Saturday 19th of January 2019

റംസാന്‍ വ്രതാനുഷ്ഠാനം ഹരിതചട്ടം പാലിച്ച്

Category: Alappuzha Published: Wednesday, 16 May 2018
ആലപ്പുഴ: ഈ വര്‍ഷത്തെ റംസാന്‍ വ്രതാനുഷ്ഠാനം ഹരിതനിയമാവലി പ്രകാരം നടത്തുന്നതിന് തീരുമാനം. ജില്ലയിലെ മുസ്ലിം സമുദായ പ്രമുഖരുടെയും സമുദായ സംഘടനകളുടെ ജില്ല ഭാരവാഹികളുടെയും ജില്ലയിലെ ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുടെയും യോഗത്തിലാണ് തീരുമാനം. അഡീഷണല്‍ ജില്ല മജിസ്‌ട്രേറ്റ് ഐ.അബ്ദുള്‍ സലാം അധ്യക്ഷത വഹിച്ചു. റംസാന്‍ നോമ്പുതുറയുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഫ്താര്‍ വിരുന്നുകളില്‍ കുഴകി ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റീല്‍ പാത്രങ്ങളും പ്രകൃതി സൗഹൃദ വസ്തുക്കളും ഉപയോഗിച്ച് പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് നടത്തുമെന്നും വീടുകളിലും മറ്റ് അനുബന്ധ സ്ഥലങ്ങളിലും നടക്കുന്ന നോമ്പുതുറ ചടങ്ങുകളും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതാണെന്നും യോഗത്തില്‍ പങ്കെടുത്ത സംഘടനാപ്രമുഖര്‍ അറിയിച്ചു. യോഗത്തില്‍ ശുചിത്വമിഷന്‍ ജില്ലകോര്‍ഡിനേറ്റര്‍ ബിന്‍സ്. സി.തോമസ് പങ്കെടുത്തു.
  
ആവശ്യാനുസരണം കഴുകി ഉപയാഗിക്കുവാന്‍ കഴിയുന്ന   പാത്രങ്ങള്‍  ജമാഅത്ത് കമ്മറ്റികള്‍  നേരിട്ടോ വിശ്വാസികളില്‍ നിന്നും സംഭാവനയായോ സ്‌പോണ്‍സര്‍ഷിപ്പിലൂടെയോ സ്ഥിര ഉപയാഗത്തിനായി വാങ്ങി സൂക്ഷിക്കുക. ഭക്ഷണ മാലിന്യം വേര്‍തിരിച്ച് ശേഖരിച്ച് അതാതിടങ്ങളില്‍ തന്നെ  വളക്കുഴി നിര്‍മ്മിച്ച് അതില്‍ നിക്ഷേപിച്ച് വളമാക്കി മാറ്റുക. കമ്പോസ്റ്റിങ്/ബയോഗ്യാസ് ഉപാധികളും സ്ഥാപിക്കാവുന്നതാണ്. നോമ്പുതുറ, ഇഫ്താര്‍ വിരുന്ന് എന്നിവ സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കുന്നതിന് നിര്‍ദ്ദേശം നല്‍കാം.
 
