Saturday 17th of November 2018

വള്ളംകളിക്ക് കൂടുതല്‍ സെലിബ്രിറ്റികള്‍, ടിക്കറ്റ് വില്‍പ്പന സജീവം

Category: Sports
Published: Monday, 05 November 2018
ആലപ്പുഴ: ഓളപ്പരപ്പിലെ ഒളിമ്പിക്‌സിന് തുഴച്ചില്‍കാര്‍ക്കും കാണികള്‍ക്കും ഒരുപോലെ ആവേശം പകരാന്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അര്‍ജ്ജുനും കേരള ബ്ലാസ്റ്റേഴ്‌സ് ടീമും എത്തുമെന്ന് ഉറപ്പായതോടെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന കൂടി. ബുക്ക് മൈ ഷോ, ടിക്കറ്റ് ജീനി എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴിയാണ് വള്ളംകളിയുടെ ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാന്‍ സാധിക്കുക. ഇന്ന് മുതല്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് വഴിയും ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭ്യമാകും. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനക്ക് പുറമെ തിരുവനന്തപുരം മുതലുള്ള 10 തെക്കന്‍ ജില്ലകളിലും എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ വഴിയും ടിക്കറ്റ് വില്‍പ്പന നടത്തുന്നുണ്ട്. 100 രൂപ മുതല്‍ 3000 രൂപ വരെയാണ് ടിക്കറ്റ്  നിരക്ക.്
 
ഇപ്പോള്‍ തന്നെ ടിക്കറ്റ് വിപ്പന 60 ലക്ഷത്തിനോടടുത്തു. 70 ലക്ഷം രൂപയുടെ ടിക്കറ്റ് വില്‍പ്പനയാണ് സംഘാടകരുടെ ലക്ഷ്യം. ഇനിയും അഞ്ചു നാള്‍ അവശേഷിക്കെ ലക്ഷ്യം മറികടക്കാനാണ് സധ്യത. 70 ലക്ഷം രൂപയുടെ ടിക്കറ്റ് വില്‍പ്പനയാണ് ലക്ഷ്യമിടുന്നത്. ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ മത്സരത്തിന് എത്തുന്ന നെഹ്‌റി ട്രോഫി ജലമേള എന്ന പ്രത്യേകതയും ഇത്തവണത്തെ 66മത് നെഹ്രുട്രോഫിക്ക് സ്വന്തം. 25 ചുണ്ടന്‍ വള്ളങ്ങളും 56 ചെറുവള്ളങ്ങളുമാണ് ഇത്തവണ മത്സരിക്കാന്‍ ഇറങ്ങുക.
 
പ്രളയത്തിന് മുന്‍പ് ഓണ്‍ലൈനായി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ എല്ലാം തന്നെ റീഫണ്ട് ചെയ്തിരുന്നു. ടൂറിസം മേഖലയിലെ ഉണര്‍വ്വ് ടിക്കറ്റ് വില്പനയ്ക്കും ഉണര്‍വേകി. ഗവര്‍ണര്‍ പി.സദാശിവവും, കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനവും ,ധനമന്ത്രി തോമസ് ഐസക്കും,പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരനും,ഭക്ഷ്യ സിവില്‍ സപൈസ് മന്ത്രി പി.തിലോത്തമനും,ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഉള്‍പ്പടെ സംസ്ഥാനത്തെ പ്രമുഖ മന്ത്രിമാരുടെ ഒരു നിരതന്നെ ജലമേളയ്‌ക്കെത്തും. ഒട്ടേറെ മലയാളം തമിഴ് തെന്നിന്ത്യന്‍ ചലച്ചിത്രതാരങ്ങളും ജലരാജാക്കന്മാരെ കാണാനും വള്ളംകളി പ്രേമികള്‍ക്ക് ആവേശം പകരാനും എത്തുന്നുണ്ട്.
 
പവലിയനുകളുടെ നിര്‍മ്മാണം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്.ഇപ്പോള്‍ ട്രാക്കിന്റെ ജോലികള്‍ നടക്കുന്നു.2500 ഓളം പോലീസുകാരുടെ സുരക്ഷയാണ് ഇത്തവണ വള്ളംകളിക്ക് ഉണ്ടാവുക.നഗരം സി സി ടി വി നിരീക്ഷണത്തില്‍ ആയിരിക്കും.കൂടാതെ ഡി എം ഒ യുടെ നേതൃത്വതത്തിലുള്ള സുസജ്ജമായ ഡോക്ടര്‍മാരുടെ  സംഘം,  നീന്തല്‍ വിദഗ്ധരുടെ സേവനം, അടിയന്തര സാഹചര്യം നേരിടാന്‍ ഫയര്‍ ഫോഴ്‌സ്, ലഹരിയുടെ അനധികൃത ഉപയോഗം നിരീക്ഷിക്കാന്‍ എക്‌സൈസ് സംഘം എന്നിവരുടെ സേവനവും സദാസമയം ഉണ്ടാവും.
 
മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വള്ളംകളി കാണാന്‍ സൗജന്യമായി പാസ്സ് നല്‍കുന്നു ,പ്രത്യേക ഇരിപ്പിടവും സൗജന്യ ഭക്ഷണവും നല്‍കുന്നു എന്ന പ്രത്യേകതയും 66മത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് സ്വന്തം.ചുവപ്പ് ടീ ഷര്‍ട്ടുകള്‍ ഇട്ട വോളന്റിയര്‍മാരെ മുതിര്‍ന്ന പൗരന്മാര്‍ക്കായി മാത്രവും  ഭിന്നശേഷിക്കാരെ സഹായിക്കാന്‍ നീല ടീ ഷര്‍ട്ടുകള്‍ അണിഞ്ഞ വോളന്റിയര്‍മാരും  സദാസമയവും ഉണ്ടാവും.മഞ്ഞ ടീ ഷര്‍ട്ടുകാര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷാ ഒരുക്കുമ്പോള്‍ കറുപ്പ് ടീ ഷര്‍ട്ടുകര്‍ എല്ലാവരുടെയും സഹായതിനെത്തും. പച്ച ടീ ഷര്‍ട്ടുകാര്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ്