Saturday 21st of April 2018

'മലയാളത്തെ സമ്പന്നമാക്കുന്നത് വായനയുടെ ബഹുസ്വരത ' -യു.കെ കുമാരന്‍

Category: Reading Room
Published: Sunday, 08 November 2015

 

നാട്ടുനന്മയാണ് യു.കെ കുമാരന്റെ ഓരോ കൃതിയുടെയും പ്രത്യേകത. അതുകൊണ്ടു തന്നെ വായനക്കാര്‍ക്ക് കഥാപാത്രങ്ങളുമായി എളുപ്പത്തില്‍ സംവദിക്കാനും അവ ആസ്വദിക്കാനുമാകുന്നു. പത്രപ്രവര്‍ത്തകനായി ഔദ്യോഗികജീവിതം അരംഭിച്ച ഇദ്ദേഹം വീക്ഷണം വാരികയുടെ അസിസ്റ്റന്റ് എഡിറ്റര്‍, കേരളകൗമുദി കോഴിക്കോട് യൂണിറ്റ് ചീഫ്, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, സംസ്ഥാന ടെലഫോണ്‍ ഉപദേശക സമിതിയംഗം, കാലിക്കറ്റ് സര്‍വകലാശാല ജേര്‍ണലിസം ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, സാഹിത്യ അക്കാദമി വൈസ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എസ്.കെ. പൊറ്റക്കാട് അവാര്‍ഡ്, ധിഷണ അവാര്‍ഡ്, രാജീവ്ഗാന്ധി സദ്ഭാവന അവാര്‍ഡ്, ഇ.വി.ജി. പുരസ്‌ക്കാരം, കെ.എ. കൊടുങ്ങല്ലൂര്‍ പുരസ്‌ക്കാരം, അപ്പന്‍ തമ്പുരാന്‍ പുരസ്‌ക്കാരം, വൈക്കം ചന്ദ്രശേഖരന്‍ നായര്‍ അവാര്‍ഡ്, തോപ്പില്‍ രവി പുരസ്‌ക്കാരം എന്നിവയ്ക്ക് അര്‍ഹനായിട്ടുണ്ട്. 
      ഒറ്റ വാക്കില്‍ ഒരു ജീവിതം, വലയം, ഒരിടത്തുമെത്താത്തവര്‍, മുലപ്പാല്‍, ആസക്തി, എഴുതപ്പെട്ടത് (നോവല്‍), മലര്‍ന്നു പറക്കുന്ന കാക്ക, ഓരോ വിളിയും കാത്ത്, പ്രസവവാര്‍ഡ്, അദ്ദേഹം, ദിനരാത്രങ്ങളുടെ എണ്ണം (നോവലെറ്റ്), മടുത്തകളി, പുതിയ ഇരിപ്പിടങ്ങള്‍, ഒരാളെത്തേടി ഒരാള്‍, മധ്യേയിങ്ങനെ കാണുന്ന നേരത്ത്, മതിഭ്രമങ്ങളുടെ കാലം, പോലീസുകാരന്റെ പെണ്‍മക്കള്‍ (കഥകള്‍) എന്‍.വിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍, സി.പിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ (എഡിറ്റര്‍) എന്നിവ പ്രധാന കൃതികള്‍  
 
 
വായിച്ചതില്‍ ഏറ്റവും സ്വാധീനിച്ച പുസ്തകം/എഴുത്തുകാരന്‍?
 
ഏതെങ്കിലും ഒരു പുസ്തകമോ ഏതെങ്കിലും ഒരു എഴുത്തുകാരനോ പ്രത്യേകിച്ച് സ്വാധീനിച്ചിട്ടില്ല. ഇഷ്ടപ്പെട്ട് വീണ്ടും വീണ്ടും വായിച്ചു കൊണ്ടിരിക്കുന്ന ധാരാളം പുസ്തകങ്ങള്‍ ഉണ്ട്. ഓരോ പുതിയ വായനയില്‍ നിന്നും എന്നെ സ്വാധീനിക്കുന്ന ധാരാളം പുതിയ ആശയങ്ങള്‍ കണ്ടെത്താന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എഴുത്തുകാരെ കുറിച്ചും ഇതേ കാഴ്ചപ്പാടാണ്. ഞാന്‍ ആദരിക്കുന്ന ഒരുപാട് എഴുത്തുകാരുണ്ട്. അവരുടെ എല്ലാ രചനകളും ഒരു പോലെ ഇഷ്ടപ്പെടാന്‍ കഴിയാറില്ല. എങ്കിലും എഴുത്തുകാര്‍ എന്ന നിലയില്‍ അവര്‍ പുലര്‍ത്തുന്ന സത്യസന്ധതയോട് എനിക്ക് അപാരമായ മതിപ്പാണുള്ളത്.
 
സ്വന്തം കൃതികളില്‍ ഏറ്റവും വിമര്‍ശനം/അഭിനന്ദനം ഏറ്റു വാങ്ങിയ കൃതി? 
 
