Wednesday 17th of October 2018

ഗുരുവചനം ആവര്‍ത്തിച്ച് പറയേണ്ട കാലം-കുരീപ്പുഴ ശ്രീകുമാര്‍

Category: Reading Room Published: Friday, 15 July 2016
 
  ച്ചടിക്കപ്പെടുന്ന വാക്കുകളേക്കാള്‍ ആസ്വാദക ഹൃദയങ്ങളുമായി നേരിട്ട് സംവദിക്കപ്പെടുമ്പോഴാണ് കവിത ആത്മാവുള്ളതാകുന്നതെന്ന് വിശ്വസിക്കുന്ന  എഴുത്തുകാരനാണ് കവി കുരീപ്പുഴ ശ്രീകുമാര്‍. കവിസദസ്സുകളില്‍ കുരീപ്പുഴ ശ്രീകുമാറിനെ കേള്‍ക്കാന്‍ ശ്രോതാക്കള്‍ ഏറുന്നതും സ്വയം അര്‍പ്പിച്ചുള്ള ഈ കവിതാലാപന ശൈലി കൊണ്ടാണ്. കവിത ജീവിതമാക്കി, എഴുത്തിന് വേണ്ടി ജീവിതം സമര്‍പ്പിക്കുമ്പോഴും സാമൂഹിക വിഷയങ്ങളില്‍ നിരന്തരം പ്രതികരിക്കാനും മനസ്സ് കാട്ടുന്നു ഈ എഴുത്തുകാരന്‍.  1975-ല്‍ മികച്ച കവിക്കുള്ള കേരള യൂനിവേഴ്സിറ്റിയുടെ അവാര്‍ഡ്, 1987-ല്‍ വൈലോപ്പിള്ളി അവാര്‍ഡ്, 2003-ല്‍ പെണങ്ങുണ്ണി എന്ന കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവ ലഭിച്ചു. ജസ്സി, ഹബീബിന്‍റെ ദിനക്കുറിപ്പുകള്‍, കീഴാളന്‍, ശ്രീകുമാറിന്റെ ദുഖങ്ങള്‍, രാഹുലന്‍ ഉറങ്ങുന്നില്ല, അമ്മ മലയാളം, സൂയിസൈഡ് പോയിന്‍റ്, പെണങ്ങുണ്ണി( ബാലസാഹിത്യം)എന്നിവ ശ്രദ്ധേയ കൃതികള്‍.   
 
 
യാത്രകള്‍, സജീവമായ കൂട്ടായ്മകള്‍. തിരക്കുകള്‍ക്കിടയില്‍ വായനയും എഴുത്തും എങ്ങനെ നടക്കുന്നു? 
 
വായന എന്റെ കുട്ടിക്കാലം മുതലേയുള്ള ഒരു സഹയാത്രികയാണ്. അതെല്ലാതെ ദിവസവും വായിക്കുന്നുണ്ട്. കുട്ടിക്കാലത്ത് പൂജ വയ്ക്കുന്ന ദിവസങ്ങളില്‍ വായന പാടില്ലായിരുന്നു, പക്ഷേ ആ ദിവസങ്ങളിലും ഞാന്‍ വായിച്ചിരുന്നു. ബൃഹദ്ഗ്രന്ഥങ്ങള്‍ പലതും യു.പി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ തന്നെ വായിക്കാന്‍ കഴിഞ്ഞു. കണ്ണിന് ചില അപ്രിയങ്ങള്‍ ഉള്ളത് കൊണ്ട് ഇപ്പോള്‍ വലിയ ഗ്രന്ഥങ്ങളുടെ വായന സാധിക്കുന്നില്ല. എന്നാല്‍ എല്ലാ ദിവസവും കവിത വായിക്കുകയും വായിക്കുന്ന കവിതകളില്‍ എന്തെങ്കിലും പ്രത്യേകതകള്‍ ഉണ്ട് എന്ന് തോന്നുന്ന രചനകള്‍  ദിവസും ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. ഓരോ ദിവസവും കുറഞ്ഞത് 200 പേരെങ്കിലും കവിത വായിക്കുന്നു. നവ മാധ്യമങ്ങള്‍ ബൃഹദ് ആഖ്യാനങ്ങളെ തിരസ്‌ക്കരിച്ച് കൊണ്ട് സൂക്ഷ്മതയിലേക്ക് ശ്രദ്ധ കേന്ദ്രീകരിപ്പിക്കുന്ന ഒരു വായനാരീതി മുന്നോട്ട് വച്ചിട്ടുണ്ട്. അതിവേഗതയുടേതായ ഈ കാലത്ത് ഈ വായനാരീതി അഭികാമ്യമാണ്. യാത്രയില്‍ എനിക്ക് മനുഷ്യ ജീവിതങ്ങളെയും വായിക്കാന്‍ കഴിയാറുണ്ട്.
 
സാമൂഹ്യ പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടാറുണ്ട്, സൃഷ്ടികള്‍ക്കപ്പുറം എഴുത്തുകാരനില്‍ നിന്ന്  സമൂഹം പ്രതീക്ഷിക്കുന്നതെന്താണ്?
 
സ്‌നേഹപൂര്‍ണമായ ഒരു ജീവിതം. കഴിഞ്ഞ ഫെബ്രുവരിയില്‍ 14 ദിവസം ഒരു സംഘം സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കൊപ്പം കേരളം മുഴുവന്‍ സഞ്ചരിച്ച് ജാതിയും മതവും അല്ല ജീവിതമാണ് പ്രധാനം എന്ന് പറഞ്ഞിരുന്നു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നിരവധി മനുഷ്യ സംഗമങ്ങളില്‍ ഈ ആശയം മുന്നോട്ട് വെച്ചു. എനിക്ക് തോന്നുന്നത് ഇപ്പോള്‍ എല്ലാ സാംസ്‌കാരിക പ്രവര്‍ത്തകരും നാരായണഗുരുവിന്റെ നമുക്ക് ജാതിയില്ല എന്ന ആശയം ആവര്‍ത്തിച്ചു പറയണം എന്നാണ്. സമാധാന പൂര്‍ണമായ ഒരു ജീവിതം ആഗ്രഹിക്കുന്ന സമൂഹം എല്ലാ എഴുത്തുകാരില്‍ നിന്നും ഇത് പ്രതീക്ഷിക്കുന്നുണ്ട്.
 
ചുറ്റും കാണുന്ന സംഭവങ്ങള്‍ കവിതയ്ക്ക് വിഷയമാകാറുണ്ടോ? താങ്കളുടെ എഴുത്തു രീതിയെക്കുറിച്ചു പറയാമോ?
 
ഞാന്‍ എഴുതുന്നത് മനസിലാണ്. യാത്രകള്‍ക്കിടയിലോ വെറുതെയിരിക്കുമ്പോഴോ മനസില്‍ എഴുതുകയും തിരുത്തുകയും ചെയ്യാറുണ്ട്. ഒടുവില്‍ മാത്രമാണ് എന്‌റെ എഴുത്ത് കടലാസില്‍ എത്തുന്നത്. 100 കവിതകള്‍ മനസില്‍ തോന്നിയാല്‍ 90 കവിതകളും മനസില്‍ വച്ച് തന്നെ കീറിക്കളയും. ബാക്കി വരുന്ന പത്ത് കവിതകള്‍ കടലാസില്‍ എഴുതിയിട്ട് ഒമ്പത് കവിതളും കീറിക്കളയും. അവശേഷിക്കുന്ന ഒറ്റ കവിത മാത്രമാണ് സമൂഹത്തിന് മുന്നില്‍ സമര്‍പ്പിക്കുന്നത്.
 
ജസ്സി, കീഴാളന്‍. ആസ്വാദക സദസ്സുകളില്‍ ഏറ്റവും അധികം ആവശ്യക്കാര്‍ ഉള്ളത് ഈ കവിതകള്‍ക്കാണ്. സ്വന്തം കൃതികളില്‍ ഏറ്റവും ഇഷ്ടമുള്ളതും ഇവയാണോ?
 
തൃപ്തികരമായി ഒരു കവിത ഇനിയും എനിക്ക് എഴുതേണ്ടതായിട്ടുണ്ട്. ജസിയും കീഴാളനും അടക്കമുള്ള എല്ലാ കവിതകളും എന്‌റെ പരിശ്രമങ്ങളാണ്. പലതും പരാജയപ്പെട്ട പരിശ്രമങ്ങള്‍.
 
താങ്കളെ ഏറ്റവും സ്വാധീനിച്ച കൃതി / സ്വാധീനിച്ച എഴുത്തുകാരന്‍ ?
 
നാടന്‍ പാട്ടുകാര്‍ മുതല്‍ എഴുതിത്തുടങ്ങിയ ഏറ്റവും പുതിയ കവി വരെ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. മലയാള കവിതയില്‍ എന്‌റെ മനസിനെ ആദ്യമായി തീപ്പിടിപ്പിച്ച കൃതി ചങ്ങമ്പുഴയുടെ 'പാടുന്ന പിശാച്' ആണ്.
 
സ്വന്തം കൃതികളില്‍ ഏറ്റവും കൂടുതല്‍ അഭിനന്ദനം/വിമര്‍ശനം ഏറ്റുവാങ്ങിയ കൃതി ?
 
