Saturday 21st of April 2018

“ഖസാക്ക്”തലമുറകളുടെ എഴുത്തിനെ സ്വാധീനിച്ച കൃതി –വി.ജെ ജയിംസ്

Category: Reading Room
Published: Saturday, 26 September 2015

ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശി. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ എഞ്ചിനീയര്‍. ആദ്യ നോവല്‍ പുറപ്പാടിന്റെ പുസ്തകം. ചോരശാസ്ത്രം,ലെയ്ക്ക,ദത്താപഹാരം, ഒറ്റക്കാലന്‍ കാക്ക,നിരീശ്വരന്‍ എന്നീ നോവലുകളും ശവങ്ങളില്‍ പതിനാറാമന്‍, ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങള്‍, വ്യാകുുലമാതാവിന്റെ കണ്ണാടിക്കൂട് എന്നീ കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചു. മലയാറ്റൂര്‍പ്രൈസ്, ഡി.സി ബുക്‌സ് സില്‍വര്‍ജൂബിലി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
 
 

വായിച്ചതില്‍ ഏറ്റവുമധികം സ്വാധീനിച്ച പുസ്തകം ?

 

രണ്ട് തലത്തില്‍നിന്ന് കൊണ്ട് ഉത്തരം പറയേണ്ടതായ ചോദ്യമാണിത്. അതിലൊന്ന്  സാഹിത്യത്തിന്റേതായ തലവും മറ്റൊന്ന് ദാര്‍ശനികതലവുമാണ്. സ്വന്തം എഴുത്തില്‍ സാഹിത്യവും ദാര്‍ശനികതയും ഇടലകലരാന്‍ ഇടയായ രണ്ട് പുസ്തകങ്ങളെ ഒന്ന് ചേര്‍ത്ത്  എനിക്ക് ചിന്തിക്കേണ്ടി വരുന്നു. അതില്‍ ആദ്യത്തേത് 'ഖസാക്കിന്റെ ഇതിഹാസ'മായിരുന്നു. അതുവരെയുള്ള വായനാനുഭവത്തില്‍നിന്ന് എന്നെ വഴിമാറ്റി നടത്തിച്ച പുസ്തകം. വേനലില്‍ പൊടുന്നനെ ഇടിവെട്ടിയതിന്റെ അപ്രതീക്ഷിതത്വവുമായാണ് 'ഖസാക്ക്' എന്നില്‍ പ്രവേശിച്ചത്. അന്നോളം പരിചയിച്ചിട്ടില്ലാത്ത ഇടങ്ങള്‍‌, ഭാഷ അവതരണം തുടങ്ങി അതിന്റെ തികച്ചും നവ്യമായ ഭാവുകത്വം എന്നെ സ്വാധീനിച്ചത് കുറച്ചൊന്നുമല്ല. എന്തെഴുതാന്‍ തുടങ്ങിയാലും ഒ.വി വിജയനെപ്പോലെ ആവുന്ന വിധത്തില്‍ തലമുറകളുടെ എഴുത്തിനെ അത്രകണ്ട് സ്വാധീനിച്ച പുസ്തകമാണ് 'ഖസാക്ക്'. അതുപോലെ എന്റെ സ്വത്വത്തെ ആകെ മഥിച്ച മറ്റൊരു കൃതി 'യോഗവാസിഷ്ഠം' ആയിരുന്നു. ഏതാണ്ട് ഇരുപത്തഞ്ച് വയസ്സുള്ളപ്പോഴാണ് ഞാനത് വായിച്ചത്. അസ്തിത്വത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ഗതിവേഗം കൂട്ടാനും പലവഴികളില്‍ അന്വേഷിച്ചു ചെല്ലാനും എന്നെ നിര്‍ബന്ധിച്ച കൃതിയായിരുന്നു അത്. അതിനുള്ളിലെ പൊരുളുകളിലേക്ക് കടന്നു ചെല്ലാന്‍ ഒരു സൂക്ഷ്മവഴിയുണ്ട്. അതിന് സമീപമെത്താത്തവര്‍ക്ക് കേവലമായ കെട്ടുകഥ മാത്രമായിരിക്കുമത്. നിരുപാധികമായ സാഹിത്യകൗതുകങ്ങളില്‍നിന്ന്  അസ്തി ത്വസംബന്ധിയായ ദര്‍ശനങ്ങളിലേക്ക് സഞ്ചരിക്കാനും അതിന്റെ അനുഭവതലത്തിലേക്ക് ചുവടുവയ്ക്കാനും ഇടയാക്കിയ കൃതി. പിന്നീടുള്ള എന്റെ എഴുത്തുജീവിതം നിശ്ചയിക്കുന്നതില്‍ ഇവ രണ്ടും ഒരു തലത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് തീര്‍ച്ച.

 

ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്ന കൃതി ?

 

വാങ്ങിവച്ച ഒരുപാട് പുസ്തകങ്ങള്‍വായിച്ചു തീര്‍ക്കാനുണ്ട്. ഇപ്പോള്‍വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകം എന്നതിന് പകരം, പുസ്തകങ്ങള്‍ എന്ന ബഹുവചന ത്തിലേക്ക് ഞാനീ ചോദ്യങ്ങള്‍ തിരുത്തുന്നു.

