Sunday 22nd of April 2018

ആലപ്പുഴ തീരദേശത്തെ ഹോംസ്റ്റേകള്‍ : കണക്കെടുപ്പ് നടത്തുന്നു

Category: Alappuzha Published: Wednesday, 07 February 2018
ആലപ്പുഴ: കായംകുളം മുതല്‍ അരൂര്‍ വരെയുള്ള തീരപ്രദേശത്തെ ഹോംസ്റ്റേകളുടെ പട്ടിക തയ്യാറാക്കാന്‍ പൊലീസ് വകുപ്പ് ശ്രമം തുടങ്ങി. തീരദേശം വഴിയുള്ള ദുരന്തങ്ങള്‍ ഉണ്ടായാല്‍ നേരിടുന്നതിന്റെ ഭാഗമായാണ് ഹോംസ്റ്റേ പട്ടിക തയ്യാറാക്കുന്നത്. കഴിഞ്ഞ ദിവസം മാരാരിക്കുളത്ത് നടത്തിയ മോക്ഡ്രില്ലിന്റെ അവലോകനയോഗത്തിലാണ് പൊലീസ് വകുപ്പ് ഈക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ ജില്ലയുടെ തീരദേശത്ത് നിരവധി ഹോംസ്റ്റേകള്‍ പ്രവര്‍ത്തിക്കുന്നണ്ടെങ്കിലും കണക്കുകള്‍ കൃത്യമല്ല. പഞ്ചായത്ത്, ഭക്ഷ്യസുരക്ഷ, ടൂറിസം വകുപ്പുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. മോക്ഡ്രില്‍ പരിശോധിച്ച സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധി ഹോംസ്റ്റേകളിലെ അന്തേവാസികളുടെ കണക്ക് ശേഖരിക്കാതിരുന്നത് ന്യൂനതയായി ചൂണ്ടിക്കാണിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹോംസ്റ്റേകളുടെ  കണക്കെടുപ്പ് നടത്തുന്നത്.
മൂന്ന് വകുപ്പുകളുടെയും അനുമതി ഉള്ളവര്‍, ഏതെങ്കിലും ഒരു വകുപ്പിന്റെ ലൈസന്‍സ് ഉള്ളവര്‍, വീടുകള്‍ വാടകയ്ക്ക് എടുത്ത് ഹോംസ്റ്റേകള്‍ നടത്തുന്നവര്‍ തുടങ്ങി വിവിധ തരത്തിലാണ് നിലവില്‍ ഹോംസ്‌റ്റേകളുടെ  വര്‍ഗ്ഗീകരണം. ദുരന്തമുണ്ടയാല്‍ വിവരശേഖരണത്തിന് ഇവയുടെ ഏകോപനവും ക്രോഡീകരണവും അനിവാര്യമാണ്. ഈ മൂന്നു വകുപ്പുകളുടെയും റവന്യൂ വകുപ്പിന്റെയും സഹകരണത്തോടയാകും കണക്കെടുപ്പ്. 
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ ചുഴലിക്കാറ്റ് മോക്ഡ്രില്‍ എല്ലാ അര്‍ഥത്തിലും വിജയമായിരുന്നുവെന്ന്  ജില്ല കളക്ടര്‍ ടി.വി.അനുപമ പറഞ്ഞു.  എല്ലാ മാസവും ഇത്തരത്തിലുള്ള പരിശീലന പരിപാടി ചെയ്യണമെന്ന നിര്‍ദ്ദേശം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ താമസിയാതെ തീരുമാനമുണ്ടാകുമെന്ന് കളക്ടര്‍ അറിയിച്ചു. അവലോകനയോഗത്തില്‍ വിവിധ വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു.