കപ്പുയര്‍ത്തി കേരളം: ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിന് സമാപനം

Category: Sports Published: Tuesday, 01 October 2019
ഇടുക്കി:  മുരിക്കാശ്ശേരി പാവനാത്മ കോളേജില്‍ കഴിഞ്ഞ നാലു ദിവസങ്ങളായി നടന്നു വന്നിരുന്ന ദേശീയ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 271 പോയിന്റോടെ ആതിഥേയരായ കേരളം ഒന്നാമതെത്തി.
 
16 സ്വര്‍ണ്ണം 16 വെള്ളി 9 വെങ്കലം എന്നിങ്ങനെയായിരുന്നു കേരളത്തിന്റെ നേട്ടം . 246 പോയിന്റ് കരസ്ഥമാക്കിയ മഹാരാഷ്ട്ര രണ്ടാം സ്ഥാനവും 198 പോയിന്റോടെ മധ്യപ്രദേശ് മൂന്നാം സ്ഥാനവും നേടി. 21 ദേശീയ റെക്കോഡുകള്‍ പിറന്ന  ചാമ്പ്യന്‍ഷിപ്പില്‍ 12 റെക്കോഡുകള്‍ കേരളത്തിന്റെ സംഭാവനയാണ്.
 
700 ഓളം കായിക താരങ്ങള്‍ പങ്കെടുത്ത ചാമ്പ്യന്‍ഷിപ്പ് സംഘാടക മികവുകൊണ്ട് ശ്രദ്ധേയമായിരുന്നു. മത്സരങ്ങള്‍ക്ക് ശേഷം നടന്ന സമാപന  സമ്മേളനം റോഷി അഗസ്റ്റ്യന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇടുക്കി ആര്‍ഡിഒ അതുല്‍ സ്വാമിനാഥ്, മുന്‍ എം.എല്‍.എ കെ കെ ജയചന്ദ്രന്‍, കെഎസ്ആര്‍ടി സി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി വി വര്‍ഗ്ഗീസ്, പാവനാത്മ കോളേജ് മാനേജര്‍ ഫ. ജോസ് പ്ലാച്ചിക്കല്‍, പവര്‍ ലിഫ്റ്റിങ് ഇന്ത്യ ജനറല്‍ സെക്രട്ടറി പി ജെ ജോസഫ് അര്‍ജുന, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍, പവര്‍ ലിഫ്റ്റിങ് ഇന്ത്യ ട്രെഷറര്‍ രത്തന്‍ കുമാര്‍ ബാസക്, കോളേജ് പ്രിന്‍സിപ്പാള്‍ വി.ജോണ്‍സന്‍, കേരള പവര്‍ ലിഫ്റ്റിങ് അസോസിയേഷന്‍ സെക്രട്ടറി സതീഷ്‌കുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നോബിള്‍ ജോസഫ്, പ്രോഗ്രാം കണ്‍വീനര്‍ ഫ. ബെന്നിച്ചന്‍ സ്‌കറിയ, ജനപ്രതിനിധികള്‍ സാംസ്‌കാരിക പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 
Hits: 41