Sunday 18th of November 2018

സംസ്ഥാന സ്‌കൂള്‍ കലോത്സവം : ഒരുക്കങ്ങള്‍ തുടങ്ങി

Category: Alappuzha
Published: Saturday, 17 November 2018
ആലപ്പുഴ: അമ്പത്തിയൊമ്പതാമത് കേരള സ്‌കൂള്‍ കലോത്സവത്തിന് ജില്ല ആതിഥേയത്വം നല്‍കുമ്പോള്‍  കലയുടെ മഹാ മേളക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സംസ്ഥാന കലോത്സവത്തിന് മുമ്പായുള്ള സംഘാടക സമിതി രൂപവല്‍കരണയോഗം  ആലപ്പുഴ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഡിസംബര്‍ ഏഴു മുതല്‍ ഒമ്പതുവരെയാണ് കലോത്സവം . പ്രളയത്തിനുശേഷം പരമാവധി ആര്‍ഭാടം ഒഴിവാക്കി, എന്നാല്‍ കുട്ടികളുടെ സര്‍ഗ്ഗശേഷി പ്രകടനത്തിന് ഒരു കോട്ടവും തട്ടാത്ത വിധത്തിലുള്ള കലോത്സവമാണ് ആലപ്പുഴയില്‍ നടക്കുകയെന്ന് മന്ത്രി പറഞ്ഞു.  അധ്യയനവര്‍ഷം നഷ്ടപ്പെടാതിരിക്കാനും ചെലവ് ചുരുക്കാനുമായി ഇത്തവണ കലോത്സവം മൂന്ന് ദിവസം ആക്കി ചുരുക്കിയിട്ടുണ്ട് . കഴിഞ്ഞ വര്‍ഷം 6 ദിവസമായിരുന്നു . 
 
പ്രളയാനന്തരം ആലപ്പുഴയുടെ വീണ്ടെടുപ്പ് എന്ന ആശയം കൂടി ആലപ്പുഴയില്‍ തന്നെ കലോത്സവം സംഘടിപ്പിക്കുന്നതിന് പിന്നിലുണ്ട.് ലളിതം, ഗംഭീരമെന്ന  മുദ്രാവാക്യമാണ് എല്ലാവരും ഉള്‍ക്കൊള്ളേണ്ടതെന്ന് മന്ത്രി പറഞ്ഞു.  കൂട്ടായ്മയാണ് പ്രധാനം . പരമാവധി വേദികളില്‍ മത്സരം നടത്തി ചുരുങ്ങിയ ദിവസത്തില്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് . 14, 000 കലാകാരികളും, കലാകാരന്മാരും കലയുടെ ഉത്സവത്തില്‍ മാറ്റുരയ്ക്കും. സ്റ്റേജിനങ്ങള്‍ മാത്രമാണ് സംസ്ഥാന തലത്തില്‍ നടത്തുക.  വലിയ തോതിലുള്ള ഉദ്ഘാടന സമാപന സമ്മേളനങ്ങളും ട്രോഫിക്കുള്ള സ്വീകരണവും ഒന്നും ഇത്തവണ ഉണ്ടാകില്ല.  
 
ആലപ്പുഴയില്‍ 29 വേദികളിലായി 158 മത്സര ഇനങ്ങളാണ് ഉണ്ടാവുക. ഇതിനായി 12 സബ് കമ്മിറ്റികള്‍ രൂപവത്കരിച്ചു. കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് എന്നിവര്‍ മുഖ്യ രക്ഷാധികാരികളും ,എം.പി.മാരായ കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എം.എല്‍.എമാരായ എ.എം.ആരിഫ്, ആര്‍.രാജേഷ് തോമസ് ചാണ്ടി, യു.പ്രതിഭ, സജി ചെറിയാന്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാന്‍ എന്നിവര്‍ രക്ഷാധികാരികളുമാണ്. സംഘാടക സമിതിയുടെ ചെയര്‍മാന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരനും ധനമന്ത്രി ടി.എം.തോമസ് ഐസക്, ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ വര്‍ക്കിങ് ചെയര്‍മാനും നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് വൈസ് വര്‍ക്കിങ് ചെയര്‍മാനുമാണ്.
 
 ജില്ലയിലെ ജനപ്രതിനിധികള്‍, സംഘടനാ ഭാരവാഹികള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ സംഘടാകസമിതിയാണ് രൂപവത്കരിച്ചിട്ടുള്ളത്. ഇത്തവണത്തെ സംസ്ഥാന കലോത്സവത്തിന്റെ ലോഗോ മന്ത്രി സി.രവീന്ദ്രനാഥ് യോഗത്തില്‍ പ്രകാശനം ചെയ്തു. കോഴിക്കോട് ഉള്ള്യേരി പലോറ എച്ച്.എസ്.എസ്സിലെ ചിത്രകലാ അധ്യാപകന്‍ പി.സതീഷ് കുമാര്‍ വരച്ചതാണ് ലോഗോ. എ.എം.ആരിഫ് എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആര്‍.രാജേഷ് എം.എല്‍.എ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍,  ജില്ലാ കളക്ടര്‍ എസ്.സുഹാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, മത്സ്യഫെഡ് ചെയര്‍മാന്‍ ചിത്തരഞ്ജന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ടി. മാത്യു, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍മാരായ ജിമ്മി കെ.ജോസ്, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ധന്യ ആര്‍.കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.