ഒന്ന് തീര്‍ത്തിട്ട് മാത്രം മറ്റൊന്നില്‍  പ്രവേശിക്കണമെന്നില്ലാതെ രണ്ട് പുസ്തകങ്ങളിലൂടെയാണ് ഞാനിപ്പോള്‍ സഞ്ചരിക്കുന്നത്. എന്.എസ് മാധവന്റെ പഞ്ചകന്യകകള്‍ ​എന്ന സമാഹാരമാണ് ആദ്യത്തേത്. പല കഥകള്‍ ചേര്‍ത്തടുക്കിയ സമാഹാരം വായിക്കുമ്പോള്‍  ഞാനവ ഒന്നിന് പിറകെ ഒന്നായി വായിച്ചു തീര്‍ക്കില്ല. ഒരേ എഴുത്തുകാരന്റെ കഥകള്‍ അടുപ്പിച്ചടുപ്പിച്ച് വായിച്ചാല്‍ പാരായണത്തിന്റെ ആസ്വാദ്യതയ്ക്ക് മങ്ങലേല്ക്കുന്നതായി എനിക്കനുഭവപ്പെട്ടിട്ടുണ്ട്. അതിനാല്‍ ഓരോ കഥയും വായിച്ച ശേഷം ഞാന്‍ പുസ്തകം മാറ്റി വയ്ക്കും. പിന്നെ വായിക്കുക മറ്റെന്തെങ്കിലുമായിരിക്കും. എന്‍.എസ് മാധവനെ വായിക്കുമ്പോള്‍തന്നെ  സമാന്തരമായി ഞാനിപ്പോള്‍ കടന്നു പോകുന്നത് ഓര്‍ഹന്‍ പാമുഖിന്റെ   ' The naïve and the sentimental novelist ' എന്ന കൃതിയിലൂടെയാണ്. ഹാര്‍വാര്‍ഡ്  യൂനിവേഴ്സിറ്റിയില്‍‌ പാമുഖ് നടത്തിയ പ്രഭാഷണം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചതാണിത്. നോവലായി വായിക്കുമ്പോള്‍ വായനക്കാരന്റെ ഉള്ളില്‍  ഉണ്ടാകുന്ന സുക്ഷ്മചലനങ്ങളെയും രചനയില്‍ എഴുത്തുകാരന്‍ കടന്നു പോകുുന്ന ആത്മഭാവങ്ങളെയും സമര്‍ത്ഥമായി അനുഭവപ്പെടുത്തുന്ന കൃതി.

 

ഏറ്റവുമധികം വിമര്‍ശനം/പ്രതികരണം ഏറ്റുവാങ്ങിയ കൃതി ?

 