പഴവര്‍ഗ്ഗങ്ങള്‍,  ലഘുഭക്ഷണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന്  ചെറിയ പാത്രങ്ങള്‍/ കിണ്ണങ്ങള്‍ ആവശ്യാനുസരണം സജ്ജീകരിക്കുക. ആഹാരശേഷം പാത്രങ്ങള്‍ ഉപയോഗിക്കുന്നവര്‍  തന്നെ കഴുകി വയ്ക്കാന്‍  നിര്‍ദ്ദേശിക്കുന്നത് എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം''  എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് സഹായകമാണ്.  പ്രചരണ പരിപാടികള്‍ക്ക് ഫഌ്‌സ് ഒഴിവാക്കി പ്രകൃതി സൗഹൃദ ബാനറുകള്‍ ശീലമാക്കുക. ജമാഅത്ത്  വക  ഓഡിറ്റോറിയങ്ങള്‍ തയ്ക്കാവുകള്‍  എന്നിവിടങ്ങളില്‍ കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങള്‍ സജ്ജീകരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും യോഗം അംഗീകരിച്ചു.. ജൈവ അജൈവ മാലിന്യങ്ങള്‍      തരംതിരിച്ച് നിക്ഷേപിക്കുന്നതിന് സംവിധാനമൊരുക്കുക. ജമാഅത്ത്  വക  ഓഡിറ്റോറിയങ്ങളില്‍ നടത്തപ്പെടുന്ന എല്ലാ വിവാഹങ്ങളും പൊതു  പരിപാടികളും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരം നടത്തണം. ഗ്രീന്‍ പ്രോട്ടോകോള്‍ സന്ദേശങ്ങള്‍ ഭിത്തികളില്‍ ആലേഖനം ചെയ്യണം. വിവാഹങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അലങ്കാരങ്ങള്‍ ചെയ്യുന്നതിന്  പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കുക. ഓഡിറ്റോറിയങ്ങളുടെ വാടക  എഗ്രിമെന്റുകളില്‍  ഗ്രീന്‍ പ്രോട്ടോകോള്‍    ഉള്‍പ്പെടുത്തുക. ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുക. പ്ലാസ്റ്റിക്കും ഡിസ്‌പോസിബിള്‍  വസ്തുക്കളും മനുഷ്യനും പ്രകൃതിക്കും വരും തലമുറയ്ക്കും വിപത്തെന്ന സന്ദേശങ്ങളും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയും  ഖുത്തുബ പ്രസംഗങ്ങളില്‍  ഉള്‍പ്പെടുത്തുക.
നോമ്പുതുറ, ഇഫ്ത്താര്‍, തറാവീഹ് നമസ്‌കാരം, പെരുന്നാളാഘോഷം നബിദിനാഘോഷം, ഉറൂസുകള്‍ എന്നിവയോടനുബന്ധിച്ചുള്ള ഭക്ഷണപ്പൊതി വിതരണം വാഴയിലപോലുള്ള പ്രകൃതി സൗഹൃദ വസ്തുക്കളിലാക്കുക. ഭക്ഷണം വാങ്ങാന്‍ എത്തുന്നവര്‍ സ്വന്തം പാത്രങ്ങള്‍ കൊണ്ട് വരുന്നതിന് ആഹ്വാനം ചെയ്യുക. റാലികള്‍, സമ്മേളനങ്ങള്‍ , മതപ്രഭാഷണപരമ്പരകള്‍ തുടങ്ങിയവ സംഘടിപ്പിക്കുമ്പോള്‍ ആഹാരപാനീയങ്ങള്‍ പ്രകൃതി സൗഹൃദ പാത്രങ്ങളില്‍ ഇടവിട്ടുള്ള  സ്ഥലങ്ങളില്‍  പ്രത്യേകം കൗണ്ടറുകള്‍  സജ്ജീകരിച്ച് വിതരണം ചെയ്യേണ്ടതുമാണ്. ആഹാരപാനീയങ്ങള്‍ വിതരണം നടത്തുന്ന സന്നദ്ധ സംഘടനകള്‍, സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ വയ്‌ക്കേണ്ടതും, ഡിസ്‌പോസിബിള്‍  വസ്തുക്കള്‍ ഒഴിവാക്കുവാന്‍  മുന്‍കൂട്ടി കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുക. മദ്രസ്സ കുട്ടികള്‍ക്ക് നിരന്തരം ഗ്രീന്‍ പ്രോട്ടോകോള്‍ ക്ലാസ്സുകള്‍ നല്‍കുക.വൈകുന്നേരങ്ങളില്‍ മുതിര്‍ന്നവര്‍ക്ക് നടത്തുന്ന ഖുര്‍ആന്‍ ക്ലാസ്സുകളിലും മറ്റ് ക്ലാസ്സുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പ്രതിപാദിക്കുക. പള്ളികളിലും ഓഡിറ്റോറിയങ്ങളിലും അറബിക്ക് കോളേജുകളിലും   മദ്രസ്സകളിലും ജമാഅത്തുകളുടെ നേതൃത്വത്തില്‍  നടക്കുന്ന സ്‌കൂളുകളിലും കോളേജുകളിലും ജൈവമാലിന്യങ്ങള്‍  കമ്പോസ്റ്റ്/ ബയോഗ്യാസ്സ്  ആക്കി മാറ്റുന്നതിനുള്ള  ഉപാധികള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശുചിത്വ മിഷന്റെയും സേവനം പ്രയോജനപ്പെടുത്തി കൊണ്ട്  സ്ഥാപിക്കുക. പ്ലാസ്റ്റിക്ക് ഉള്‍പ്പെടയുള്ള അജൈവ വസ്തുക്കള്‍ കഴുകി വൃത്തിയാക്കി ഉണക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കോ പാഴ് വസ്തു വ്യാപാരികള്‍ക്കോ പുന: ചംക്രമണത്തിനായ് നല്‍കുക.
 
അനുഷ്ഠാനങ്ങള്‍ക്കായി നാം സംഘടിപ്പിക്കുന്ന ഓരോ പരിപാടികളും പ്രകൃതിയെ നശിപ്പിക്കാത്ത വിധം നടത്തുന്നതിന് വ്യാപകമായ പ്രചരണം ഓരോ മഹല്ല് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നടത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു. പ്രകൃതി സംരക്ഷണത്തിന്റെ  പ്രചാരകരായി മാറുക. ആരാധനാലയങ്ങള്‍ വൃത്തിയുടെയും  വിശുദ്ധിയുടെയും ഇടങ്ങളാണ്. അവിടം എപ്പോഴും മാലിന്യ മുക്തമാക്കി  സംരക്ഷിക്കുക. പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ ജില്ല ശുചിത്വ മിഷന്‍ ഓഫീസുകളുമായി ബന്ധപ്പെടാം. വെബ് സൈറ്റ്: www. Sanitation.kerala.gov.in. യോഗത്തില്‍ ഇ.മുഹമ്മദ് യൂസഫ് സേട്ട്, തൈക്കല്‍ സത്താര്‍, എം.മുഹമ്മദ് കോയ, എസ്.മുഹമ്മദ് കബീര്‍, നവാസ് ജമാല്‍, യു.ഷൈജു, ടി.എച്ച്.മുഹമ്മദ് ഹസന്‍, സി.സി.നിസാര്‍, അബ്ദുള്‍ ഗഫൂര്‍ റാവുത്തര്‍, എസ്.അബ്ദുള്‍ നാസര്‍, സലീം, എ.നസീര്‍, ജമാല്‍ പള്ളാത്തുരുത്തി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല എന്നിവര്‍ പങ്കെടുത്തു.