Thursday 21st of November 2019

ചാമ്പ്യന്‍സ് ബോട്ട് ലീഗിന് കോട്ടപ്പുറം കായല്‍ വീണ്ടും വേദിയാകുന്നു

Category: Sports Published: Friday, 18 October 2019
തൃശ്ശൂര്‍:  വിനോദസഞ്ചാര വകുപ്പ് ഐ.പി. എല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ (സി.ബി.എല്‍) ഏഴാമത് മത്സരം  കോട്ടപ്പുറം കായലില്‍ നാളെ (ഒക്ടോബര്‍ 19)  രണ്ട് മണിക്ക് നടക്കും.
 
വി.ആര്‍. സുനില്‍കുമാര്‍ എംഎല്‍എ ലീഗ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. പൊന്നാനി ബിയ്യം കായലില്‍ നടക്കേണ്ടിയിരുന്ന ചാമ്പ്യന്‍സ് ലീഗിനാണ് കോട്ടപ്പുറം കായല്‍ വീണ്ടും വേദിയാകുന്നത്. 
 
പൊന്നാനി-കൊടുങ്ങല്ലൂര്‍ ജലപാത വള്ളംകളിയ്ക്ക് സുഗമമാകാത്ത സാഹചര്യത്തിലാണ് ഏഴാമത് സി.ബി.എല്ലിന് വേദിയാകാന്‍ കോട്ടപ്പുറം കായലിന് അവസരം ലഭിക്കുന്നത്. 900 മീറ്റര്‍ നീളമുള്ള ട്രാക്കില്‍ 9 ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിക്കുക.. 3 വള്ളങ്ങള്‍ വീതമുള്ള 3 ഹീറ്റ്സ്സ് മത്സരങ്ങളാണ് നടക്കുക.
 
പ്രധാന വേദിയോട് ചേര്‍ന്നുള്ള പവലിയനില്‍ മൂന്ന് മണി മുതല്‍ കലാപരിപാടികള്‍ അരങ്ങേറും. കലാമണ്ഡലത്തിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന 'എന്റെ കേരളം' എന്ന നൃത്തരൂപം, തെയ്യം, അറബിക് ഡാന്‍സ് എന്നിവയാണ് അരങ്ങേറുക. 4.20 മുതല്‍ ഫൈനല്‍ മത്സരങ്ങള്‍ ആരംഭിക്കും. 4.50 ന് സമ്മാനദാനം. 
 
ഓരോ ലീഗ് മത്സരത്തിലും ഒന്ന് മുതല്‍ മൂന്ന് വരെ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ഒന്ന് മുതല്‍  ഓരോ വേദിക്കും ബോണസായി 5 ലക്ഷം രൂപ വരെ ലഭിക്കും.  ഒന്നാം സ്ഥാനത്തെത്തിയ വള്ളങ്ങള്‍ക്ക്  5 ലക്ഷം രൂപയും രണ്ടാം സ്ഥാനത്തെത്തുന്ന വള്ളങ്ങള്‍ക്ക് മൂന്നു ലക്ഷവും മൂന്നാം സ്ഥാനത്തിന് രണ്ടു ലക്ഷം രൂപയും സമ്മാനമായി ലഭിക്കും. 12 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന വള്ളത്തിനാണ് ഒന്നാംസ്ഥാനം ലഭിക്കുക. 15 കോടിയോളം രൂപയാണ് കേരള ബോട്ട് റേസ് ലീഗ് സംഘടിപ്പിക്കുന്നതിന് വകയിരുത്തിയിരിക്കുന്നത്.
 
Hits: 13