Tuesday 12th of November 2019

എഴുത്തും ഒരു സമരരൂപമാണ് -അംബികാസുതന്‍ മാങ്ങാട്

Category: Reading Room Published: Tuesday, 08 March 2016
 ടക്കന്‍ കേരളത്തിലെ നാട്ടുഭാഷയുടെ ചൂരും തെയ്യങ്ങളുടെ ചെണ്ടക്കൂറ്റും നിറഞ്ഞ കഥകളിലൂടെ മലയാള ചെറുകഥാരംഗത്ത് ആധുനികാനന്തര തലമുറയില്‍ ശ്രദ്ധേയനായി വളര്‍ന്ന കഥാകാരനാണ് അംബികാസുതന്‍ മാങ്ങാട്. പാരിസ്ഥിതിക ചൂഷണങ്ങള്‍ക്കെതിരെ പ്രതിരോധമായി  നിരവധി പരിസ്ഥിതികഥകളെ ഴുതിയ ഈ കഥാകൃത്ത് പില്‍ക്കാലത്ത് ഒരു നിയോഗമെന്ന പോലെ കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ വിരുദ്ധസമര നേതൃനിരയില്‍ പ്രവര്‍ത്തിക്കുകയും എഴുത്തുകാരന്റെ കര്‍ത്തവ്യം ഇരകള്‍ക്കൊപ്പം നില്‍ക്കുകയാണെന്ന് തെളിയിക്കുകയും ചെയ്തു.  സാഹിത്യകാരന്‍, ആക്ടിവിസ്റ്റ്, മികച്ച കലാലയാധ്യാപകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അംബികാസുതന്‍ മാങ്ങാട് തിരഞ്ഞെടുത്ത കഥകള്‍, നീരാളിയന്‍, രാത്രി, രണ്ടു മത്സ്യങ്ങള്‍ തുടങ്ങിയ കഥാസമാഹാരങ്ങളും മരക്കാപ്പിലെ തെയ്യങ്ങള്‍, എന്‍മകജെ എന്നീ നോവലുകളും  സി പി അച്ച്യുതമേനോനും മലയാള വിമര്‍ശനവും, ഓര്‍മ്മകളുടെ നിണബലി, ബഷീര്‍: ഭൂമിയുടെ കാവല്‍ക്കാരന്‍ എന്നീ നിരൂപണ ഗ്രന്ഥങ്ങളും  രചിച്ചിട്ടുണ്ട്. അങ്കണം, കാരൂര്‍, ഇതള്‍, ഇടശ്ശേരി, ചെറുകാട്, അബുദാബി ശക്തി, മലയാറ്റൂര്‍ പ്രൈസ്, വി ടി ഭട്ടതിരിപ്പാട്, എസ് ബി ടി  തുടങ്ങിയ അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തി. 
 
എഴുത്തുകാരന്‍ ആക്ടിവിസ്റ്റ് ആകണമെന്ന് പുതിയകാലം ആവശ്യപ്പെടുന്നുണ്ടോ?
 
തീര്‍ച്ചയായും. എഴുത്ത് തന്നെയാണ് എഴുത്തുകാരന്റെ ആക്ടിവിസം. എങ്കിലും എഴുത്ത്  ചുമതലയില്‍ നിന്നും ചിലപ്പോള്‍ നേരിട്ട് സമൂഹത്തിലേക്കിറങ്ങാന്‍ എഴുത്തുകാരന്‍ ബാധ്യസ്ഥനായേക്കാം. അത് പുതിയകാലം മാത്രം ആവശ്യപ്പെടുന്നതല്ല. എല്ലാ കാലത്തും അങ്ങനെ സംഭവിച്ചിട്ടുണ്ട്.  നാം ഓര്‍ക്കാത്തത് കൊണ്ടാണ്. കവിത്രയത്തിന്റെ കാര്യം മാത്രം എടുത്തു നോക്കൂ. ഏറ്റവും വലിയ കവിയായ കുമാരനാശാന്‍ രണ്ടു ദശകത്തോളം ഗുരുദേവന്‍ രൂപീകരിച്ച എസ് എന്‍ ഡി പി യുടെ സെക്രട്ടറി കസേരയിലിരുന്നത്. ഉളളൂര്‍ കവി മാത്രമായിരുന്നില്ല, റവന്യൂ കമ്മീഷണറായിരുന്നു, മലയാളം ക്യുറേറ്ററായിരുന്നു. കേരള സാഹിത്യ പരിഷത്ത് ഉണ്ടായപ്പോള്‍ ആദ്യ പ്രസിഡണ്ടായി. കൊച്ചിയിലെ ഭാഷാപരിഷ്‌കരണ സമിതിയിലെ അംഗം, മദ്രാസ്, തിരുവിതാംകൂര്‍ സര്‍വ്വകലാശാലകളിലെ  ഉയര്‍ന്ന പദവികള്‍ ഇങ്ങനെയൊക്കെ  പ്രതിബദ്ധനായിരുന്നു ഉളളൂര്‍. വളളത്തോളോ? കഥകളിക്കും കൂത്തമ്പലത്തിനും വേണ്ടി കേരളം മുഴുവന്‍ പിച്ചച്ചട്ടിയുമായി  അലഞ്ഞു നടന്നില്ലേ? സൈലന്റ് വാലി തൊട്ടുളള സുഗതകുമാരിയുടെ പ്രവര്‍ത്തനങ്ങള്‍  നോക്കൂ. എന്നെ സംബന്ധിച്ചിടത്തോളം എഴുത്തും ആക്ടിവിസവും ഒരുപോലെയുളള സമരരൂപങ്ങളാണ്.
 
