Saturday 21st of April 2018

ലോകകിരീടം നാലാമതും ഇന്ത്യയ്ക്ക്

Category: Sports
Published: Saturday, 03 February 2018
മൗണ്ട് മൗഗ്‌നുയി: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് ചരിത്രനേട്ടം. ഫൈനലില്‍ ഓസ്‌ടേലിയയെ എട്ടു വിക്കറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പില്‍ നാലാമതും മുത്തമിടുന്ന ആദ്യ ടീമായി മാറിയത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ മുന്നോട്ടുവച്ച 216റണ്‍സെന്ന വിജയലക്ഷം 38.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. 
പുറത്താകാതെ 102 പന്തില്‍നിന്നും 101 റണ്‍സ് നേടിയ ഓപണര്‍ മന്‍ജോത് കല്‍റയാണ് ഇന്ത്യയുടെ വിജയശില്പി. 61 പന്തില്‍ 47 റണ്‍സ് നേടിയ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഹാര്‍വിക് ദേശായിയായിരുന്നു ഇന്ത്യ വിജയതീരമണയുമ്പോള്‍ കല്‍റയ്ക്ക് കൂട്ടായിരുന്നത്. ക്യാപ്ടന്‍ പൃഥ്വി ഷാ (29), ശുഭ്മാന്‍ ഗില്‍ (31) എന്നിവരാണ് പുറത്തായ ബാറ്റ്‌സ്മാന്‍മാര്‍. കര്‍ലയാണ് കളിയിലെ താരവും.
ടോസ് നേടിയ ഓസ്‌ട്രേലിയ ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. വന്‍ സ്‌കോര്‍ അടിച്ചുയര്‍ത്താമെന്ന ഓസ്‌ട്രേലിയന്‍ പ്രതീക്ഷകള്‍ ഫലവത്തായില്ല. രണ്ടുവീതം വിക്കറ്റ് വീഴ്ത്തിയ ഇഷാന്‍, ശിവ സിങ്, നാഗര്‍കോട്ടി, അനുകുല്‍ റോയ് എന്നിവരുടെ ബൗളിങിനുമുന്നില്‍ ഓസിസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് അടിപതറി. 102 പന്തില്‍ 76റണ്‍സെടുത്ത ജൊനാഥന്‍ മെര്‍ലോയ്ക്ക് മാത്രമേ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞുള്ളൂ.