Sunday 23rd of September 2018

അമ്പലപ്പുഴതിരുവല്ല റോഡിലെ പൈപ്പ് പൊട്ടല്‍; റോഡ് കുഴിയായാല്‍ യൂഡിസ്മാറ്റ് പുനഃസ്ഥാപിക്കും

Category: Alappuzha Published: Wednesday, 11 July 2018
അമ്പലപ്പുഴ  : എടത്വാ പാതയിലെ( ആലപ്പുഴ തിരുവല്ല റോഡ്)ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ ഭാഗമായുണ്ടായ  പൈപ്പ് ലൈന്‍ തകരാറുമായി  ബന്ധപ്പെട്ട്  പൊതുമരാമത്ത്  രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്റെ  നിര്‍ദ്ദേശാനുസരണം ജില്ലാ കളക്ടര്‍ എസ്.സുഹാസ് നിലവില്‍ പ്രശ്‌നങ്ങളുള്ള സ്ഥലം തകഴി, കരുമാടി, കേളമംഗലം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രശ്‌നങ്ങള്‍ വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വൈകുന്നേരം 4 മണിക്ക് പി.ഡബ്യൂ.ഡി റോഡ്‌സ്, യൂഡിസ്മാറ്റ്, കേരള വാട്ടര്‍ അതോറിട്ടി, മന്ത്രിയുടെ പ്രതിനിധി എന്നിവരെ പങ്കെടുപ്പിച്ച്  യോഗം വിളിച്ചു.പൈപ്പിന്റെ ചോര്‍ച്ചയും അതുമായി ബന്ധപ്പെട്ട തകരാറുകളും പരിഹരിക്കാന്‍ തീരുമാനിച്ചു.പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ജലവിഭവവകുപ്പുമന്ത്രിയും സംയുക്തമായി തീരുമാനിച്ച സര്‍ക്കാര്‍ ഉത്തരവിന് അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. യോഗത്തില്‍ പൈപ്പ് ലൈന്‍ തകരാര്‍ പരിഹരിക്കുന്നതിനായി റോഡ് പുനസ്ഥാപിക്കുന്നതിനുള്ള എസ്റ്റിമേറ്റ് പി.ഡബ്യൂ.ഡി നിരത്ത് വിഭാഗം തയ്യാറാക്കി യൂഡിസ്മാറ്റിന് നല്‍കേണ്ടതും, യൂഡിസ്മാറ്റ് പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തി ടെന്‍ണ്ടര്‍ മുഖേന മൂന്നു വര്‍ഷത്തെ മെയിന്റനന്‍സ് ഗ്യാരണ്ടി പ്രകാരം പൂര്‍ത്തിയാക്കേണ്ടതുമാണ്. മൂന്നു പ്രവര്‍ത്തികളും അഞ്ച്  ദിവസത്തിനകം പൂര്‍ത്തിയാക്കുന്നതിനും ജൂലൈ 24നകം ടെന്‍ണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും തീരുമാനിച്ചു. പി.ഡബ്ല്യൂ.ഡി എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ വി.ബിനു, പ്രോജക്ടിന്റെ ചാര്‍ജുള്ള സൂപ്രണ്ടിങ് എന്‍ജിനിയര്‍ ജയന്‍, പി.ഡബ്ല്യ.ഡി വകുപ്പുമന്ത്രിയുടെ പ്രതിനിധി അരുണ്‍കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.