ഏറ്റവും കൂടുതല്‍ തെയ്യം കഥകളെഴുതിയ കഥാകാരനാണ് താങ്കള്‍. എഴുത്തില്‍ തെയ്യം നിരന്തര  ഊര്‍ജ്ജമാകുന്നതെങ്ങനെ?
 
തെയ്യം ഞങ്ങളുടെ ചോരഞരമ്പുകളിലുണ്ട്. അമ്മയുടെ ഗര്‍ഭപാത്രത്തില്‍ കിടക്കുമ്പോഴേ ചെണ്ടക്കുറ്റും ഉരിയാട്ടവും ഞാന്‍ കേട്ടിട്ടുണ്ടാവണം. അതുകൊണ്ടാവാം ഇപ്പോഴും അവ കേള്‍ക്കുമ്പോള്‍ എനിക്ക് രോമാഞ്ചമുണ്ടാകും.ചെണ്ടക്കൂറ്റ് പോലെ എന്നെ മോഹിപ്പിക്കുന്ന മറ്റൊരു ശബ്ദമില്ല.അതുകൊണ്ട് എന്റെ എഴുത്തില്‍ തെയ്യങ്ങള്‍ ആവര്‍ത്തിച്ച് ഉറഞ്ഞാടുന്നതില്‍ അത്ഭുതമില്ല.എന്നാല്‍ തെയ്യപുരാവൃത്തങ്ങള്‍ ആഖ്യാനിക്കാനല്ല ഞാന്‍ തെയ്യം കഥകള്‍ എഴുതുന്നത്.പുതിയകാലത്തിന്റെ സമസ്യ,സര്‍വ്വകാലത്തിന്റേയും സമസ്യകളെ ചിത്രീകരിക്കാനാണ് ഞാന്‍ നോക്കിയിട്ടുള്ളത്. സങ്കീര്‍ണ്ണമായ മനുഷ്യാവസ്ഥകളെ,പരിസ്ഥിതി പ്രശ്‌നങ്ങളെ, പ്രാന്തവല്‍കരിക്കപ്പെട്ടവരുടെ നിലവിളികളെ, ടൂറിസം വ്യവസായത്തിന്റെ കെടുതികളെ ഒക്കെ വിശകലന വിധേയമാക്കുവാന്‍ ഞാന്‍ തെയ്യം കഥകളിലൂടെ ശ്രമിച്ചിട്ടുണ്ട്.മരക്കാപ്പിലെ തെയ്യങ്ങള്‍ എന്ന നോവല്‍ തന്നെ ഉദാഹരണമാണ്.
എഴുത്തിന്റെ 40 വര്‍ഷം കഴിഞ്ഞല്ലോ. താങ്കളുടെ  പുതിയ  രചനകളുടെ പ്രത്യേകതകളെക്കുറിച്ചും എഴുത്തു രീതിയെക്കുറിച്ചും പറയാമോ?
 
