Wednesday 19th of September 2018

ഭൂതകാലത്തെ തിരസ്ക്കരിച്ച് പൂര്‍​ണത നേടാനാവില്ല-ആര്യ ഗോപി

Category: Reading Room Published: Thursday, 18 August 2016
 യുവ എഴുത്തുകാരില്‍ ശ്രദ്ധേയയാണ് ആര്യഗോപി. കുറഞ്ഞകാലം കൊണ്ട് മലയാള സാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്താനായ കവയിത്രി. അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വായിച്ചത് മുതല്‍ എഴുത്ത് തന്നിലേക്ക് ആവേശിച്ചതായി ആര്യ ഗോപി പറയുന്നു. കവിതയും അധ്യാപനവും ജീവിതവും വിഭിന്നങ്ങളല്ലെന്ന് വിശ്വസിക്കുന്ന ആര്യ അച്ഛന്റെ എഴുത്തുവഴിയില്‍ തുടരാനായത് ഭാഗ്യമായും കരുതുന്നു. വിമര്‍ശനങ്ങളില്‍ തളരാതെ അഭിനന്ദനങ്ങളില്‍ മതിമറക്കാതെ, വാളിനേക്കാള്‍ നല്ല ആയുധം വാക്കു തന്നെയാണെന്ന് തിരിച്ചറിയുന്നു ഈ എഴുത്തുകാരി.  
 
അവസാനത്തെ മനുഷ്യന്‍, ജീവന്റെ വാക്കുകള്‍, മാലാഖ മത്സ്യം. സോബ് ഓഫ് സ്ട്രിങ്സ് (ഇംഗ്ലീഷ് കവിതകള്‍) എന്നിവ പ്രധാന കൃതികള്‍. കക്കാട് അവാര്‍ഡ്, 2008 ല്‍ ചെറുശ്ശേരി പുരസ്ക്കാരം, കടമ്മനിട്ട മെമ്മോറിയല്‍ പുരസ്ക്കാരം 2007-ല്‍ മലയാള ഭാഷാ പാഠശാലയുടെ ആശാന്‍ പുരസ്ക്കാരം, 2016-ല്‍ വൈലോപ്പിള്ളി അവാര്‍ഡ്, സാഹിത്യശ്രീ അവാര്‍ഡ്, ആശാന്‍ പ്രൈസ്, സംസ്ഥാന സര്‍ക്കാറിന്റെ യൂത്ത് ഐക്കണ്‍ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്.പ്രശസ്ത കവി പി.കെ ഗോപിയുടെ മകള്‍.  കോഴിക്കോട് സമോറിന്‍സ് ഗുരുവായൂരപ്പന്‍ കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ച് വരുന്നു. 
 
 
 
എഴുത്തിനോട് ഇഷ്ടം തുടങ്ങിയത്/ എഴുത്തിലേക്ക് വരാനുണ്ടായ പ്രചോദനം ?
 
മഴവില്‍ നിറങ്ങളുള്ള ബാല്യം ഭാഗ്യമായിരുന്നു. അക്ഷരങ്ങള്‍ കൈപിടിച്ച് നടത്തിയ കാലം. തീര്‍ച്ചയായും ആ ഗൃഹാതുരത തന്നെയാ​ണ് എഴുത്തിലേക്ക് അടുപ്പിച്ചത്. അച്ഛന്റെ പുസ്തകശേഖരം വളരെ വലുതായിരുന്നു. ചെറുപ്പത്തിലേ വായനയിലേക്കടുക്കാന്‍ അത് വലിയ പ്രചോദനമായി. എഴുത്തും വായനയും തുടങ്ങിയ കാലം എപ്പോഴാണ് എന്ന് ചോദിച്ചാല്‍ വ്യക്തമായ ഉത്തരമില്ല. കാരണം ഓര്‍മ്മയുറച്ചതു മുതല്‍, അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വായിച്ചത് മുതല്‍ എഴുത്ത് എന്നിലേക്കും ഞാന്‍ എഴുത്തിലേക്കും പരകായപ്രവേശം നടത്തിയിരുന്നു.  സര്‍ഗ്ഗാത്മകത ജീവിതത്തില്‍ നിറച്ചു തരുന്ന ആത്മവിശ്വാസം ചെറുതല്ല. വാളിനേക്കാള്‍ നല്ല ആയുധം വാക്കു തന്നെയാണെന്ന് അത് അനുദിനം പഠിപ്പിക്കുന്നു. എഴുത്തിലേക്ക് വരാതിരിക്കാനുള്ള യാതൊരു കാരണവും ചുറ്റിലും ഇല്ലായിരുന്നു. സാമൂഹികമായ അനുഭവപരിസരം എഴുത്തുകാര്‍ക്ക് മാത്രം അവകാശപ്പെടാനാവില്ല. ഒരു മനുഷ്യനായി ഞാനിവിടെ നില്‍ക്കുന്നു. അനുഭവങ്ങള്‍, ചിന്തകള്‍, വീക്ഷണങ്ങള്‍,ആശങ്കകള്‍, ആകുലതകള്‍, സംഘര്‍ഷങ്ങള്‍‌, ഉത്കണ്ഠകള്‍, വ്യസനങ്ങള്‍, സഹാനുഭൂതികള്‍ ഇവയെല്ലാം ഒരെഴുത്തുകാരനെ സാഹിത്യത്തിന്‍റെ എരിതീയിലേക്ക് പിടിച്ചടുപ്പിക്കുന്നു. 
 
പൂക്കാതിരിക്കാന്‍ കഴിയാത്തത് പോലെ, കടല്‍ത്തിരകള്‍ക്ക് അവസാനമില്ലാത്തത് പോലെ എഴുത്ത് എന്നില്‍ വന്ന് നിറയുന്നു. എഴുതി തുടങ്ങേണ്ടത് അവനവനില്‍ നിന്ന് തന്നെയാണെന്ന് ഓരോ എഴുത്തുകാരനുമറിയാം.  'അ'യില്‍ തുടങ്ങി 'അം' മ്മില്‍ എത്തുന്നത് പോലെ. ഈ ചാക്രികത പ്രാപഞ്ചിക സത്യമാണ്. എനിക്കത് കവിതയായി പരിവര്‍ത്തനം ചെയ്യാനേ കഴിയുന്നുള്ളൂ. അത്രമാത്രം എഴുത്തിന്റെ പ്രചോദന മുദ്ര.
 
ചുറ്റും കാണുന്ന സംഭവങ്ങള്‍ കവിതയ്ക്ക് വിഷയമാകാറുണ്ടോ?
 
ചുറ്റും കാണുന്നതെല്ലാം കവിതയായി ഉരുവം കൊള്ളണമെന്നില്ല. വിഷയവും വ്യാപ്തിയും വളരെ സ്വാഭാവികമായി കവിതയിലുള്‍ച്ചേരുന്നതാണ്. മനസ്സില്‍ ഒരാശയം ജനിക്കുന്നു. അതിന് ചുറ്റുപാടുമായി ബന്ധമുണ്ടാകാം. അല്ലെങ്കില്‍ എന്റെ ഭാവനയുടെ സംഘര്‍ഷ കൗതുകമാകാം. ചെറിയ ആശയം ഭാഷയിലൂടെ പുനര്‍നിര്‍മിക്കുകയാണ് പിന്നെ. ചിലതെല്ലാം നമ്മുടെ വരുതിയില്‍ നില്‍ക്കും. ചിലത് കുതറിത്തെറിച്ച് പോകും. രണ്ടായാലും കവിതയിലെ വാക്കായി ഉച്ചാടനം ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ കവി പോലും കവിതയ്ക്ക് അന്യമാകും. എഴുതുന്ന ഓരോ വാക്കും ശ്രദ്ധാപൂര്‍വ്വം തെരഞ്ഞെടുക്കുന്നു. അശ്രദ്ധയെന്നൊന്ന് ഭാവനയിലെ സര്‍ഗ്ഗാത്മക സ്വപ്‌നങ്ങളില്‍ പോലും സംഭവിക്കുന്നില്ല. കാരണം കവിതയും ജീവിതത്തോളം തന്നെ വിലപ്പെട്ടതാണ്, വേണ്ടപ്പെട്ടതാണ്.

മനുഷ്യനെന്ന നിലയില്‍

 

 

വികാര വിചാരങ്ങളാല്‍ ചുട്ടുപഴുത്ത ഒരു 

 

 

ഹൃദയം നിത്യം അകത്തിരുന്ന് മിടിക്കുന്നു. ആ 

 

 

തുടിപ്പ് തുടരുവോളം ഉള്ളിലെ ആശയങ്ങള്‍ 

 

 

കഥയായും കവിതയായും പുറത്തേക്ക് 

 

 

പ്രവഹിക്കുക തന്നെ ചെയ്യും.