എന്റെ എല്ലാ കൃതികള്‍ക്കും വായനക്കാരിലേക്ക് ഒരു പരിധിവരെ ഇറങ്ങിച്ചെല്ലാന്‍ കഴിഞ്ഞിട്ടുണ്ട് എന്നാണ് എന്റെ അനുഭവം. പലതും നല്ല പ്രതികരണം സൃഷ്ടിച്ചിട്ടുള്ളവയാണ്. പ്രത്യേകിച്ച് കഥകളും നോവലെറ്റുകളും. അടുത്ത കാലത്ത് പുറത്തിറങ്ങിയ 'തക്ഷന്‍കുന്ന് സ്വരൂപം' എന്ന നോവല്‍ വളരെ നല്ല പ്രതികരണമാണ് വായനക്കാരില്‍ സൃഷ്ടിച്ചിട്ടുള്ളത്. ഈ നോവലിന് ഇതിനിടയില്‍ ധാരാളം പതിപ്പുകള്‍ വേണ്ടി വന്നു. അതുപോലെ പലതരം പഠനങ്ങളും പുറത്തു വന്നു. തീര്‍ച്ചയായും എന്റെ അമ്പതോളം കൃതിയില്‍ തച്ചന്‍കുന്ന് സ്വരൂപമാണ് വായനക്കാരെ ഏറെ ആകര്‍ഷിച്ചിട്ടുള്ളത് എന്ന് ഞാന്‍ മനസിലാക്കുന്നു അതിന്റെ പേരില്‍ തന്നെ ധാരാളം അഭിനന്ദനം എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. ഒരു ഗ്രാമത്തിന്റെ സ്വത്വാന്വേഷണമാണ് ഈ നോവല്‍. തികച്ചും കേരളീയ മണ്ണില്‍ പിറന്ന് വളരുന്ന കഥാപാത്രം. ഒരു ഗ്രാമത്തിന്റെ നൂറ് വര്‍ഷത്തെ ചരിത്രത്തിനിടയില്‍ നൂറോളം കഥാപാത്രങ്ങള്‍ നോവലില്‍ കടന്നു വരുന്നു. ഒരു ഗ്രാമത്തിന്റെ രാഷ്ട്രീയവും ആചാരപരവും സാംസ്‌കാരികവുമായ ജീവിതത്തിന്റെ ഒട്ടേറെ സങ്കീര്‍ണതകള്‍ ഈ നോവലില്‍ അവതരിപ്പിക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. നിരക്ഷരനും പിന്നോക്ക ജാതിക്കാരനുമായ രാമന്‍കുട്ടിയും സ്വാതന്ത്ര്യ സമരസേനാനി കെ. കേളപ്പനും മഹാത്മാഗാന്ധിയുമെല്ലാം നോവലിലെ കഥാപാത്രങ്ങളാണ്.
 
പുതിയ എഴുത്തുകാരെക്കുറിച്ച് ? 
 
സര്‍ഗപ്രതിഭയുള്ള ധാരാളം പുതിയ എഴുത്തുകാര്‍ നമുക്കുണ്ട്. അവര്‍ രചനയില്‍ നല്ല പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. മലയാള സാഹിത്യത്തിന്റെ ഭാവിയെക്കുറിച്ച് ഒട്ടും ആശങ്ക ഉണ്ടാക്കാത്ത ദൃഢമായ അടിത്തറയിലാണ് അവര്‍ രചന നടത്തുന്നത്.
 
ഓണ്‍ലൈന്‍ സാഹിത്യത്തെക്കുറിച്ച്?
 
ഓണ്‍ലൈന്‍ സാഹിത്യം, സാഹിത്യത്തിന്റെയും സര്‍ഗസൃഷ്ടിയുടെയും പ്രചാരണത്തിന് വഴിതെളിക്കുന്ന നവമാധ്യമങ്ങളില്‍ ഒന്നാണ്. എഴുത്തിന്റെ പരസ്യവഴി വിട്ടുകൊണ്ടുള്ള ഒരു സഞ്ചാരപഥമാണ്. മലയാള സാഹിത്യത്തെ ഏറെ സക്രീയമാക്കാന്‍ ഓണ്‍ലൈന്‍ സാഹിത്യം സജീവമായ പങ്ക് വഹിക്കുന്നുണ്ട്. പക്ഷേ സ്വയം എഡിറ്റിങ്ങിന്റെ അഭാവം ഓണ്‍ലൈന്‍ രചനകളില്‍ ഭാഷയുടെ വിശുദ്ധി നഷ്ടപ്പെടുത്താന്‍ ഇടയാകുന്നു എന്നു പറയാതെ വയ്യ.
 
മലയാളിയുടെ വായനാമനോഭാവത്തെക്കുറിച്ച് ?
 
ഇന്ന് ഏകപക്ഷീയമായ വായന എങ്ങുമില്ല. പലതരം വായനകളാണ്. വായനയുടെ ബഹുസ്വരതയാണ് ഇന്ന് മലയാള സാഹിത്യത്തെ സമ്പന്നമാക്കുന്നത്. മലയാളിയുടെ വായനാലോകവും വളരെ സക്രിയമാണ്. പുസ്തകത്തിന്റെ ഹാര്‍ഡ് കോപ്പി തൊട്ട് ഓണ്‍ലൈനില്‍ വരുന്ന സാഹിത്യം വരെ അവരുടെ വായന പരന്നു കിടക്കുന്നു. പുസ്തകങ്ങളും ധാരാളം വിറ്റഴിക്കപ്പെടുന്നു. മലയാളിയുടെ വായനയെക്കുറിച്ച് ഉത്കണ്ഠപ്പെടേണ്ട ഒരു സാഹചര്യവും ഇന്നില്ല. അത്തരമൊരു കാലത്തിലൂടെയാണ് നാം കടന്നു പോവുന്നത്.
                                                                                                                                                                                                                                                                                                                          ജി.രമ്യ