Wednesday 19th of December 2018

പ്രളയാനന്തര കേരളത്തിന് കൈത്താങ്ങായി നെഹ്‌റു ട്രോഫി ജലമേള നവംബര്‍ 10ന്

Category: Sports Published: Wednesday, 10 October 2018
ആലപ്പുഴ: പ്രളയാനന്തര കേരളത്തിനും കുട്ടനാടിനും കൈത്താങ്ങാകാന്‍ നെഹ്‌റുട്രോഫി വള്ളംകളി നവംബര്‍ 10ന് പുന്നമടക്കായലില്‍ സംഘടിപ്പിക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ എം.പി. മുഖ്യാതിഥിയാകും. ഓഗസറ്റ് രണ്ടാം ശനിയാഴ്ച സംഘടിപ്പിക്കാന്‍ ഇരുന്ന വള്ളംകളിയുടെ മല്‍സര ക്രമങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും പുതിയ രജിസ്‌ട്രേഷന്‍ ഉണ്ടാകില്ലെന്നും ധനമന്ത്രി ഡോ. തോമസ് ഐസക് എന്‍.ടി.ബി.ആര്‍. സൊസൈറ്റി യോഗത്തിനുശേഷം വ്യക്തമാക്കി. പ്രളയാനന്തര കേരളത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന വള്ളംകളിയോടെ സംസ്ഥാനത്തെ ടൂറിസം മേഖല രാജ്യാന്തര സമൂഹത്തിനായി തുറന്നിടുകയാണെന്നും അദ്ദേഹം പറഞ്ഞു. 
   പ്രളയാനന്തരം കേരളവും കുട്ടനാടും സംരക്ഷിതമാണെന്നും വിനോദ സഞ്ചാരികള്‍ക്ക് പ്രാപ്യമാണെന്നുമുള്ള സന്ദേശമാണ് ഈ വള്ളംകളിയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഇതിന്റെ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് സഹായം ഒന്നുമുണ്ടാകില്ല. വിവിധ മേഖലകളില്‍ നിന്നുള്ള പ്രായോജകരെ കണ്ടെത്തിയാകും വള്ളംകളി നടത്തുക. ഒരു കോടി രൂപ ഇതിനകം വള്ളംകളിക്കായി ചെലവഴിച്ചിരുന്നു. വിവിധ സമിതികള്‍ യോഗം ചേര്‍ന്ന് ആര്‍ഭാടമൊഴിവാക്കി കുറഞ്ഞ ചെലവില്‍ വള്ളംകളി നടത്താനാണ് തീരുമാനം. 
    അമ്പതുലക്ഷം രൂപയുടെ ടിക്കറ്റെങ്കിലും പുതുതായി വിറ്റഴിച്ചാല്‍ വള്ളംകളി നഷ്ടമില്ലാതെ നടത്താനാകും. ജനങ്ങളെ വിശ്വാസത്തിലെടുത്താണ് ഈ വെല്ലുവിളിയെ ഏറ്റെടുക്കുന്നത്. പരമാവധി ടിക്കറ്റുകള്‍ വാങ്ങി കുട്ടനാടിനോടുള്ള ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കലായി ഈ മല്‍സരത്തെ മാറ്റണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. സ്റ്റാര്‍ട്ടിങ് സംവിധാനം, പന്തല്‍ എന്നിവയുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കായി ഇതിനകം ഒരു കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ട്. ക്ലബുകള്‍ക്ക് ഉണ്ടായിട്ടുള്ള നഷ്ടം വളരെ വലുതാണ്. അവരുടെ കൂടി താല്‍പ്പര്യമാണ് വള്ളംകളി നടക്കണമെന്നതെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
    ഇതിനകം ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങിയവര്‍ക്കെല്ലാം പണം മടക്കിനല്‍കിയിട്ടുണ്ട്. പണം നല്‍കി ടിക്കറ്റെടുത്തവരില്‍ ആവശ്യപ്പെട്ടവര്‍ക്കെല്ലാം പണം മടക്കി നല്‍കി. ബാക്കിയുള്ളവര്‍ക്ക് കൈയ്യിലുള്ള ടിക്കറ്റുപയോഗിച്ച് കളി കാണാം. നിലവില്‍ ടൂറിസം വകുപ്പിന് വിനോദസഞ്ചാര മേഖലയില്‍ പുതിയ പദ്ധതികള്‍ ഈ സീസണില്‍ ഇല്ലാത്തതിനാല്‍ ടൂറിസം വകുപ്പും വള്ളംകളിക്ക് ആവശ്യമായ പ്രചരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. കേരളം ടൂറിസത്തിന് സര്‍വസജ്ജമാണെന്ന സന്ദേശം ഇതുവഴി രാജ്യാന്തരതലത്തില്‍ പ്രചരിപ്പിക്കാനകുമെന്നും ലോകത്തിന്റെ മുഴുവന്‍ ഐക്യദാര്‍ഡ്യവും വള്ളംകളിക്കുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഡോ. തോമസ് ഐസക് പറഞ്ഞു. 
      സൊസൈറ്റി യോഗത്തില്‍ ചെയര്‍മാനായ ജില്ല കലക്ടര്‍ എസ്. സുഹാസ് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ്, സെക്രട്ടറിയായ സബ് കലക്ടര്‍ വി. ആര്‍. കൃഷ്ണതേജ, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഹരന്‍ബാബു, സമതിയംഗങ്ങള്‍ തു
ങ്ങിയവര്‍ പങ്കെടുത്തു.