സാമൂഹികജീവിയെന്ന നിലയില്‍ മനുഷ്യന് ഒരു തുരുത്തായി ജീവിക്കുക അസാധ്യം. ഏകാന്തതയുടെ ദ്വീപുകളില്‍ ഒരു പരിധിവരെ കവി സ്വയം തടവനുഭവിക്കുന്നുണ്ടെങ്കിലും...! എന്നെ സ്പര്‍ശിക്കാതെ ഒരു ജീവിതാവസ്ഥയും കടന്നു പോകുന്നില്ല. ചിലതിലൊക്കെ സന്തോഷിക്കുന്നെങ്കിലും മറ്റ് ചിലത് നമ്മെ ആകുലതയുടെ കാണാക്കയത്തില്‍ തള്ളിയിടുന്നു. നമ്മുടെ ആശങ്കകളും ആക്രോശങ്ങളും നിലവിളികളും എല്ലാം കവിതയാകണമെന്നില്ല. എന്നാലും ഒരു പരിധി വരെയൊക്കെ സാമൂഹിക പ്രതിബന്ധത എഴുത്തില്‍ നിഴലിക്കുക തന്നെ ചെയ്യണമല്ലോ ? അതല്ലേ പ്രകൃതിയിലെ അക്ഷരനീതി.
 
എഴുത്തുകാരി, അധ്യാപിക ഇവയില്‍ ഏറെ ഇഷ്ടമുള്ള മേഖല ?
 
എഴുത്തുകാരി, അധ്യാപിക എന്നിങ്ങനെ മാത്രമല്ല, ജീവിതത്തില്‍ മറ്റുപല റോള്‍ പ്ലേകളും ഉണ്ടല്ലോ? ഞാന്‍ ഒരു മകളാണ്, അമ്മയാണ്, ഭാര്യയാണ്, ചേച്ചിയാണ്.....അങ്ങനെയങ്ങനെ.......ഓരോന്നും ഓരോ നിലയില്‍ പ്രിയപ്പെട്ടതും പ്രാധാന്യമര്‍ഹിക്കുന്നതുമാണ്. ഒന്നിനെ മറ്റൊന്നില്‍ നിന്ന് വേര്‍പ്പെടുത്തി ഒരൊറ്റ വേഷമാടി വിജയിക്കാനാവില്ല. എല്ലാം ഉള്‍ച്ചേര്‍ന്ന് ഒരൊറ്റ വ്യക്തിയായി, സ്വയംപൊരുതി ജീവിക്കണം. അത് സ്ത്രീയുടെ ആത്മവിശ്വാസമാണ്.
 
എഴുത്തുകാരി എന്നത് എനിക്ക് എന്നെ തന്നെ സ്വയം നിര്‍വചിക്കാനുള്ള ഒരിടം (സ്പേസ്) തരുന്നു. ഞാനെന്റെ സമസ്ത ചിന്തകളുടെയും ആശയങ്ങളുടെയും ജീവിതത്തിന്റെ തന്നെ ആകെത്തുകയുടെ അടയാളവാക്ക് അതിനോട് ചേര്‍ത്തു വയ്ക്കുന്നു. എന്റെ സ്വത്വം ഉറപ്പിച്ച് എന്നെത്തന്നെ വീണ്ടെടുത്ത് എഴുത്ത് കരുത്താകുന്നു. എന്റെ വാക്കില്‍ ഞാന്‍ പ്രതിഫലിക്കുന്നു. എഴുത്ത് ഒരു പുഴ പോലെ നമ്മെ ഒഴുക്കി കൊണ്ടുപോകുന്നു. ചില കവിതകള്‍ എന്നില്‍ കൂടണയുന്നു. ചിലത് ചിലപ്പോള്‍ കലഹിച്ച് വഴി പിരിഞ്ഞു പോകുന്നു. കൂടൊഴിയുന്നു. .......
 