ആറാംക്‌ളാസില്‍ പഠിക്കുമ്പോള്‍ കയ്യെഴുത്തുമാസികയില്‍ പ്രസിദ്ധീകരിച്ച ജീവിത പ്രശ്‌നങ്ങള്‍ എന്ന കഥയാണ് ആദ്യകഥ.അങ്ങനെ നോക്കുമ്പോള്‍  എഴുത്തിന്റെ നാല് പതിറ്റാണ്ട് കഴിഞ്ഞു.ഈ നാല്‍പ്പത് കൊല്ലത്തിലും ജീവിത പ്രശ്‌നങ്ങള്‍ തന്നെയാണ് ഞാന്‍ എഴുതിക്കൊണ്ടിരിക്കുന്നത്. ജീവിതയാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് കാല്പനികാരാമങ്ങളുടെ മലരൊളി തിരളും മധു ചന്ദ്രികയിലേക്ക് ഞാന്‍ ഒളിച്ചോടിയിട്ടില്ല.മറിച്ച് രണ്ടായിരത്തിനുശേഷം മരക്കാപ്പിലെ തെയ്യങ്ങള്‍, എന്‍മകജെ, തോക്ക്,നീരാളിയന്‍,രണ്ട് മത്സ്യങ്ങള്‍ തുടങ്ങിയ രചനകളിലൂടെ മനുഷ്യന്‍ അനുഭവിക്കുന്ന അനുഭവിക്കാന്‍  പോകുന്ന ഭയാനകമായ ജീവിത പ്രശ്‌നങ്ങളിലേക്കാണ് ഞാന്‍ വിരല്‍ ചൂണ്ടാന്‍ ശ്രമിച്ചിട്ടുള്ളത്.സമീപകാലത്ത് ഞാന്‍ എഴുതിയ ലേഖനങ്ങളും കഥകളും പാരിസ്ഥിതികമായ വിവേകമില്ലായ്മയെ ചോദ്യം ചെയ്യുന്നവയാണ്.
 
മരക്കാപ്പിലെ തെയ്യങ്ങള്‍ എന്ന നോവല്‍ മലയാളത്തില്‍ ഒരു വ്യാഴവട്ടക്കാലത്തിനിടയ്ക്കുണ്ടായ മികച്ച കൃതികളില്‍ ഒന്നാണ്. ഏറ്റവും ഇഷ്ടപ്പെട്ട സ്വന്തം കൃതി അതാണോ?
 
എന്റെ എല്ലാ കൃതികളോടും എനിക്ക് മമതയുണ്ട്.ഒരമ്മയ്ക്ക് കുഞ്ഞുങ്ങളോടെന്നപോലെ. ഏറെ വേദനിച്ചും അസ്വാസ്ഥ്യപ്പെട്ടുമാണ് ഒരോ രചനയും പിറക്കുന്നത്. പൊക്കിള്‍ക്കൊടി മുറിച്ചു മാറ്റിയാലും അതിനോടുള്ള ഇഷ്ടം ബാക്കിയുണ്ടാകും. മരക്കാപ്പിനെ സംബന്ധിച്ചേടത്തോളം കാലദേശങ്ങളെ കുറച്ചുക്കൂടി ആഴത്തില്‍ രേഖപ്പെടുത്താന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. വലിപ്പക്കുറവുണ്ടെങ്കിലും തോക്ക്,നീരാളിയന്‍ പോലുള്ള കഥകള്‍ ആഴത്തില്‍ വായിക്കപ്പെടേണ്ടവയാണ്.പക്ഷേ എന്തുകൊണ്ടോ ചെറുകഥകള്‍ മലയാളത്തില്‍ വിമര്‍ശകര്‍ പരിഗണിക്കാറില്ല.അത്യാപൂര്‍വ്വമായേ പഠനങ്ങള്‍ ഉണ്ടാവാറുള്ളൂ.
 
മറ്റ് എഴുത്തുകാരുടെ കൃതികളെ വിമര്‍ശനപരമായി  വിലയിരുത്തിക്കൊണ്ടുളള രചനകള്‍ താങ്കള്‍ മുമ്പ് ധാരാളമായി രചിച്ചിട്ടുണ്ട്. ഇപ്പോള്‍ അത്തരം ഉദ്യമങ്ങള്‍ കാണുന്നില്ല. സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെടുമ്പോഴുളള തിരക്കുകള്‍ക്കിടയില്‍ വായന എങ്ങനെ  നടക്കുന്നു? 
 
 
എല്ലാകാലത്തും ഒറ്റപ്പെട്ട പഠനങ്ങള്‍ പ്രശസ്തകൃതികളെക്കുറിച്ച് എഴുതിയിട്ടുണ്ട്. അതെല്ലാം കൂടി മൂന്നു നാല് നിരൂപണ ഗ്രന്ഥങ്ങളില്‍ ഉണ്ട്.ഇപ്പോള്‍ സമയം തീരെ കിട്ടാത്തതിന്റെ പ്രശ്‌നമുണ്ട്.യാത്രകളും പ്രസംഗങ്ങളും കൂടുതല്‍ വേണ്ടിവരുന്നു.എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്തതുകൊണ്ട് അതിന്റെ ഭാഗമായുള്ള നിരവധി മീറ്റിംഗുകളില്‍ പങ്കെടുക്കേണ്ടി വരാറുണ്ട്. വായനയും പ്രശ്‌നമായി വരാറുണ്ട്.എങ്കിലും അത്യാവശ്യം വായനയ്ക്ക് എന്നും സമയം കണ്ടെത്താറുണ്ട്.വായന പ്രാണവായുപോലെയാണ്.വായിക്കുന്നില്ലെങ്കില്‍ പിന്നെ എന്ത് ജീവിതം?
 
