Saturday 21st of April 2018

'എഴുതുന്നത് സ്ത്രീ അനുഭവത്തിന്റെ വ്യത്യസ്ത രൂപങ്ങള്‍ ' - മ്യൂസ് മേരി ജോര്‍ജ്

Category: Reading Room
Published: Monday, 12 October 2015
 
ജി.രമ്യ
വായനയോടുള്ള ഇഷ്ടമാണ് മ്യൂസ് മേരി ടീച്ചറെ എഴുത്തിന്റെ വഴിയില്‍ എത്തിച്ചത്. സ്കൂള്‍- കോളേജ് വിദ്യാഭ്യാസകാലത്ത് ഏറെ സമയം നീക്കി വച്ചതും വായനയ്ക്ക് വേണ്ടിയായിരുന്നു, കഥയും കവിതയുമായി കയ്യില്‍ കിട്ടുന്നതെന്തും വായിച്ചിരുന്ന കാലം. പഠനത്തിന് ശേഷം അധ്യാപന ജോലിയിലെത്തിയപ്പോഴും ജീവശ്വാസം പോലെ പുസ്തകങ്ങള കൂടെക്കൂട്ടുന്നു ഈ എഴുത്തുകാരി. ഇപ്പോള്‍ ആലുവ യു.സി കോളേജില്‍ അസോസിയേറ്റ് പ്രൊഫസര്‍, മലയാളവിഭാഗം ഹെഡ്. 'സ്ത്രീപക്ഷ മാധ്യമപഠനങ്ങള്‍, ഡിസ്ഗ്രേസ് (വിവര്‍ത്തനം) 'സ്ത്രീയേ നിനക്കും എനിക്കും എന്ത്', 'ഇസ്പേഡ്റാണി', 'ഉടലധികാരം' (കവിതാസമാഹാരം), 'രഹസ്യ ഇന്ദ്രിയങ്ങള്‍‌ പഴയകൃതി പുതിയവായന'  എന്നിവ പ്രധാന കൃതികള്‍. കന്യക ദ്വൈവാരിക, അഴിമുഖം ഡോട്ട് കോം, കേരളയുവത എന്നിവയില്‍ കോളം എഴുതുന്നു. 
 
 
 
എഴുത്തിലേക്ക് വരാനുണ്ടായ പ്രചോദനം
       എഴുതുക എന്നത് ഒരു മാനസികമായ ആവശ്യമായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ചെറുകഥകളും ഉപന്യാസങ്ങളും കവിതകളും മറ്റും എഴുതുമായിരുന്നു. അതൊക്കെ വല്ലപ്പോഴുമൊക്കെ സംഭവിക്കുന്ന കാര്യമായിരുന്നു. ഉപന്യാസമത്സരത്തിനൊക്ക  സമ്മാനം കിട്ടിയിരുന്നു. കഥയും കവിതയും സ്വകാര്യമായ കാര്യമായിരുന്നു. അങ്ങനെ ആരെയും അത് കാണിച്ചിരുന്നില്ല. മാതാപിതാക്കള്‍ അധ്യാപകരായിരുന്നു. വായിക്കാനൊക്കെ പറ്റിയ വീടന്തരീക്ഷം കുറെയൊക്കെ ഉണ്ടായിരുന്നു. വായിക്കാന്‍ പുസ്തകങ്ങളൊക്കെ കിട്ടിയിരുന്നു. അതല്ലാതെ അങ്ങനെ എഴുത്തില്‍ പാരമ്പര്യമോ പ്രചോദകരോ ഉണ്ടായിരുന്നില്ല. ഒരിക്കല്‍, ഒരു 22 വയസ്സുള്ള കാലത്ത് സിവിക് ചന്ദ്രന്‍ വീട്ടില്‍ വന്നിരുന്നു. അന്നത്തെ സംഭാഷണം എഴുത്തിനെ ഒന്നു മാറ്റിവായിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.
 
ഇഷ്ട എഴുത്തുകാരന്‍ / എഴുത്തുകാരി
         ഓരോ കാലത്തും ഇഷ്ടങ്ങള്‍ മാറി മാറി വരും. കുമാരനാശാന്‍, ഡോസ്റ്റോവ്സ്ക്കി, കസന്‍ ദ് സാക്കീസ്,സാര്‍ത്ര്, മാധവിക്കുട്ടി, ആനന്ദ്, സുഗതകുമാരി, കെ.പി. അപ്പന്‍, സക്കറിയ, സരസ്വതിയമ്മ, സാറാജോസഫ്, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ഉണ്ണി ആര്‍, സുഭാഷ് ചന്ദ്രന്‍, ബി. മുരളി, ഇ. സന്തോഷ്‌കുമാര്‍, സച്ചിദാനന്ദന്‍, കടമ്മനിട്ട, ബാലചന്ദ്രന്‍ ചുള്ളിക്കാട്, വി.കെ.എന്‍, പി.പി. രാമചന്ദ്രന്‍, അന്‍വര്‍ അലി,.... അങ്ങനെയങ്ങനെ ചില ഇഷ്ടങ്ങള്‍ കൂടിയും കുറഞ്ഞും, കേറിയും ഇറങ്ങിയും കിടക്കുന്നു.
 