അധ്യാപികയെന്നത്, കൂടുതല്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ള ഒരു വ്യക്തിയായി എന്നെ സ്വയം രൂപപ്പെടുത്തുന്ന ഒരു കര്‍മ്മ മേഖലയാണ്. നമ്മള്‍ പറയുന്ന ഓരോ വാക്കിനും ജീവനുള്ള കേള്‍വിക്കാരെ ഒരു ക്ലാസ് റൂമിന്റെ ഇടം തരുന്നുണ്ട്. അപ്പോള്‍ വാക്കുകള്‍ ചാട്ടുളിപോലെയാകണം. വിദ്യാര്‍ത്ഥികളുടെ ചിന്താധാരയെ തൊട്ടുണര്‍ത്തണം. പഠിച്ചതും പഠിപ്പിക്കുന്നതും ഇഷ്ടവിഷയമാണ്. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും. ഓരോ കവിതയെഴുത്തിന്റെ കാവ്യപരിശ്രമവും പഠിപ്പിക്കുന്നത് ഭാഷയുടെ ഹൃദയവഴി കണ്ടെത്താനാണ്. അധ്യാപനത്തിലും അത്തരമൊരു സമീപനം കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. ധാരാളം വായിക്കാനുള്ള അവസരം അധ്യാപനം തരുന്നു.സ്വയം നിത്യേന പുതുക്കിപ്പണിയാനുള്ള സാധ്യതയും സമ്മാനിക്കുന്നു.
 
താങ്കളുടെ എഴുത്തു രീതിയെക്കുറിച്ചു പറയാമോ?
 
സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും വായിക്കാനുമുളള സാഹചര്യങ്ങള്‍ വീട്ടിലുണ്ടായിരുന്നു. അതു കൊണ്ട് ആ ശീലങ്ങള്‍ പിന്‍പറ്റി എഴുത്ത് വളര്‍ന്നു. ഏകാന്തതയിലിരിക്കുമ്പോള്‍ കൂടുതല്‍ തെളിച്ചമുള്ള ആശയങ്ങളുടെ ചിറകടി ഉള്ളില്‍ നിറയും. ചിലപ്പോഴെങ്കിലും ആള്‍ക്കൂട്ടത്തിനിടയില്‍ പോലും തനിച്ചാകുന്ന മാന്ത്രികത കവിത പലപ്പോഴും കാണിച്ചു തന്നിട്ടുണ്ട്. എഴുത്ത് തീര്‍ച്ചയായും ഒരു വെളിപാട് പോലെയാണ്. അത്യഗാധമായ ഒരു ചുഴിയില്‍ അത് നമ്മെ കൊണ്ടെത്തിക്കുന്നു. ബോധങ്ങളിലും അബോധങ്ങളിലും കവിത നിറയുന്നു. ആകാശം പോലെ അതിര്‍ത്തികളില്ലാത്ത എഴുത്തിന്റെ രീതി സ്വപ്‌നം പോലെ മനസ്സില്‍ ഉറങ്ങുകയും ഉണരുകയും ചെയ്യുന്നു. 
 
ജോലി, കുടുംബജീവിതം- ഇവ രണ്ടും സമന്വയിപ്പിച്ചു കൊണ്ടുപോകുന്നതിനിടയില്‍ എഴുത്താണ് പലപ്പോഴും മാറ്റിവയ്‌ക്കേണ്ടി വരുക. പിന്നീടാകാം. പിന്നെഴുതാം എന്ന അലസത ചിലപ്പോഴെങ്കിലും പിടിമുറുക്കാറുണ്ട്. അപ്പോഴെല്ലാം അമ്മയാണ് എഴുത്തിന്റെ സമയക്കരുത്തായി അവതരിക്കാറുള്ളത്. ഒന്നിനു വേണ്ടി മറ്റൊന്ന് ഉപേക്ഷിക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്യരുതെന്ന് സത്യസന്ധമായി പ്രചോദിപ്പിക്കുന്നു. കണ്ണീരും ചിരിയും ചേര്‍ക്കാത്ത ജീവിതത്തിന്റെ എഴുത്തുമൂശ കപടമാണെന്ന് നിത്യമോതുന്നു അമ്മ.
 
സമകാലീനരായ സാഹിത്യകാരന്മാരെക്കുറിച്ച് ?
 
