Monday 16th of July 2018

നാട് നന്നാകാന്‍ സ്‌കൂളുകള്‍ നന്നാകണം

Category: Alappuzha Published: Wednesday, 14 February 2018
ആലപ്പുഴ: നാട് നന്നാകണമെങ്കില്‍  അവിടെയുള്ള സ്‌കൂളുകള്‍ നന്നാകണമെന്ന് ധനകാര്യമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. പൗരബോധ നിര്‍മ്മിതിയില്‍ സ്‌കൂളുകളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ വിദ്യാഭ്യാസ ജില്ല സ്‌കൂള്‍തല അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം നടത്തുകയായിരുന്നു അദ്ദേഹം. 
സമൂഹത്തില്‍ ഉണ്ടാകേണ്ട നല്ല മാറ്റങ്ങള്‍ക്കനുസരിച്ചുള്ള വിദ്യാഭ്യാസമാണ് കുട്ടികള്‍ക്ക് നല്‍കേണ്ടത്.അവരില്‍ നല്ല ചിന്തകള്‍ ഉണ്ടാകും വിധം അര്‍പ്പണ ബോധത്തോടെ അധ്യാപകര്‍ കുട്ടികളെ നയിക്കണം.  പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രീതികളില്‍ മാറ്റമുണ്ടാകണം. പുതിയ സാങ്കേതിക വിദ്യയുടെയും സൗകര്യങ്ങളുടെയും സഹായത്തോടെ പഠനം രസകരമാക്കണം.സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കാവശ്യമുള്ള സൗകര്യങ്ങളും    പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ കാര്യങ്ങളും സംബന്ധിച്ച് സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാട് അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാവുകയും അവ കര്‍മ്മ പദ്ധതികളാക്കി നടപ്പാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. 
ഗവ.മുഹമ്മദന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പൊതു വിദ്യാഭ്യസ യജ്ഞത്തിന്റെ ഭാഗമായി പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ സംബന്ധിച്ച് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.പി ലതിക വിശദീകരിച്ചു. ജില്ലയിലെ  സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളും പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ജില്ല പഞ്ചായത്ത്  വിദ്യാഭ്യാസ സമതി ചെയര്‍മാന്‍ അഡ്വ.കെ.ടി.മാത്യു, നഗരസഭ  വിദ്യാഭ്യാസ സമതി ചെയര്‍മാന്‍ അഡ്വ.മനോജ് കുമാര്‍, കൗണ്‍സിലര്‍ എ.എം.നൗഫല്‍, ഉപജില്ല വിദ്യാഭ്യസ ഓഫീസര്‍ സി.ഡി.ആസാദ്, പ്രിന്‍സിപ്പല്‍ മേഴ്‌സി കുഞ്ഞാണ്ടി എന്നിവര്‍ പ്രസംഗിച്ചു. ജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ.പി.കൃഷ്ണദാസ് സ്വാഗതവും ഹെഡ്മിസ്ട്രസ് വി.ആര്‍.ഷൈല നന്ദിയും പറഞ്ഞു.