Saturday 15th of December 2018

ട്രിവാന്‍ഡ്രം മാരത്തോണിന് ആവേശകരമായ സമാപനം

Category: Sports Published: Monday, 03 December 2018
തിരുവനന്തപുരം : കേരള പുനര്‍നിര്‍മാണത്തിന് ധനസമാഹരണത്തിനായി സംഘടിപ്പിച്ച സ്‌പോര്‍ട്‌സ് കേരള ട്രിവാന്‍ഡ്രം മാരത്തോണിന് ആവേശകരമായ പ്രതികരണം. ശനിയാഴ്ച അര്‍ധരാത്രി മുതല്‍ തിരുവനന്തപുരം നഗരവീഥികള്‍ നിറഞ്ഞൊഴുകിയ മാരത്തോണിന് ഞായറാഴ്ച 11 ഓടെ മാനവീയം വീഥിയില്‍ സമാപനമായി. 42.19 കിലോമീറ്റര്‍ ഫുള്‍ മാരത്തോണ്‍ പുരുഷവിഭാഗത്തില്‍ എം. മുനിയപ്പന്‍ ഒന്നാംസ്ഥാനം നേടി. രണ്ടുമണിക്കൂര്‍ 45 മിനിറ്റ് 45 സെക്കന്റ് സമയം കൊണ്ടാണ് സേലം എടപ്പാടി സ്വദേശി മുനിയപ്പന്‍ ഫുള്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കിയത്.ഫുള്‍ മാരത്തോണില്‍ ഹര്‍മന്‍ ബിഷ്‌ണോയ് രണ്ടാം സ്ഥാനവും ,വിനോദ്കുമാര്‍ മൂന്നാംസ്ഥാനവും നേടി. 21.09 കിലോമീറ്റര്‍ ഹാഫ് മാരത്തോണ്‍ പുരുഷവിഭാഗത്തില്‍ രാഹുല്‍ കമല്‍ ഒന്നാമതും, അഭിലാഷ് ആര്‍ രണ്ടാമതും, രാംകുമാര്‍ സി. മൂന്നാംസ്ഥാനവും നേടി. 
 
ഹാഫ് മാരത്തോണ്‍ വനിതാവിഭാഗത്തില്‍ കലൈസെല്‍വി ഒന്നാമതെത്തി. രശ്മി രണ്ടാമതും, സോയാ സിയാ മൂന്നാമതുമെത്തി. 10 കിലോമീറ്റര്‍ റണ്ണില്‍ വനിതാ വിഭാഗത്തില്‍ പ്രീതാ സുജീതാ വാര്യര്‍, അംബികാ രാമചന്ദ്രന്‍, ടാനിയ ലിസ് പ്രദീപ് എന്നിവര്‍ യഥാക്രമം ആദ്യ മൂന്നുസ്ഥാനങ്ങള്‍ നേടി. പുരുഷവിഭാഗത്തില്‍ റോള്‍ നമ്പര്‍: 10534 ഉം അഭിനന്ദ് സുന്ദരേശനും ആദ്യ സ്ഥാനം നേടി. അപ്പളനായിഡു, ശിവപ്രസാദ് കെ. എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
 
ഫുള്‍ മാരത്തോണില്‍ വിജയികളാകുന്നവര്‍ക്ക് ഒരുലക്ഷം രൂപയും, ഹാഫ് മാരത്തോണില്‍ വിജയിക്കുന്നവര്‍ക്ക് 50,000 രൂപയും, 10 കിലോമീറ്റര്‍ റണ്ണില്‍ വിജയിക്കുന്നവര്‍ക്ക് 20,000 രൂപയുമാണ് ക്യാഷ് അവാര്‍ഡ്. വിജയികള്‍ക്കുള്ള സമ്മാനദാനം വ്യവസായ കായികമന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിച്ചു. 'സ്‌പോര്‍ട്‌സ് കേരള ട്രിവാന്‍ഡ്രം മാരത്തോണ്‍' ദേശീയ ശ്രദ്ധ നേടിയതായി അദ്ദേഹം പറഞ്ഞു.എല്ലാ വര്‍ഷവും നവംബറില്‍ എല്ലാ ജില്ലകളിലും മാരത്തോണ്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. 'റണ്‍ ഫോര്‍ റീ ബിള്‍ഡ് കേരള' എന്നതാണ് 2018 ലെ മാരത്തോണിന്റെ മുദ്രാവാക്യം. ഈവര്‍ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണത്തിനാണ് രജിസ്‌ട്രേഷന്‍ ഫീസ് ഉപയോഗിക്കുക. 'കേരള പുനര്‍നിര്‍മാണം' എന്ന ലക്ഷ്യത്തിനായി മറ്റ് സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചാണ് കായികയുവജനകാര്യവകുപ്പ് ഈ സംരംഭം നടപ്പാക്കിയത്. ചടങ്ങില്‍ കായികവകുപ്പ് സെക്രട്ടറി ഡോ. എ. ജയതിലക്, കായിക യുവജനകാര്യ ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.