Saturday 19th of January 2019

ഒട്ടനവധി പുതുമകളുമായി നെഹ്‌റു ട്രോഫി വള്ളംകളി 2018

Category: Sports Published: Wednesday, 07 November 2018
ആലപ്പുഴ : പ്രളയത്തെത്തുടര്‍ന്ന് മാറ്റിവച്ച അറുപത്തിയാറാമത് നെഹ്‌റു ട്രോഫി വള്ളം കളി നവംബര്‍ 10ന് പുന്നമടയില്‍ നടക്കുകയാണ്. നെഹ്‌റുട്രോഫിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ പങ്കെടുക്കുന്ന വള്ളം കളിയുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്ന് ധനമന്ത്ര ടി.എം.തോമസ് ഐസക് പറഞ്ഞു. 81 ജലരാജാക്കന്മാര്‍ ആണ് ഇക്കുറി നെഹ്‌റുട്രോഫിയില്‍ പങ്കെടുക്കുന്നത്. ചുണ്ടന്‍ മത്സരയിനത്തില്‍ 20 വള്ളങ്ങളും പ്രദര്‍ശന മത്സരത്തില്‍ ,അഞ്ച് വള്ളങ്ങളും ഉള്‍പ്പടെ 25 ചുണ്ടന്‍വള്ളങ്ങള്‍ ഇക്കുറി മാറ്റുരയ്ക്കും. കൂടാതെ വെപ്പ് എ വിഭാഗത്തില്‍ 9 വള്ളങ്ങളും ,വെപ്പ് ബി വിഭാഗത്തില്‍ ഏഴ് വള്ളങ്ങളും, ഇരുട്ടുകുത്തി എ ഗ്രേഡ് നാലു വള്ളങ്ങളും ,ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തില്‍ 17 വള്ളങ്ങളും, ഇരുട്ടുകുത്തി സി ഗ്രേഡ് വിഭാഗത്തില്‍ 9 വള്ളങ്ങളും, 4 ചുരുളന്‍ വള്ളങ്ങളും ,6 തെക്കനോടി വള്ളങ്ങളും ഉള്‍പ്പെടെ 56 ചെറുവള്ളങ്ങള്‍ ആണ് ഇക്കുറി മത്സരരംഗത്തുള്ളത്. 81 വള്ളങ്ങള്‍ മത്സരിക്കുന്ന ഈ ജലമേളയില്‍ ഇക്കുറി വള്ളങ്ങളുടെ മെയിന്റനന്‍സ് ഗ്രാന്റ്, വള്ളങ്ങളുടെ ബോണസ് എന്നിവ കഴിഞ്ഞ തവണത്തേക്കാള്‍ 10% വര്‍ധിപ്പിച്ചിട്ടുണ്ട്. അത്തരത്തില്‍ ഏകദേശം ഒന്നര കോടിയോളം രൂപ ബോണസും ഗ്രാന്‍ഡായും  നല്‍കുന്നുണ്ട്.  കൂടാതെ ഇത്തവണ മുന്നിലെത്തുന്ന 10 വള്ളങ്ങള്‍ക്ക് സമ്മാനത്തുക വര്‍ധിപ്പിക്കാനും തീരുമാനം എടുത്തിട്ടുണ്ട്.
 
നവംബര്‍ 10ന് രാവിലെ 11 മണി മുതല്‍ ചെറുവള്ളങ്ങളുടെ മത്സരം ആരംഭിക്കും.  തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം ചുണ്ടന്‍വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും എല്ലാ വിഭാഗങ്ങളുടെയും ഫൈനല്‍ മത്സരങ്ങളും അരങ്ങേറും.
 
