Thursday 21st of June 2018

എസ്.ബി.ഐ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം 750 പേര്‍ക്ക് പരിശീലനം നല്‍കും

Category: Alappuzha Published: Friday, 13 April 2018
ആലപ്പുഴ:എസ്.ബി.ഐയുടെ  കലവൂര്‍ ഗ്രാമീണ സ്വയം തൊഴില്‍  പരിശീലന കേന്ദ്രം ഈ സാമ്പത്തിക വര്‍ഷം 750 പേര്‍ക്ക് പരിശീലനം നല്‍കും. 2018-19ല്‍ 29 പരിശീലന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. സ്ഥാപനത്തിലെ 207ാമത് ബാച്ചിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ടി.വി.അനുപമ നിര്‍വഹിച്ചു. ഗ്രാമീണമേഖലയില്‍ സ്വയംതൊഴില്‍ പരിശീലന രംഗത്ത് മാതൃകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കലവൂരിലെ ആര്‍.എസ്.ഇ.ടി.ഐ.
പുതിയ തൊഴില്‍ സംരംഭകരെ കണ്ടെത്തുകയും അവരുടെ വ്യക്തിത്വവികസനം, ആശയവിനിമയ ചാതുര്യം, പ്രശ്നപരിഹാര മാര്‍ഗങ്ങള്‍ എന്നിവയിലൂടെ വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ് സ്ഥാനപത്തിന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ സാമ്പത്തികവര്‍ഷം 26 ബാച്ചുകളിലായി 841 പേര്‍ക്ക് പരിശീലനം നല്‍കുകയും അവരില്‍ത്തന്നെ 590 പേര്‍ തൊഴില്‍ സംരഭകരാവുകയും ചെയ്തു.  മികച്ച പ്രകടനത്തിന് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ മികവിനുള്ള ഗ്രേഡ് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും നേടി. ഹൈദരാബാദില്‍ നടന്ന ഡയറക്ടേഴ്സ് കോണ്‍ക്ലേവില്‍ രാജ്യത്തെ ഏറ്റവും മികച്ച പരിശീലന കേന്ദ്രങ്ങളില്‍ ഒന്നായി കലവൂരിലെ പരിശീലനകേന്ദ്രത്തെ തിരഞ്ഞെടുക്കുകയുണ്ടായി .