Saturday 21st of April 2018

വായന മധുരം നുണയുംപോലെ പ്രിയം-സുഭാഷ് ചന്ദ്രന്‍

Category: Reading Room
Published: Wednesday, 17 June 2015

മലയാളത്തിലെ ശ്രദ്ധേയനായ കഥാകൃത്ത്. 1972 ല്‍ ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരില്‍ ജനിച്ചു. മലയാളത്തില്‍ ഒന്നാം റാങ്കോടെ മാസ്റ്റര്‍ ബിരുദം. ഇപ്പോള്‍ ബാലഭൂമിയില്‍ ജോലിചെയ്യുന്നു. ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം ആദ്യകഥാസമാഹാരം. മനുഷ്യന് ഒരാമുഖം, ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം, പറുദീസാനഷ്ടം, ബ്ലഡി മേരി ദാസ് ക്യാപ്പിറ്റല്‍,മധ്യേയിങ്ങനെ കാണുന്ന നേരത്ത്, തല്‍പ്പം തുടങ്ങിയവ പ്രമുഖ കൃതികള്‍. കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം(2011), കേന്ദ്രസാഹിത്യ അക്കാദമി പുരസ്ക്കാരം(2014), ഓടക്കുഴല്‍ അവാര്‍ഡ് (2011)എന്നിവ ലഭിച്ചു.

 

 അടുത്തിടെ വായിച്ച പുസ്തകത്തെക്കുറിച്ച് ?

 

വാഗ്ഭടാനന്ദ ഗുരുദേവന്റെ സമ്പൂര്‍ണ്ണകൃതികളാണ് ഏറ്റവും അവസാനം വായിച്ച പുസ്തകം. (മാതൃഭൂമി ബുക്സ് പ്രസിദ്ധീകരണം.) അസാധാരണമായ ഉള്‍വെളിച്ചമുള്ള അദ്ദേഹത്തിന്‍റെ ആശയങ്ങളിലൂടെ കടന്നുപോയപ്പോള്‍ കേരളത്തിന്‍റെ ഒരു കാലത്തെ ധന്യമായ ആത്മീയജീവിതങ്ങളെക്കുറിച്ചോര്‍ത്ത് അഭിമാനമുണ്ടായി. ഇന്ന് എത്ര കെട്ടവരാണ് നമ്മുടെ ആത്മീയനേതാക്കന്മാര്‍ എന്നോര്‍ത്ത് മനംമറിപ്പുണ്ടായി. നമ്മള്‍ സാധാരണക്കാര്‍ക്ക് കെെചൂണ്ടിക്കാണിക്കാന്‍ അസാമാന്യനായ ഒരു മലയാളി ആ മേഖലയില്‍ ഇല്ലെന്നോര്‍ത്ത് നിരാശയുണ്ടായി. ഇന്ത്യന്‍ ആത്മീയതയെ ഹൈജാക്ക് ചെയ്തിരിക്കുന്ന മതാധിഷ്ഠിത പാര്‍ട്ടികളെക്കുറിച്ച് ഓര്‍ത്തപ്പോള്‍ രോഷമുണ്ടായി.

 

വായിച്ചതില്‍ ഏറ്റവുമധികം സ്വാധീനിച്ച പുസ്തകം ?

 

ദസ്തയേവ്സ്കിയുടെ കാരമസോവ് സഹോദരന്മാര്‍. കാരണം എഴുത്തിന് മാത്രം സാധ്യമാകുന്ന സൗന്ദര്യസൃഷ്ടിയാണ് അത്. അതീന്ദ്രിയമായ ഒരു സ്വപ്നാനുഭവം. ജീവിതത്തെ ഉഗ്രമാക്കുന്ന കഥാഖ്യാനം. മനുഷ്യമനസ്സിന്‍റെ ആന്തരികമായ ഭൂമിശാസ്ത്രം. സര്‍ഗാത്മകതയുടെ ലാവാപ്രവാഹം.

 

വായിച്ച് പൂര്‍ത്തിയാക്കാതെ മാറ്റി വയ്‌ക്കേണ്ടി വന്ന പുസ്തകം ?

 

കസാന്ത്സാക്കീസിന്റെ  ആത്മകഥയായ റിപോര്‍ട്ട് ടു ഗ്രീക്കോ. അതിസുന്ദരമായ ആ ഗദ്യാഖ്യാനത്തിലൂടെ അധികനേരം എനിക്ക് സഞ്ചരിക്കാനാവില്ല.

 

വായന പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനു കാരണം?

 

ഒരു പുറം വായിക്കുമ്പോള്‍ തന്നെ ഞാന്‍ ഒരായിരം സമാന്തരസ്വപ്നാനുഭവങ്ങളിലേക്ക് വഴിതെറ്റും. അതോടെ വായന മുടങ്ങും. കൊച്ചുകുട്ടികള്‍ മധുരപലഹാരം തിന്നുന്നതുപോലെ ആസ്വദിച്ച് ആസ്വദിച്ച് അത് ഇന്നും വായിക്കുന്നു. വായിച്ച പുറങ്ങള്‍ വീണ്ടും വായിക്കുന്നു. ഇരുപതുവര്‍ഷമായി എന്നോടൊപ്പമുള്ള ആ പുസ്തകം ഞാന്‍ ഇന്നും മുഴുവനായി വായിച്ചിട്ടില്ല!