സമകാലീനതയില്‍ ജീവിക്കുന്നവരാണല്ലോ നമ്മള്‍. വര്‍ത്തമാനകാലത്ത് ഭൂതകാലത്തെ തിരസ്‌ക്കരിച്ച് (ജീവിച്ച്) കവിതയെഴുതാന്‍ താല്‍പ്പര്യപ്പെടുന്നവരെ ധാരാളം കണ്ടിട്ടുണ്ട്. ഭൂതകാലത്തെ മറക്കുകയെന്നാല്‍ സ്വന്തം അച്ഛനേയും അമ്മയേയും ഉപേക്ഷിക്കുന്നതിന് തുല്യമല്ലേ?. പുതിയതിനെ മാത്രം പുണര്‍ന്നത് കൊണ്ട് ഒന്നും പൂര്‍ണമാകുകയും ഇല്ല.
 
ആന്തരികമായ ഒരു താളം കവിതയെ മറ്റുള്ള കലാരൂപങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നുണ്ട്. കുഞ്ഞിന് താരാട്ട് പാടുമ്പോള്‍ അമ്മ ഇടമുറിയാതെ താളത്തില്‍ മൂളുകയാണ് ചെയ്യുക. മുറിഞ്ഞു മുറിഞ്ഞ പദങ്ങള്‍ എടുത്ത് നിരത്തി ഒരു വരണ്ട ഗദ്യം കുഞ്ഞിന് പറഞ്ഞ് കൊടുത്താല്‍ ഹൃദ്യമാകുമോ? എഴുത്തിന്റെ ധര്‍മ്മം ഏത് വഴിയിലൂടെയായാലും ഒന്നുതന്നെയാണ്. അത് മനുഷ്യപക്ഷത്തു നിന്ന് ചിന്തിക്കുന്നു. എഴുത്തിന്റെ രാഷ്ട്രീയം മനുഷ്വത്വമായി കൊണ്ടു നടക്കുന്ന സമകാലീനരെല്ലാം പ്രിയപ്പെട്ടവര്‍ തന്നെയാണ്. കാലത്തെ അതിജീവിക്കാന്‍ കരുത്തുള്ള, കാമ്പുള്ള രചനകള്‍ക്ക് നമോവാകം. കവിതയെ കെല്‍പ്പുള്ളതാക്കാന്‍ ഫെസ്റ്റിവലുകള്‍ക്കോ കാര്‍ണിവലുകള്‍ക്കോ കഴിയണമെന്നില്ല. പക്ഷപാതരഹിതമായ വായനാസമൂഹം നെഞ്ചേറ്റിയാല്‍ അവ അനശ്വരമാകുക തന്നെ ചെയ്യും.
 
നവമാധ്യമങ്ങള്‍ പുതുതലമുറ എഴുത്തുകാര്‍ക്ക് എത്രമാത്രം സഹായകമാകുന്നുണ്ട് ?
 
സാഹിത്യം എക്കാലത്തും ന്യൂനപക്ഷത്തിന്‍റേതാണ്. നവമാധ്യമങ്ങള്‍ ആര്‍ക്കും എന്തും എഴുതാനുള്ള അതിര്‍ത്തികളില്ലാത്ത സ്വാതന്ത്ര്യം നല്‍കുന്നു. പ്രകോപനപരമായി തന്ത്രപരമായി നീങ്ങിയാല്‍ സൈബര്‍ലോകത്ത് അഭിരമിക്കുന്ന ധാരാളം മനുഷ്യരെ ആരാധകരായി കിട്ടും. അല്‍പ്പകാലത്തേക്ക് മാത്രം നിലനില്‍ക്കുന്ന പ്രശസ്തിയാണ് നേട്ടം. വളരെ ക്രിയേറ്റീവായ ഒരിടം ആയി സൈബര്‍ ലോകത്തെ വീണ്ടെടുത്താല്‍ എഴുത്തില്‍ അതൊരു വിപ്ലവം തന്നെ സൃഷ്ടിക്കും. 
 
നല്ലത്-ചീത്ത, സത്യം-അസത്യം വിശ്വാസം-വഞ്ചന ഇതൊക്കെ ദ്വന്ദ്വങ്ങളായി എക്കാലത്തും ഉണ്ട്. എഴുത്തിലുമുണ്ട് ഇത്തരം വൈരുദ്ധ്യങ്ങള്‍. ചികഞ്ഞെടുക്കാന്‍ വിരുത് വേണം. സൂക്ഷ്മത വേണം, കരുതലും ശ്രദ്ധയും വേണം.പത്രാധിപരുടെ വാലില്‍ തൂങ്ങാതെ സ്വയം പ്രകാശിപ്പിക്കാനുള്ള ഒരു സ്പേസ് പരമാവധി ഉപയോഗപ്പെടുത്താനായാല്‍ നല്ലത്. അര്‍ഹതയുള്ളതാണെങ്കില്‍ അത്തരം രചനകള്‍ മാദ്ധ്യമ ഭേദമന്യേ പ്രസക്തിയാര്‍ജ്ജിക്കുക തന്നെ ചെയ്യും.
 