എന്തുകൊണ്ടെന്നറിയില്ല. കാര്യമായ എതിര്‍സ്വരങ്ങള്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാലും രസകരമായ ചില നിരീക്ഷണങ്ങള്‍ ഉള്ളത് ആദ്യ കൃതിയായ 'പുറപ്പാടിന്റെ പുസ്തകം' എന്ന നോവലിനെക്കുറിച്ചാണ്. 'പുറപ്പാടിന്റെ പുസ്തകം' പുറത്തിറങ്ങിയപ്പോള്‍ നൂറുകണക്കിന് അനുമോദനക്കത്തുകള്‍ കിട്ടുകയും ഞാന്‍അവയ്ക്കൊക്കെ മറുപടി അയയ്ക്കുകയും ചെയ്യുമായിരുന്നു. ആ കൃതിയുടേതായി ആദ്യം വന്ന നിരൂപണം ഇന്ത്യ ടുഡെയില്‍ റസിയ മരിയ എന്ന വ്യക്തി എഴുതിയതായിരുന്നു. കാശിന് കൊള്ളാത്ത പുസ്തകമാണ് 'പുറപ്പാടിന്റെ പുസ്തകം' എന്ന് നിരൂപണം വായിച്ചവര്‍ക്ക്  തോന്നിപ്പോകുമായിരുന്നു. അത്രയ്ക്കും മോശമായ, യാതൊരു പ്ലസ്പോയിന്റും ഇല്ലാത്ത കൃതിയായിട്ടാണ് ചിത്രീകരിക്കപ്പെട്ടത്. അപ്പോഴതാ പിറ്റേന്നത്തെ കലാകൗമുദിയില്‍ ഷാജഹാന്‍  മമ്പാട്ടിന്റെ അകം പുറം എന്ന പംക്തിയില്‍ മലയാളത്തില്‍ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മനോഹരമായ നോവലുകളില്‍ ഒന്നാണ് 'പുറപ്പാടിന്റെ പുസ്തകം' എന്ന് ശ്ലാഘിച്ച് മറ്റൊരു ലേഖനം. ഈ രണ്ടുപേരെയും എനിക്ക് അറിയുമായിരുന്നില്ല. ഒരു കൃതിയെ വ്യത്യസ്തരീതിയിലാണ് ഓരോരുത്തരും സമീപിക്കുന്നതെന്ന് അതെന്നെ ബോധ്യപ്പെടുത്തി. ഇന്നും എന്റെ മികച്ച കൃതി 'പുറപ്പാടിന്റെ പുസ്കക'മാണെന്ന് പറയുന്നവരുണ്ട്. ഇപ്പോഴും ഫേസ് ബുക്കിലും മറ്റും അതേക്കുറിച്ച് ആസ്വാദനങ്ങള്‍ പ്രത്യക്ഷപ്പെട്ട് കാണാറുമുണ്ട്. ആ പുസ്തകം ഇറങ്ങിയ കാലത്ത് കത്തുകളിലൂടെ ദൃഢപ്പെട്ട എത്രയോ സൗഹൃദങ്ങള്‍ ഉണ്ട്. 'ചോരശാസ്ത്ര'ത്തേയും 'ദത്താപഹാര'ത്തെയും കുറിച്ചും ഈവിധം വികാരപരമായ അടുപ്പം സൂക്ഷിക്കുന്ന മറ്റുചിലരുമുണ്ട്. ഏറ്റവുമൊടുവില്‍‍പുറത്തുവന്ന നിരീശ്വരന്‍ ആണ് ഏറ്റവും ഇഷ്ടപ്പെട്ടതെന്ന് ഇനി ചിലര്‍ പറയാറുണ്ട്. ഈ അഭിപ്രായങ്ങള്‍ ഒക്കെയും ഓരോരുത്തരുടെ വായനാശീലങ്ങളെയും വായിച്ച കാലാവസ്ഥയേയും ആശ്രയിച്ചാണിരിക്കുുന്നത്. നോവലിന്റെ കാര്യം അങ്ങനെയാണെങ്കില്‍  കഥയുടെ കാര്യം വരുമ്പോള്‍ ഒരുപക്ഷേ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രണ്ട് കഥകള്‍‌ 'പ്രണയോപനിഷത്തും' ഏറ്റവുമൊടുവില്‍ ഇറങ്ങിയ 'ദ്രക്ഷാരസ'വുമാണെന്ന് തോന്നുന്നു. അടുത്തതായി പ്രസിദ്ധീകൃതമാകാനിരിക്കുന്ന 'പ്രണയോപനിഷത്ത് എന്ന കഥാസമാഹാരത്തില്‍ അവ ഉള്‍പ്പെടുന്നുണ്ട്.  

 

പുതിയ എഴുത്തുകാരില്‍ ഇഷ്ടപ്പെട്ടയാള്‍?

 

പുതു തലമുറയില്‍ പ്രതീക്ഷ വയ്ക്കാവുന്ന ഒരു പിടി എഴുത്തുകാരുണ്ട്. എല്ലാരും എന്റെ പ്രിയ സുഹൃത്തുക്കള്‍. ഒരാളെക്കുറിച്ച് ചോദിച്ചാല്‍ പെട്ടന്ന് മനസ്സില്‍വരുന്നത് എഴുത്തിന്റെ നവഭാവുകത്വം കൊണ്ട് വേറിട്ട വായനാനുഭവം നല്കിയ  എസ്.ഹരീഷ് ആണ്. ആദം എന്ന സമാഹാരം അത് വിളിച്ചു പറയുന്നുണ്ട്.

 

ഓണ്‍ലൈന്‍ സാഹിത്യം ?

 

ഓണ്‍ലൈന്‍ എഴുത്ത് ഇന്നും സജീവതയോടെ നിലനില്ക്കുന്നുണ്ട്. സമയപരിമിതി മൂലം എല്ലാരുടെയും എല്ലാ രചനകളും കാണാനാകില്ലെങ്കിലും പലതിലൂടെയും കടന്നു പോകാറുണ്ട്. പ്രതിഭയുടെ മിന്നലാട്ടങ്ങള്‍‌ പലരിലും നമുക്കിവിടെ കാണാം. എന്നാല്‍ ഒരു നിരീക്ഷണമുള്ളത് എഴുതിയാലുടന്‍ പ്രസിദ്ധീകരിക്കാനുള്ള പ്രലോഭനത്തെ പല എഴുത്തുകാര്‍ക്കും  അതിജീവിക്കാനാകാതെ പോകുന്നുണ്ട് എന്നതാണ്. കുറച്ചുകൂടി കാത്തിരുന്ന്  ശ്രദ്ധാപൂര്‍വ്വം മിനുക്കിയിരുന്നെങ്കില്‍ ഉജ്ജ്വലമാകുമായിരുന്ന പല രചനകളും അങ്ങനെ ശരാശരിയില്‍ തടഞ്ഞ് പോകുന്നത് കണ്ട് വിഷമം തോന്നിയിട്ടുണ്ട്. ഒറ്റ ദിവസം കൊണ്ട് മാഞ്ഞു പോകുന്ന നാലുമണിപ്പൂക്കളായി കുറച്ചധികമെണ്ണം മാഞ്ഞുപോകാന്‍ അത് ഇടവരുത്തുന്നുണ്ടെന്ന് കരുതുന്നു.