Thursday 20th of September 2018

കോപ്പ അമേരിക്ക ഫുട്ബോള്‍ : അര്‍ജന്റീന ഫൈനലില്‍

Category: Sports
Published: Wednesday, 01 July 2015
സാന്റിയാഗോ:  ബ്രസീലിനെ അട്ടിമറിച്ച് സെമികളിക്കാനെത്തിയ പരാഗ്വയെ 6-1 ന് തകര്‍ത്ത് അര്‍ജന്റീന കോപ്പ അമേരിക്ക ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തി. റോജോ, പാസ്റ്റൊറെ എന്നിവരുടെ ഗോളുകളില്‍ ആദ്യ പകുതിയില്‍ ലീഡെടുത്ത അര്‍ജന്റീനയ്ക്കെതിരെ 42-ാം മിനിറ്റില്‍ പരാഗ്വെ ഒരു ഗോള്‍മടക്കി. രണ്ടാം പകുതിയില്‍ നാലെണ്ണം കൂടി അര്‍ജന്റീന എതിര്‍വലയിലെത്തിച്ചു. സൂപ്പര്‍താരം മെസ്സിയുടെ ഫ്രീകിക്കില്‍ നിന്നാണ് പതിനഞ്ചാം മിനിറ്റില്‍ റോജോയുടെ ഗോള്‍വന്നത്. രണ്ടാം ഗോളിനും വഴിയൊരുക്കിയത് മെസ്സി തന്നെ. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം സമനില പിടിച്ച പ്രകടനം നല്‍കിയ ആത്മവിശ്വാസത്തില്‍ ഗോള്‍മടക്കാമെന്ന് ഉറപ്പിച്ചാണ് പരാഗ്വെ രണ്ടാംപകുതിയിലിറങ്ങിയത്. എന്നാല്‍ അവരുടെ  പോസ്റ്റില്‍ നാല് ഗോള്‍ കൂടി അര്‍ജന്റീന തുടരെ അടിച്ചുകയറ്റി. ആറ് മിനിറ്റിനിടെ ഏഞ്ചല്‍ ഡി മരിയയുടെ വക രണ്ട് ഗോളുകള്‍. അവസാന 10 മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയും ഹിഗ്വയിനും കൂടി സ്‌കോര്‍ ചെയ്തതോടെ ഗോള്‍വര്‍ഷം പൂര്‍ത്തിയായി. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ചിലിയാണ് അര്‍ജന്റീനയുടെ എതിരാളികള്‍.