Wednesday 13th of November 2019

ചാമ്പ്യന്‍സ് ബോട്ട് ലീഗ്: തുഴയുന്ന ക്ലബ്ബുകളും വള്ള ഉടമകളുമായി സി.ബി.എല്‍. കമ്പനിയുടെ കരാര്‍ ഉടന്‍

Category: Sports Published: Monday, 08 July 2019
 
 
ആലപ്പുഴ: ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ മത്സര വേദികള്‍, മത്സരരീതി എന്നിവ സംബന്ധിച്ച് സമ്പൂര്‍ണ്ണമായ അഭിപ്രായസമന്വയം ഉണ്ടാക്കിയതായും മൂന്നു ദിവസത്തിനുള്ളില്‍ സി.ബി.എല്ലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് ക്ലബ്ബുകള്‍, വള്ളം ഉടമകള്‍ എന്നിവയുമായി സി ബി എല്‍ കമ്പനി കരാര്‍ ഒപ്പിടുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
 
ആലപ്പുഴ കലക്ടറേറ്റില്‍ ചേര്‍ന്ന ചുണ്ടന്‍ വള്ളം ക്ലബ്ബുകളുടെയും വള്ളം ഉടമകളുടെയും ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ സംസ്ഥാന സമിതി അംഗങ്ങളുടെയും സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സിബിഎല്‍ വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. 
 
ചാമ്പ്യന്‍സ് ലീഗിന്റെ നിയമാവലി 9ന് പ്രകാശനം ചെയ്യും. 12 മത്സരവേദികളാണ് സി.ബി.എല്ലില്‍ ഉണ്ടാവുക. ആചാര പ്രധാനമായ പായിപ്പാട് വള്ളംകളിയുടെ ദിവസം മാറ്റാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ സെപ്റ്റംബര്‍ 14ന്  നിശ്ചയിച്ചിരുന്ന തൃശ്ശൂര്‍ കോട്ടപ്പുറം മത്സരം സെപ്റ്റംബര്‍ 21 ലേക്ക് മാറ്റിയതായി മന്ത്രി പറഞ്ഞു. തുടര്‍ന്നുവരുന്ന ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ ഒരാഴ്ച മുന്നോട്ട് മാറും. സമാപന മത്സര ദിനത്തില്‍ മാറ്റമുണ്ടാകില്ല. കരാര്‍ ഉറപ്പിച്ചാല്‍ ജൂലൈ മാസത്തില്‍ തന്നെ ടീമുകളുടെ സ്പോണ്‍സര്‍ഷിപ്പിന് വേണ്ടിയുള്ള ലേലം നടത്താനും തീരുമാനിച്ചു. 
 
ഇതു വഴി ലഭിക്കുന്ന വരുമാനത്തിന്റെ പകുതി സി.ബി.എല്‍ കമ്പനിക്കും പകുതി ബോട്ട് ക്ലബ്ബുകള്‍,വള്ള ഉടമകള്‍ എന്നിവര്‍ കരാര്‍ പ്രകാരം പരസ്പരം പങ്കു വയ്ക്കാം. ചാംപ്യന്‍സ് ലീഗില്‍ പങ്കെടുക്കുന്നവര്‍ക്ക് വേറെ സ്പോണ്‍സര്‍ പാടില്ല. ഒരു മത്സരത്തില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നവര്‍ക്ക് 5 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് മൂന്നു ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. കൂടാതെ എല്ലാ വള്ളങ്ങള്‍ക്കും നാല് ലക്ഷം രൂപ ബോണസായി  ലഭിക്കും.  
 
എല്ലാ വേദികളിലും ചാമ്പ്യന്‍സ് ലീഗ് മത്സരം നാലുമണിക്കും 5 മണിക്കും ഇടയില്‍ ആയിരിക്കും നടക്കുക. നെഹ്റു ട്രോഫിയുടെ മത്സര രീതികളില്‍ ഒരു മാറ്റവും ഉണ്ടാവില്ലെന്ന് മന്ത്രി വ്യക്തമാക്കി. നാലു വളളങ്ങള്‍ വീതമുള്ള അഞ്ച് ഹിറ്റ്സ് ഉണ്ടാവും. വേഗതയുടെ അടിസ്ഥാനത്തില്‍ ഫൈനല്‍ നടക്കും. ആദ്യ ഹീറ്റ്സില്‍ ലീഗില്‍ ഉള്ള ഏറ്റവും വേഗം കൂടിയ 4 വള്ളങ്ങള്‍ മത്സരിക്കും.
 
രണ്ടാം ഹിറ്റ്സില്‍ അതു കഴിഞ്ഞുള്ള നാലു വെള്ളങ്ങള്‍ മത്സരിക്കും. മൂന്നാം ഹിറ്റ്സില്‍ ലീഗിലെ ബാക്കിയുള്ള ഒമ്പതാമത്തെ വള്ളവും മറ്റു നറുക്കെടുക്കുന്ന വള്ളങ്ങളും മത്സരിക്കും. ടിക്കറ്റ് വില്‍പ്പന സി.ബി.എല്‍ കമ്പനി തന്നെയായിരിക്കും നിര്‍വഹിക്കുക. 
 
നെഹ്റു ട്രോഫിയുടെ വരുമാനത്തിന് എല്ലാ ഗ്യാരണ്ടിയും നല്‍കുമെന്നും മന്ത്രി പറഞ്ഞു. ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് എല്ലാം ഇരിപ്പിടം ഉറപ്പാക്കും. മികച്ച ടെലികാസ്റ്റിംഗ് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. ചാമ്പ്യന്‍സ് ബോട്ട്  വള്ളംകളിയുടെ നിലവാരവും സാധ്യതകളും മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍, ജില്ലാ കളക്ടര്‍, അദീല അബ്ദുള്ള, സബ്കളക്ടര്‍ കൃഷ്ണ തേജ, ജില്ലാ പോലീസ് മേധാവി കെ എം ടോമി, നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് എന്നിവര്‍ സംസാരിച്ചു.
 
Hits: 63