അതേക്കുറിച്ച് അധികം ആലോചിച്ചിട്ടില്ല. എങ്കിലും എന്‌റെ ചില നഗ്നകവിതകള്‍ വധഭീഷണിക്കത്ത് അടക്കമുള്ള വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. 
          അഭിനന്ദനം ആണെങ്കില്‍ കവിത കേട്ട് കെട്ടിപ്പിടിച്ച് ചുംബിച്ചവരെ എനിക്ക് ഓര്‍മയുണ്ട്.
 
മലയാളി വായനക്കാര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട കവിതകള്‍/കവിതാസമാഹാരങ്ങള്‍?
 
കവിത എഴുതുവാന്‍ താല്‍പര്യമുള്ളവരാണെങ്കില്‍, മുന്‍പേ പോയിട്ടുള്ള എല്ലാ കവിതകളും വായിക്കുന്നത് നല്ലതാണ്. ഓരോ കവിയും ഓരോ സൗന്ദര്യപ്രപഞ്ചം ആവിഷ്‌ക്കരിച്ചിട്ടുണ്ട്. അതെല്ലാം പരിചയപ്പെടുന്നത് നന്നായിരിക്കും.
 
'ചായില്യം' എന്ന ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച അനുഭവങ്ങള്‍‌ ?
 
ഞാന്‍ ആദ്യമായി ഒരു സിനിമയ്ക്ക് പാട്ടെഴുതുന്നത് ചായില്യത്തിനാണ്. സിനിമാപാട്ട് എഴുതുവാന്‍ താല്‍പ്പര്യമുള്ള ഒരാളല്ല ഞാന്‍. ബഹ്‌റിനിലുള്ള എന്‌റെ ചില സുഹൃത്തുക്കള്‍ ഈ സിനിമയുടെ പ്രാധാന്യം ബോധ്യപ്പെടുത്തി തന്നപ്പോഴാണ് പാട്ടെഴുതാന്‍ തീരുമാനിച്ചത്. സ്ത്രീ വിമോചനമാണ് ചായില്യത്തിന്റെ കേന്ദ്രബിന്ദു. അമ്പിളിപ്പൂവുകള്‍ എന്ന് തുടങ്ങുന്ന ആ പാട്ട് റഫീഖ് അഹമ്മദിന്റെ പാട്ടിനൊപ്പം ദേശീയ തലത്തില്‍ പുരസ്‌കാരത്തിന് പരിഗണിച്ചിരുന്നു. എന്നേക്കാള്‍ ഈ മേഖലയില്‍ അര്‍ഹതയുള്ളത് റഫീഖിനാണ്. എന്തായാലും കേന്ദ്രജൂറി മലയാളം പാട്ടുകളെ ഒഴിവാക്കി ഒരു ഹിന്ദി പാട്ടിന് ദേശീയ പുരസ്‌കാരം നല്‍കുകയായിരുന്നു. മനോജ് കാന ഈ സിനിമയിലൂടെ നമുക്ക് കിട്ടിയ മുത്താണ്.
ഓണ്‍ലൈന്‍ സാഹിത്യത്തെക്കുറിച്ച്? മലയാളിയുടെ വായനാ മനോഭാവത്തെക്കുറിച്ച് ?
 
ഓണ്‍ലൈന്‍ സാഹിത്യരംഗം വനിതകളെ നന്നായി അംഗീകരിക്കുന്നുണ്ട്. നമ്മുടെ ഭാഷ വനിതകളെ സമ്പൂര്‍ണമായി ഒഴിവാക്കിയിരുന്നല്ലോ..നമുക്ക് എഴുത്തച്ഛനേ ഉള്ളൂ, എഴുത്തമ്മയില്ല. നാലു പേര്‍ക്ക് അറിയാവുന്ന താരാട്ട് പാട്ട് പോലും പുരുഷന്‍ എഴുതിയതാണ്. നവമാധ്യമങ്ങളില്‍ സ്ത്രീകള്‍ ഒളിപ്പോരാളികളെപ്പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. പല വനിതകളും വേറെ പേരുകളില്‍ എഴുതുകയും അവയൊക്കെ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. നവമാധ്യമങ്ങള്‍ തടസങ്ങള്‍ ഇല്ലാത്ത പ്രസാധനത്തേയും എഴുത്തിനേയും പ്രകാശിപ്പിക്കുന്നുണ്ട്. നമ്മുടെ എഡിറ്റര്‍ നമ്മള്‍ തന്നെയാണ്. അതുകൊണ്ട് കരുതലോടെ വേണം ഓരോ പോസ്റ്റും നിര്‍വഹിക്കാന്‍. 
         കവിതയുടെ കാര്യത്തില്‍ എനിക്ക് ആശങ്കകള്‍ ഇല്ല. മലയാള കവിതാരംഗം എഴുത്തിലും വായനയിലും വളരെ സജീവമാണ്. 
 
 
                                                                                                                            രമ്യ ഗംഗാധരന്‍