കേരള ബ്ലാസ്റ്റേഴ്‌സും അല്ലു അര്‍ജ്ജുനും ആവേശം പകരും
 
 ഇത്തവണ വള്ളംകളിക്ക് ആവേശം പകരാന്‍ കേരള ബ്ലാസ്റ്റേഴ്‌സും ,തെലുങ്ക നടന്‍ അല്ലു അര്‍ജ്ജുനും എത്തുന്നുണ്ട്. ജലോത്സവരത്തിന്റെ ഉദ്ഘാടനം കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം നിര്‍വഹിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കുന്നത് സംസ്ഥാനത്തിന്റെ  ബഹു. ധനകാര്യ വകുപ്പ് മന്ത്രി ശ്രീ ടി എം തോമസ് ഐസക്ക് ആണ് .  ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ ജി സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി ബഹു.കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ അല്‍ഫോന്‍സ് കണ്ണന്താനം പങ്കെടുക്കും.  സമ്മേളനത്തില്‍ ബഹു. ടൂറിസം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍,  ബഹു. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍, ബഹു.പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല,  എം പി മാരായ ശ്രീ കെ സി വേണുഗോപാല്‍, ശ്രീ കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ ശ്രീ തോമസ് ചാണ്ടി, ശ്രീ എ.എം ആരിഫ്, ശ്രീ സജി ചെറിയാന്‍, ശ്രീ ആര്‍ രാജേഷ്,  ശ്രീമതി പ്രതിഭാ ഹരി,  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ജി വേണുഗോപാല്‍ , ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ തോമസ് ജോസഫ് എന്നിവര്‍ പങ്കെടുക്കും. 
 
ഇത്തവണ മുഴുവന്‍ ഫുള്‍കവര്‍ ഇന്‍ഷൂറന്‍സ് പരിധിയില്‍
 
 ഇക്കുറി ഒട്ടനവധി പുതുമകളുമായാണ് വള്ളംകളി സംഘടിപ്പിച്ചിട്ടുള്ളത്. അതിലേറ്റവും സവിശേഷതയുള്ളതാണ് വിവിധ നിറങ്ങളിലുള്ള യൂണിഫോം ധരിച്ച വോളണ്ടിയര്‍മാരുടെ സേവനം. ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചാണ് വള്ളംകളി നടക്കുക. ആലപ്പുഴ മുനിസിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേകം വളണ്ടിയര്‍മാരാണ് ഹരിതചട്ടം സംരക്ഷിക്കുന്നതിനായി രംഗത്ത് ഉണ്ടാവുക. പച്ച യൂണിഫോമണിഞ്ഞ വളണ്ടിയര്‍മാര്‍ ഹരിതാഭമായ വള്ളംകളി സംഘടിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും വരുത്തും. ഇത്തവണ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി വള്ളംകളി കാണുന്നതിന് പ്രത്യേകം ഇരിപ്പിടങ്ങളും സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി മഞ്ഞനിറത്തിലുള്ള യൂണിഫോമണിഞ്ഞ വോളണ്ടിയര്‍മാര്‍ ഉണ്ടാകും. ബയോ ടോയിലെറ്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. സ്ത്രീകള്‍ക്ക് വിശ്രമിക്കുന്നതിനുള്ള പ്രത്യേക സൗകര്യവും ഏര്‍പ്പാടാക്കിയിട്ടുണ്ട. കുട്ടികളുടെ കൈകളില്‍ രക്ഷകര്‍ത്താവിന്റെ  പേരും മൊബൈല്‍ നമ്പറും ഉള്‍പ്പെടുന്ന ടാഗുകള്‍ ധരിപ്പിക്കുന്നു എന്നുള്ളതും പ്രത്യേകതയാണ്. 
 
മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പ്രത്യേക സൗകര്യം
 
മുതിര്‍ന്ന പൗരന്മാര്‍ക്ക്  വള്ളംകളി കാണുന്നതിന് പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രത്യേക ഇരിപ്പിടങ്ങളില്‍ അവരെ സേവിക്കുന്നതിനു ചുവപ്പ് യൂണിഫോമണിഞ്ഞ വളണ്ടിയര്‍മാര്‍ ഉണ്ടാവും. കൂടാതെ സവിശേഷ ശേഷിയുള്ളവര്‍ക്ക് വള്ളംകളി കാണുന്നതിന് പ്രത്യേക മേഖല സജ്ജീകരിച്ചിട്ടുണ്ട്. ഇവരുടെ സംരക്ഷണത്തിനായി നീല യൂണിഫോം ധരിച്ച വോളണ്ടിയര്‍മാരും ഉണ്ടാവും. വിവിധ വകുപ്പുകള്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് നടക്കുന്നത്.  മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി സ്റ്റാര്‍ട്ടിങ്ങിനും ,ഫിനിഷിങ്ങിനും ഡിവൈസുകളില്‍ കുറ്റമറ്റ സംവിധാനം ഒരുക്കുന്നു.  നാലുവിധത്തിലാണ് സ്റ്റാര്‍ട്ടിങ് സംവിധാനം. വള്ളങ്ങളെ പുറകില്‍ നിന്ന്  സ്റ്റാര്‍ട്ടിങ് പോയിന്റില്‍  പിടിച്ചു നിര്‍ത്തുന്നതിന് ആവശ്യമായ ഷട്ടര്‍ സംവിധാനം ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. വള്ളങ്ങളെ പുറകോട്ടു പോകാത്ത വിധം നിശ്ചിത ലൈനില്‍ തന്നെ നിലനിര്‍ത്തുന്നതിനുള്ള പ്രത്യേക സംവിധാനവും ഉണ്ട്. വള്ളങ്ങളെ പുറകില്‍ നിന്ന് ബന്ധിപ്പിച്ചുനിര്‍ത്തുന്ന മുഹമ്മ സ്വദേശി റിഷികേശ് തയ്യാറാക്കിയ ഇലക്ട്രോണിക് സംവിധാനവും ഉണ്ട്. സ്റ്റാര്‍ട്ടിങ് കുറ്റമറ്റതാക്കാന്‍ കൃത്യതയോടെയുള്ള പരിശ്രമമാണ് നടത്തിയിട്ടുള്ളത്. ഫിനിഷിംഗ് വളരെ കൃത്യതയാര്‍ന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. സെക്കന്‍ഡില്‍ അയ്യായിരത്തിലധികം ഫ്രെയിമുകള്‍ എടുക്കാന്‍ ശേഷിയുള്ള ഒളിമ്പിക്‌സിലും കനോയ്കയാക്കിങ് ദേശീയ മത്സരങ്ങളില്‍ ഉപയോഗിക്കുന്ന ഫോട്ടോ ഫിനിഷ് സംവിധാനം ഇവിടെയും നടപ്പിലാക്കുന്നു. ഫോട്ടോ ഫിനിഷിംഗ് സംവിധാനത്തിലൂടെ വള്ളങ്ങളുടെ മത്സരം പൂര്‍ത്തിയാകുന്ന നിമിഷംതന്നെ എല്‍.ഇ.ഡിയിലൂടെയും പ്രിന്റ് ഔട്ട് ആയും മത്സര ഫലം അറിയാന്‍ കഴിയും.
 
വിവിധ ഇടങ്ങളില്‍ സി.സി.ടി.വി ക്യാമറകള്‍
 
 നെഹ്‌റു ട്രോഫി വള്ളംകളിയുടെ സുരക്ഷയ്ക്കായി 2000 പോലീസുകാരെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നഗരം നിരീക്ഷിക്കുന്നതിന് സി സി ടി വികള്‍ വിവിധയിടങ്ങളില്‍ സ്ഥാപിച്ചു.  സുരക്ഷയ്ക്കായി പ്രത്യേകം സംവിധാനങ്ങള്‍ പൊലീസ് ഒരുക്കിയിട്ടുണ്ട്. ഹോളോഗ്രാം പതിച്ച മുദ്രവച്ച ടിക്കറ്റുകളാണ് ഇത്തവണ വില്‍ക്കുന്നത്. വ്യാജ ടിക്കറ്റുകളുടെ വില്‍പ്പന പൂര്‍ണമായി ഇല്ലാതാക്കാനാണ് ഈ നടപടി.  കാഴ്ചക്കാര്‍ക്കായി കൂടുതല്‍ സീറ്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട. വിവിധ  പവലിയനുകളില്‍ സൗജന്യ കുടിവെള്ള വിതരണവും ഉണ്ട്. എല്ലാ പവലിയനുകളിലും  ഭക്ഷണശാലകളില്‍ പാസുള്ളവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.  കാണികള്‍ രാവിലെ 10 നു മുന്‍പ് പ്രവേശിക്കണം. 
 