 
എഴുത്തുകാരന്‍ അവനവന്റെ കൃതിക്ക് പി ആര്‍ ഒ ആയി പ്രവര്‍ത്തിച്ചില്ലെങ്കില്‍ എത്ര മികച്ച കൃതിയും അവഗണിക്കപ്പെടുന്ന ഒരു കാലമാണിത്. പുതിയ കാലത്ത് വായനക്കാര്‍ക്കുണ്ടായിരിക്കേണ്ട ജാഗ്രത എന്താണ്?
 
നവമാധ്യമങ്ങളില്‍  എഴുത്തുകാര്‍ പലരും സ്വന്തം കൃതികള്‍ക്ക് പലതരത്തിലുള്ള പരസ്യങ്ങള്‍ കൊടുക്കുന്നത് കാണാറുണ്ട്.അതില്‍ തെറ്റുണ്ട് എന്നു പറഞ്ഞുകൂടാ.എങ്കിലും ഞാന്‍ അങ്ങനെ ചെയ്യുന്നതില്‍ വളരെ പിന്നിലാണ്. പലപ്പോഴും അതിനുവേണ്ട സമയം കണ്ടെത്താനാകുന്നില്ല.അങ്ങനെ ചെയ്തില്ലെങ്കിലും പുസ്തകങ്ങള്‍ വിറ്റുപോകും എന്നു ഞാന്‍ വിശ്വസിക്കുന്നു.
 
              വായനക്കാര്‍ക്ക് ഉണ്ടാവേണ്ട ജാഗ്രത എന്താണ്?പരസ്യങ്ങളില്‍ തട്ടിവീഴാതിരിക്കുക എന്നുള്ളത് തന്നെയാണ്.നല്ല പുസ്തകങ്ങള്‍ തേടിപ്പിടിക്കുക എന്നതാണ്.
 
പരിസ്ഥിതി കഥകളില്‍ സമീപകാലത്തെഴുതിയ രണ്ട്  മത്സ്യങ്ങള്‍ ശ്രദ്ധേയമായി. എന്‍മകജെ എന്ന നോവല്‍ ഇപ്പോഴും ചര്‍ച്ച  ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. താങ്കളുടെ രചനകള്‍ വായനക്കാരുടെ മനസ്സില്‍ എത്രത്തോളം പരിവര്‍ത്തനമുണ്ടാക്കിയിട്ടുണ്ട്? അതിന്റെ തെളിവുകള്‍ പറയാമോ? 
 
രണ്ട് മത്സ്യങ്ങള്‍ എന്ന കഥ ഇപ്പോള്‍ എട്ടാം ക്‌ളാസില്‍ പഠിക്കാനുണ്ട്.കുട്ടികള്‍ ഏറെ ഇഷ്ടപ്പെടുന്നുണ്ട് ആ കഥ എന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നുകൊണ്ടോയിരിക്കുന്ന പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാണ്.കുട്ടികളുടെ മനസ്സില്‍ പരിസ്ഥിതിയെക്കുറിച്ചും വികസനത്തെക്കുറിച്ചും ആഴത്തിലുള്ള ബോധ്യങ്ങള്‍ തീര്‍ക്കാന്‍ ആ കഥയ്ക്ക് കഴിയുമെന്ന് എനിക്കുറപ്പുണ്ട്. രചനകള്‍  വായനക്കാരന്റെ തൊലിപ്പുറത്ത് കൂടി പോകേണ്ടവയല്ല. മറിച്ച്,അവനെ ആഴത്തില്‍ നേരിടണം. വായിച്ചു കഴിഞ്ഞാലും വായനക്കാരനെ വിടാതെ പിന്‍തുടരണം.എന്‍മകജെ വലിയ പ്രതികരണം ഉണ്ടാക്കിയ കൃതിയാണ്. രാസകീടനാശിനികളെക്കുറിച്ച്, പരിസ്ഥിതി വിവേകമില്ലായ്മയെക്കുറിച്ച് ആ കൃതി വലിയ അവബോധം ഉണ്ടാക്കിയതായി പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവിശ്വസനീയമായ  നിരവധി പ്രതികരണങ്ങള്‍ വായനക്കാരില്‍ നിന്നും  ആ പുസ്‌കത്തിനുണ്ടായിട്ടുണ്ട്.  ഒരു വലിയ പുസ്തകം എഴുതാന്‍ മാത്രം അനുഭവങ്ങള്‍ ഉണ്ട്.  
 
                                                                                                                             ഷാനി.കെ