Saturday 21st of April 2018

വായനയുടെ ദൃഢത മനുഷ്യന്‍ ഉള്ളിടത്തോളം - ടി പി രാജീവന്‍

Category: Reading Room
Published: Friday, 08 May 2015

[ചലച്ചിത്രമായ ‘പാലേരിമാണിക്കം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ’യുടെ കഥാകൃത്ത് എന്ന നിലയില്‍മലയാള സാഹിത്യലോകത്ത് ശക്തമായ ഇടം നേടിയ എഴുത്തുകാരന്‍. കോഴിക്കോട് ജില്ലയിലെ പാലേരിയില്‍ജനിച്ചു. ഒറ്റപ്പാലം എന്.എസ്.എസ് കോളേജില്‍നിന്ന്  ഇംഗ്ലീഷ് സാഹിത്യത്തില്‍എം.എ ബിരുദം നേടി. കുറച്ചുകാലം  ഡല്‍ഹി യില്‍ പത്രപ്രവര്‍ത്തകനായി. വാതില്‍, രാഷ്ട്രതന്ത്രം, പ്രണയശതകം (കവിതകള്), പുറപ്പെട്ട് പോകുന്ന വാക്ക് (യാത്രാവിവരണം), അതേ ആകാശം അതേ ഭൂമി(യാത്രാവിവരണം), പലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെകഥ, കെ.ടി.എന്‍കോട്ടൂര്‍ എഴുത്തും ജീവിതവും( നോവല്‍) കണ്ണകി, ഹി ഹു വാസ് ഗോണ്ദസ് , തേഡ് വേള്‍‌ഡ് എന്നിവ പ്രശസ്തകൃതികള്‍. ഇപ്പോള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍. യതിബുക്സ് എന്ന ഇംഗ്ലീഷ് പ്രസാധക സ്ഥാപന ത്തിന്റെ ഓണററി എഡിറ്ററായും പ്രവര്‍ത്തിച്ചു വരുന്നു.]

 
 
വായനയും എഴുത്തും ജീവിതത്തെ പൂര്‍ണ്ണമാക്കാനുള്ള മനുഷ്യന്‍റെ നിരന്തര ശ്രമത്തിന്‍റെ ഭാഗമാണ്. മനുഷ്യനുള്ളിടത്തോളം കാലം അവ ദൃഢമായി നിലനിര്‍ത്തപ്പെടും. സാഹിത്യകൂട്ടായ്മകളിലെ യുവ ഐടി പ്രൊഫഷണലുകളുടെ വര്‍ദ്ധനവ് അതിനുദാഹരണമാണ്. മനുഷ്യന്‍ വായിച്ചുകൊണ്ടേയിരിക്കും. എഴുത്തുകാരനും കവിയുമായ ടി.പി രാജീവന്‍ തന്‍റെ വായനാനുഭവങ്ങളിലൂടെ....
 
ഏറ്റവും പൂതിയ വായനാനുഭവം  
 
ഏറ്റവും അടുത്ത് വായിച്ചത് കവി കൂടിയായ റോബര്‍ട്ടോ ബൊളോനയുടെ നാസി ലിറ്ററേച്ചേഴ്സ് ഇന്‍ ദ അമേരിക്കാസ് എന്ന നോവലാണ്. 
 
അമേരിക്കയിലെ സാങ്കല്‍പ്പിക എഴുത്തുകാരുടെ ജീവിതമാണ് ഇതിലെ പ്രമേയം. എഴുത്തിലെ തന്നെ പുതിയ രീതിയാണ് അദ്ദേഹത്തിന്‍റേത്. സാന്‍റിയാഗോയില്‍ ജനിച്ച ഇദ്ദേഹം വളരെക്കുറച്ച് കാലത്തെ ജീവിതത്തിനുള്ളില്‍ നിരവധി യാത്രകള്‍ ചെയ്യുകയും രാഷ്ട്രീയ എഴുത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തതായി കാണുന്നു. അധികാരത്തിന്‍റെ നിഷ്ഠൂരതയും യുക്തിയില്ലായ്മയും പ്രതിഫലിപ്പിക്കുന്നതാണ് രചനകളില്‍ ഏറെയും. 
 
ഏറെ സ്വാധീനിച്ച പുസ്തകം 
 
ദസ്തയേവിസ്കിയുടെ നോവലുകള്‍ പ്രിയപ്പെട്ട വായനാനുഭവങ്ങളാണ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച സാഹിത്യകാരന്മാരില്‍ ഒരാളാണ് അദ്ദേഹം. ദ ബ്രദേഴ്സ് ഓഫ് കാരമസോവ് എന്നെ ഏറെ സ്വാധീനിച്ച രചനകളില്‍ ഒന്നാണ്. മനുഷ്യബന്ധങ്ങള്‍, ജീവിത്തതിന്‍റെ നൈമിഷികത, പാപബോധം എന്നിവയുടെ കാരണങ്ങള്‍  തേടിയുള്ള നിരന്തര അന്വേഷണങ്ങള്‍ ദസ്തയേവിസ്കിയുടെ നോവലുകളില്‍ കാണാം. മലയാള സാഹിത്യത്തില്‍ ഉറൂബിന്‍റെ സുന്ദരികളും സുന്ദരന്മാരും ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകമാണ്. ക്വിറ്റ് ഇന്ത്യ സമരകാലത്തെ മലബാറിലെ സാമൂഹ്യരാഷ്ട്രീയ പശ്ചാത്തലം അനുഭവവേദ്യമാക്കുന്ന എഴുത്ത് . മലയാളത്തിലെ ഇതിഹാസ സമാനമായ നോവലായി സുന്ദരികളും സുന്ദരന്മാരും കണക്കാക്കാം. ഇതര ഇന്ത്യന്‍ സാഹിത്യത്തില്‍ താരാശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യനികേതന ഓര്‍മ്മ നില്‍ക്കുന്ന വായനയാണ്.