എഴുത്തിലെ സ്ത്രീപക്ഷനിലപാടുകളെക്കുറിച്ച് 
     സ്ത്രീ എന്ന നിലയിലുള്ള അനുഭവത്തിന്റെ വ്യത്യസ്തരൂപങ്ങള്‍ എഴുത്തില്‍ വരാറുണ്ട്. അത് വായനയുടെയും ബോധ്യത്തിന്റെയും ഫലമാണ്. ഫെമിനിസം വായിച്ചിട്ടുണ്ട്. 90 - 91 ലെ എം.ഫില്‍ ഡിസെര്‍റ്റേഷന്‍ മാധവിക്കുട്ടിയുടെ കൃതികളുടെ സ്ത്രീപക്ഷവായന ആയിരുന്നു. പി.എച്ച്.ഡി. പാരിസ്ഥിതിക സ്ത്രീവാദത്തെ അടിസ്ഥാനമാക്കിയ പഠനം ആയിരുന്നു. ദൈവാനുഭവത്തിലെ സ്ത്രീയുടെ അനുഭവകര്‍തൃത്വത്തെക്കുറിച്ചുള്ള പഠനമാണ്'സ്ത്രീയെ എനിക്കും നിനക്കും എന്ത്' എന്ന പുസ്തകം. കവിതയിലും സ്ത്രീയനുഭവങ്ങള്‍ ആനന്ദമായും വിരക്തിയായും വിമര്‍ശനമായും കടന്നുവരുന്നുണ്ട്.
 
എഴുത്തുകാരി , അധ്യാപിക ഇവയില്‍ ഏറെ ഇഷ്ടമുള്ള മേഖല 
     അധ്യാപനവും എഴുത്തും രണ്ടും ക്രിയേറ്റീവായി പെരുമാറേണ്ട ഇടമാണ്.
 
സ്വന്തം കൃതികളില്‍ ഏറെ വായിക്കപ്പെട്ടത് അല്ലെങ്കില്‍ വിമര്‍ശക്കപ്പെട്ട കൃതി
        സ്വന്തം കൃതികള്‍ അത്രയേറെ വായിക്കപ്പെടുന്നുണ്ടോ! എനിക്കറിയില്ല. ഞാനൊരു പോപ്പുലര്‍ റൈറ്റര്‍ ഒന്നും അല്ല. പക്ഷേ ചിലരൊക്കെ കത്ത് എഴുതുകയും ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു വിളിക്കുകയും ചെയ്യാറുണ്ട്. ഈ കഴിഞ്ഞ ദിവസം ഭാഷാപോഷിണിയില്‍ വന്ന'പന്നികള്‍' എന്ന ലേഖനവും ന്യൂവിഷനില്‍ ക്രിസ്തീയവിവാഹചടങ്ങിലെ പുരുഷാധിപത്യപാഠങ്ങളെക്കുറിച്ച് എഴുതിയ ലേഖനവും വായിച്ചിട്ട് ജസ്റ്റിസ് കെ.ടി തോമസ് വിളിച്ചിരുന്നു. അദ്ദേഹം എന്റെ നമ്പര്‍ അന്വേഷിച്ച് കണ്ടുപിടിച്ചാണ് വിളിച്ചത്. കോട്ടയത്തു നിന്ന് അമ്പിളി എന്ന വായനക്കാരി കത്തുകളെഴുതും. ജയന്‍ അവനൂര്‍ ഒരു വര്‍ഷാവസാനം ഞാന്‍ എഴുതിയ ആര്‍ട്ടിക്കിള്‍ നമ്പറിട്ട് കത്തെഴുതും. എം.ജെ. സുധാകരന്‍, എന്‍.എസ്. ജ്യോതികുമാര്‍, സി.ആര്‍. രാജ്‌മോഹന്‍ തുടങ്ങിയവരൊക്കെ എഴുത്തിലൂടെ മാത്രം എന്നെ അറിഞ്ഞവരാണ്. അങ്ങനെ കുറച്ച് കുറച്ച് അനുഭവങ്ങള്‍ ഉണ്ട്.
 
ഇപ്പോള്‍ വായിച്ചു കൊണ്ടിരിക്കുന്ന പുസ്തകം 
            മുന്‍പ് വായിച്ചത് പിന്നീട് വായിക്കുന്നത് എന്നൊന്നില്ല, വായന എപ്പോഴുമുണ്ട്. പുതിയ പുസ്തകങ്ങള്‍ വായിക്കുന്നതിന് പകരം ഒരിക്കല്‍ വായിച്ച് പിന്നിട്ടവയിലൂടെ വീണ്ടുമൊരു യാത്രയാണിപ്പോള്‍. ആനന്ദിന്റെ ആള്‍ക്കൂട്ടം, ഒ.വി വിജയന്റെ ഗുരുസാഗരം, കുമാരനാശാന്റെ നളിനി എന്നിങ്ങനെകുറച്ചു പുസ്തകങ്ങളിലുടെ ഒരു ഓര്‍മ്മ പുതുക്കല്‍.
 
പുതിയ എഴുത്തുകാരെക്കുറിച്ച് 
      സമകാലിക എഴുത്തുകാരില്‍ എല്ലാവരുടെ പുസ്തകവും വായിക്കാറുണ്ട്. സുഭാഷ് ചന്ദ്രന്റെ 'മനുഷ്യന് ഒരാമുഖം'. സന്തോഷ് കുമാറിന്റെ 'അന്ധകാരനഴി' എല്ലാം നല്ല വായനാനുഭവമായിരുന്നു.  
                                               
 ‍                                                                                                                                       ജി.രമ്യ