനുവദിച്ചിട്ടുള്ളത്. ഓരോ പഞ്ചായത്തിലേയും ഗുണഭോക്താക്കളുടെഎണ്ണത്തിന് ആനുപാതികമായാണ് ജില്ലാപഞ്ചായത്ത് വിഹിതം അനുവദിച്ചിട്ടുള്ളത്. കൂടുതല്‍ തുക കണ്ടെത്തി ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുവദിക്കുന്നതിനുള്ള പരിശ്രമം നടത്തുമെന്ന് വേണുഗോപാല്‍ അറിയിച്ചു.