അച്ഛന്‍ സഹോദരി സാഹിത്യകുടുംബമാണ്. എഴുത്തില്‍ അച്ഛന്‍റെ സ്വാധീനം എത്രത്തോളമുണ്ട് ?
 
പലപ്പോഴും വീട് ഒരു എഴുത്തുവീടായി പരിണമിക്കുന്നു. പുസ്തകം പൂക്കുന്ന വീട്ടിലെ മഴപ്പക്ഷികളാണ് ഞാനും സഹോദരി സൂര്യയും. സൂര്യയില്ലാത്ത ഒരു എഴുത്തുലോകം ആലോചിക്കാനേ വയ്യ.  സൂര്യയ്ക്ക് കഥയെഴുതാനാണിഷ്ടം. അച്ഛന്‍റെ കവിതാവഴിയില്‍ ഞാനും.
 
രണ്ട് മക്കളുടെയും എഴുത്തില്‍ ഒരു കാലത്തും അച്ഛന്‍‌ നേരിട്ട് ഇടപെട്ടിരുന്നില്ല. പൊതുവായ, ആരോഗ്യകരമായ സാഹിത്യചര്‍ച്ചകള്‍ ഇടയ്ക്കിടെ ഉണ്ടാകും. അമ്മയാകും മോഡറേറ്റര്‍. സാഹിത്യത്തെക്കുറിച്ചും പൊതുവില്‍ ​എഴുത്തിനെക്കുറിച്ചും അച്ഛന്‍ പറയുന്നത് ഇങ്ങനെയാണ്. ''ജീവിതത്തിലേക്ക് കുറുക്കുവഴികളില്ല ; സാഹിത്യത്തിലും അങ്ങനെതന്നെ'' സ്വയം തെളിയിക്കാന്‍ എഴുതിയെഴുതി തെളിയണം. സ്വന്തം വഴിയിലെ വിളക്കാകണം കടമെടുത്ത വാക്കും ആശയങ്ങളും ഉപേക്ഷിക്കണം. നന്നായി വായിക്കണം. പഠിക്കണം. മനനം ചെയ്യണം.
 
ബാല്യത്തിലും കൗമാരത്തിലും അച്ഛന്‍ സ്വാധീനം അബോധമായി ഉള്ളില്‍ നിറയുമല്ലോ? പിന്നീട് ജീവിതത്തിന്‍റെ ഓരോ തെരഞ്ഞെടുപ്പിലും അച്ഛന്‍ സാന്നിദ്ധ്യം കരുത്തായി കൂടെയുണ്ടാകും. എഴുത്തില്‍ കുടുംബം തരുന്ന ശക്തി വളരെ വലുതാണ്. ഭര്‍ത്താവ് ജോബി ജോസഫും എഴുത്തിനെ പ്രാണന്‍ പോലെ സ്നേഹിക്കുന്നയാളായത് ഭാഗ്യമെന്നേ പറയേണ്ടൂ.
 
സ്വന്തം കൃതികളില്‍ ഏറ്റവും കൂടുതല്‍ അഭിനന്ദനം/ വിമര്‍ശനം ഏറ്റുവാങ്ങിയ കൃതി ?
 
കവിതാസമാഹാരങ്ങളായ ജീവന്‌റെ വാക്കുകള്‍, അവസാനത്തെ മനുഷ്യന്‍ എന്നിവ അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. വിമര്‍ശനങ്ങളെ കൂടുതല്‍ എഴുതാനുള്ള ഊര്‍ജമായി ഉള്ളില്‍ കരുതുന്നു. അഭിനന്ദനത്തില്‍ മതിമറക്കാതെ തലമറന്ന് എണ്ണതേക്കാത്ത വാക്കുകള്‍ക്കായി സ്വയം അലയുന്നു.
 
