Sunday 24th of February 2019

പുതുതലമുറ ഒളിമ്പിക്‌സ് മെഡലിനായി പരിശ്രമിക്കണം

Category: Sports Published: Thursday, 24 January 2019
ദേശീയ ജൂനിയര്‍ വനിതാഹോക്കി ചാമ്പ്യന്‍ഷിപ്പിന് തുടക്കം
 
കൊല്ലം: ജോലി മാത്രം ലക്ഷ്യമാക്കാതെ ഒളിമ്പിക്‌സ് മെഡലിനായി പരിശ്രമിക്കാന്‍ പുതുതലമുറ തയ്യാറാകണം എന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. ഒമ്പതാമത് ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യന്‍ഷിപ്പ് കൊല്ലം ഹോക്കി സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് ഇന്ത്യന്‍ കായികരംഗം ക്രിക്കറ്റിനു ചുറ്റുമാണ്. എന്നാല്‍ ഹോക്കിയിലൂടെ രാജ്യം സ്വന്തമാക്കിയ നേട്ടങ്ങള്‍ അനവധി ഉണ്ടെന്ന് ഓര്‍ക്കണം. പോയകാലത്തെ മികവിലേക്ക് തിരികെ എത്താനാണ് പ്രയത്‌നിക്കേണ്ടത്. ഇത്തരം ദേശീയതല മത്സരങ്ങളില്‍ ജയിക്കുന്നതിലുപരി പങ്കെടുക്കുകയാണ് പ്രധാനം. രാജ്യത്തെ പ്രതിനിധീകരിക്കുകയാണ് എന്ന ബോധ്യത്തോടെ കളിച്ചാല്‍ വിജയിക്കുക പ്രയാസമാകില്ല  ഗവര്‍ണര്‍ പറഞ്ഞു. 
 
ദേശീയ കായിക ഇനം എന്ന നിലയ്ക്കുള്ള ഹോക്കിയുടെ പ്രാധാന്യം നിലനിറുത്താനുള്ള ശ്രമങ്ങളാണ്  സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് അധ്യക്ഷനായ കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ഹോക്കി സ്റ്റിക്കുകള്‍ നല്‍കി ഹോക്കിയോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതിനൊപ്പം കളിക്കാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യവും ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ക്രിക്കറ്റ് കയ്യടക്കിയ ഇന്ത്യന്‍ കായികലോകത്ത് ഹോക്കിയുടെ പോയകാല പ്രൗഢി തിരിച്ചു പിടിക്കാനാണ് യുവകായിക താരങ്ങള്‍ ശ്രമിക്കേണ്ടതെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. 
 
ഹോക്കിയോടുള്ള ആഭിമുഖ്യം കുറയുന്നില്ല എന്നതിന് തെളിവാണ് 22 സംസ്ഥാനങ്ങളില്‍ നിന്നുള്ള 44 ടീമുകളുടെ പങ്കാളിത്തത്തിലൂടെ വ്യക്തമാകുന്നതെന്ന് മുഖ്യപ്രഭാഷകനായ വനം വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. 
എം. മുകേഷ് എം.എല്‍.എ, മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു, ഒളിമ്പ്യന്‍ പി.ആര്‍. ശ്രീജേഷ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്‍, കേരള ഹോക്കി അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍, ജനറല്‍ സെക്രട്ടറി ആര്‍. അയ്യപ്പന്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ഹണി ബെഞ്ചമിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.