    ഭൂരിഭാഗം വള്ളങ്ങളും പരിശീലനം ആരംഭിച്ചുകഴിഞ്ഞു. പവലിയന്‍ നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു. ഉന്നത നിലവാരത്തിലുള്ള സ്റ്റാര്‍ട്ടിംഗ്, ഫിനിഷിംഗ് സംവിധാനങ്ങള്‍ എന്നിവ സജജമാക്കിയിട്ടുണ്ട്. ചരിത്രത്തിലാദ്യമായി മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, സവിശേഷ കഴിവുഉള്ളവര്‍, സ്ത്രീകളും കുട്ടികളും എന്നിവര്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ഇരിപ്പിടങ്ങളും സൗകര്യങ്ങളും ഇവര്‍ക്കായി പ്രത്യേക പരിശീലനം നല്‍കിയ വാളന്റിയര്‍മാരും ഉണ്ടാകും. 2000 പോലീസുകാര്‍ നഗരത്തില്‍ സുരക്ഷാ വലയം തീര്‍ക്കും. നഗരവും പുന്നമടയും ശക്തമായ ക്യാമറ നിരീക്ഷണത്തിലാകും.  പവലിയനുകളില്‍ കര്‍ശനമായ പോലീസ് സാന്നിദ്ധ്യം ഉണ്ടാകും.മുങ്ങല്‍ വിദഗ്ധര്‍, സ്‌കൂബാ ഡൈവേഴ്‌സ് എന്നിവര്‍ ഉള്‍പ്പെടെ സുസജ്ജമായ ഫയര്‍ & റെസ്‌ക് ടീം അണി നിരക്കും.
 
റസ്‌ക്യൂ ആംബുലന്‍സുകള്‍ ഉള്‍പ്പെടെ എല്ലാ വിധ കമീകരണങ്ങളുമായി എട്ട് മെഡിക്കല്‍ ടീമുകള്‍ ഉണ്ടാകും. കര്‍ശനമായ പ്ലാസ്റ്റിക് നിയന്ത്രണം ഉണ്ടാകും. ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും. കെ.എസ്.ആര്‍.റ്റി.സി, സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് അന്നേ ദിവസം കൂടുതല്‍സര്‍വ്വീസുകള്‍ നടത്തും. എക്‌സൈസിന്റെ 3 സ്‌ക്വാഡുകള്‍ രംഗത്തുണ്ടാകും.ടൂറിസം മേഖലയില്‍ ഉണര്‍വ് പകരാന്‍ വള്ളംകളിയിലൂടെ സാധിക്കുമെന്നാണ് കരുതുന്നത്. പ്രൈസ് മണിയിലും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. ടിക്കറ്റ് വില്‍പ്പനയിലൂടെയും, സ്‌പോണ്‍സര്‍ഷിപ്പിലൂടെയും അധിക തുക കണ്ടെത്താനാകുമെന്നാണ് വിശ്വാസം. 
 
പത്രസമ്മേളനത്തില്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്കിനെക്കൂടാതെ നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ്, സബ്കളക്ടര്‍ വി.ആര്‍.കൃഷ്ണതേജ, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഹരന്‍ ബാബു, ഡിവൈ.എസ്.പി. പി.വി.ബേബി എന്നിവര്‍ പങ്കെടുത്തു.