അവസാനത്തെ മനുഷ്യന്‍ കേരളസര്‍ക്കാരിന്‌റെ യുവജനമിഷന്‌റെ യൂത്ത് ഐക്കണ്‍ അവാര്‍ഡ്, (2016), സാഹിത്യ ശ്രീ അവാര്‍ഡ്(2016), വൈലോപ്പിള്ളി അവാര്‍ഡ് (2015), ആശാന്‍ പുരസ്‌കാരം(2015), എന്നിവ ലഭിക്കുകയുണ്ടായി. ഒരു പുസ്തകത്തിന് നാല് അവാര്‍ഡുകള്‍ ലഭിച്ചത് കൗതുകമായി.
 
മലയാളിയുടെ വായനാ മനോഭാവത്തെക്കുറിച്ച് ?
 
ആഴത്തില്‍ വായനയുള്ളവരാണ് മലയാളികള്‍. ലോകസാഹിത്യത്തെ നെഞ്ചോട് ചേര്‍ക്കുന്നവര്‍. പുതിയതിനെ തേടുന്നതിനൊപ്പം ക്ലാസിക്കുകള്‍ക്കും പ്രാധാന്യം നല്‍കുന്നവര്‍. മലയാളത്തില്‍ നിത്യം പുറത്തിറങ്ങുന്ന പുസ്തകങ്ങള്‍ സൂചിപ്പിക്കുന്നത് വായന മരിക്കുന്നില്ല എന്നാണ്. കവിതയെ അപേക്ഷിച്ച് കഥ, നോവല്‍ സങ്കല്‍പ്പങ്ങള്‍ക്ക് വായനക്കാരേറെയുണ്ട്. കവിത അതര്‍ഹിക്കുന്ന ഗൗരവത്തോടെ വായിക്കുന്നവരുമുണ്ട് കേരളത്തില്‍.
 
മലയാളി വായനക്കാര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കവിതകള്‍/ കവിതാസമാഹാരങ്ങള്‍ ?
 
പാരമ്പര്യ രചനകളാല്‍ സമൃദ്ധമാണ് മലയാള ഭാഷ. എഴുത്തച്ഛനും ശ്രീനാരായണഗുരുവും കവികളായിട്ടുള്ളവരല്ലേ നമ്മള്‍... ഇത്രയാഴത്തിലുള്ള രചനകള്‍ മറ്റെവിടെയുണ്ട്. ആ പാരമ്പര്യത്തില്‍ മുങ്ങിനിവരാതെ ഒരൊറ്റ കവിയും സ്വന്തം കാലില്‍ നിലനില്‍ക്കില്ല. ട്രഡീഷനെ ഭാരമായി കാണുന്നവരുണ്ട് നമുക്കിടയില്‍.പൈതൃകം ശാപമാണെന്ന് പറയുന്നവരുമുണ്ട് . എന്നാല്‍ ആ തലമുറയുടെ തുടര്‍ച്ച മാത്രമാണ് നമ്മളെന്ന് അവരെന്ന് തിരിച്ചറിയും.? പൈതൃകത്തെ തകിടം മറിക്കണമെങ്കില്‍ അതെന്താണെന്ന് തിരിച്ചറിയാനുള്ള ഒരു ശ്രമമെങ്കിലും നടത്തണ്ടേ? ശൂന്യതയില്‍ വാളു വീശി മുറക്കവിതകള്‍ എഴുതുന്ന ഗദ്യകവികളാല്‍ സമ്പന്നമാണ് നമ്മുടെ ഭാഷയിന്ന്. എതിര്‍പ്പുകള്‍ നല്ലതാണ്. എന്തിനേയാണ് എതിര്‍ക്കേണ്ടതെന്ന മിനിമം ബോധം ഉള്ളില്‍ നിറയ്ക്കാന്‍ നമ്മുടെ ഭാഷയിലെ മഹാരഥന്മാരായ എഴുത്തുകാരെ നിത്യം വായിച്ചാല്‍‌ മതിയാകും. ആശാന്‍, വൈലോപ്പിള്ളി, കടമ്മനിട്ട, സുഗതകുമാരി, വിജയലക്ഷ്മി........ആ ധാരയിങ്ങനെ നീളത്തില്‍ കിടക്കുന്നു. കൈക്കുടന്നയില്‍ എടുക്കാന്‍ പറ്റുന്നയത്രയും എടുത്തോളൂ...... വാരിധിയൊരിക്കലും വറ്റില്ലല്ലോ.........അല്ലേ?.
 
                                                                                                                                                
                                                                                                                            രമ്യ ഗംഗാധരന്‍