Saturday 21st of April 2018

ഹൃദയത്തില്‍ കൗശലക്കണ്ണുള്ളവര്‍ മലയാളി ... അര്‍ഷാദ് ബത്തേരി

Category: Reading Room
Published: Tuesday, 24 November 2015
 മലയാളിത്തമുള്ള കഥയെഴുത്താണ് അര്‍ഷാദ് ബത്തേരിയുടേത്. നമുക്ക് അടുത്തറിയാവുന്ന ചുറ്റുപാടുകളിലുടെയാണ്   അര്‍ഷാദിന്റെ കഥയൊരുക്കങ്ങളും. വയനാടിന്റെ ഭൂമികയെ മലയാളിമനസ്സില്‍ കോറിയിട്ട എഴുത്തുകാരില്‍ പ്രമുഖനാണ് അര്‍ഷാദ് 
 
           ദുബായ് ബുക്ക് ട്രസ്റ്റിന്റെ സാഹിത്യ പുരസ്‌ക്കാരം  അറ്റ്‌ലസ് കൈരളി കഥാ അവാര്‍ഡ് , കണ്ണൂര്‍ യുണിവേഴ്‌സിറ്റി കഥാ അവാര്‍ഡ് , മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി കഥാപുരസ്‌ക്കാരം , കേരള സര്‍ക്കാറിന്റെ സ്വാമി വിവേകാനന്ദപുരസ്‌ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 
 
മീനുകളുടെ ആകാശം പറവകളുടെ ഭൂമി, ഭൂമിയോളം ജീവിതം, ചുരം ഇറങ്ങുകയാണ് കയറുകയാണ് ഇവയാണ് പ്രധാന പുസ്തകങ്ങള്‍ .
 
        വായിച്ചതില്‍ എറ്റവും സ്വാധീനിച്ച എഴുത്തുകാര്‍ 
 
 ഒരാളെ മാത്രമായി എടുത്തു പറയാന്‍ പറ്റില്ല . എന്റെ വായനയുടെ ആകാശങ്ങളെ സ്വാധീനിച്ചവരാണ് . ബഷീറും , കാരൂര്‍ നീലകണ്ഠപ്പിള്ളയും ,ഉറൂബും .ഇപ്പോഴത്തെ എഴുത്തുകാരേയും ഞാന്‍ വായിക്കാറുണ്ട്. വായനക്ക് അതിരുകളില്ല.
       സ്വാധീനിച്ച പുസ്തകം 
 
 ചാര്‍ളിചാപ്ലിന്റെ ആത്മകഥയായ എന്റെ ആത്മകഥ  
( മൈ ഓട്ടോബയോഗ്രഫി ) യാണ് എന്നെ സ്വാധിനിച്ച പുസ്തകം . ജീവിക്കാന്‍ വല്ലാത്തൊരു ധൈര്യം തരുന്ന പുസ്തകമാണിത്. ജീവിതത്തില്‍ പകച്ചു പോയ സമയങ്ങളിലൊക്കേയും എന്നെ പിടിച്ചു നിര്‍ത്താന്‍ ഈ പുസ്തകത്തിന് കഴിഞ്ഞിട്ടുണ്ട്.   
 
 
    പുതിയ എഴുത്തുകാരെക്കുറിച്ച് 
 
 കാലത്തിനെ തൊടുന്ന ജീവിത വീക്ഷണങ്ങള്‍ ഉള്ളവരാണ്  പുതിയ എഴുത്തുകാര്‍. അവര്‍ക്ക് ജീവിതരാഷ്ട്രീയങ്ങള്‍ സന്ദേഹങ്ങളില്ലാതെ അടയാളപ്പെടുത്താന്‍ പറ്റുന്നുണ്ട് . 
 
     ഓണ്‍ ലൈന്‍ സാഹിത്യത്തെക്കുറിച്ച് 
 
 നവമാധ്യമങ്ങളില്‍ പ്രധാനമാണിന്ന്  ഓണ്‍ലൈന്‍ ലോകം . എഴുത്തുകാരനോ എഴുത്തുകാരിയോ ആവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരെ അടയാളപ്പെടുത്താന്‍ പറ്റിയ ഒരിടം തന്നെയാണിത് . മലയാളിയുടെ വായനയെ പരിപോഷിപ്പിക്കാന്‍ സക്രിയമാണ് നവ മാധ്യമങ്ങള്‍.
 
   സ്വന്തം കൃതികളില്‍ ഏറ്റവും വിമര്‍ശനം /അഭിനന്ദനം ഏറ്റുവാങ്ങിയ  കൃതി 
 
എന്റെ കഥകള്‍ എപ്പോഴും ചുറ്റുപാടുകളിലേക്ക് ചേര്‍ന്നു  നില്‍ക്കുന്നവയാണ് . വയനാടിന്റെ ഭുമിശാസ്ത്രവും ജീവിത രീതികളും പറഞ്ഞുപോകുന്നവയാണ് . മനുഷ്യന്‍ എന്ന വൈറസ് എന്ന കഥാ പുസ്തകം എനിക്ക് പ്രതികരണം കിട്ടിയ പുസ്തകമാണ്. ഓരോ മനുഷ്യന്റെയും ആത്മകഥാംശം ഈ പുസ്തകത്തിലുണ്ട്. വായനയുടെ തുടക്കക്കാരായവര്‍ പോലും ഈ പുസ്തകത്തെക്കുറിച്ച് എന്നോടു പറയാറുണ്ട്. മീനുകളുടെ ആകാശവും പറവകളുടെ ഭുമിയും 7-ാം ക്‌ളാസിലെ മലയാളം പാഠാവലിയിലുണ്ട് . തമിഴ്‌നാട്ടിലെ മലയാളം മീഡിയം കുട്ടികള്‍ക്കായി ഭുമിയുടെ ജീവിതം എന്നകഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 
 
 മലയാളിയുടെ വായനാശീലങ്ങളെക്കുറിച്ച്....
 
ഓരോ കാലത്തും ഓരോ വായനാനുഭവങ്ങളിലാവും മലയാളി. ഇപ്പോള്‍ അനുഭവങ്ങളുടെയും ഓര്‍മ്മക്കുറിപ്പുകളുടെയും ലോകത്താണ്. നോവല്‍ വായനയും സജീവമാണ്. മറ്റുള്ളവരുടെ ജീവിതം അറിയാനുള്ള കൗശലം മലയാളിക്കെന്നുമുണ്ട്. ഹ്യദയത്തില്‍ കൗശലങ്ങളുടെ കണ്ണുകളുമായാണ് മലയാളി വായനയെപ്പോലും സമീപിക്കുന്നത്.
 
                                                                                                                         - സനിത അനൂപ്