Friday 18th of January 2019

ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പും മലബാര്‍ റിവര്‍ ഫെസ്റ്റിവലും കോഴിക്കോട്

Category: Sports Published: Thursday, 05 July 2018
തിരുവനന്തപുരം: ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലും ആദ്യ ലോക കയാക്കിങ് ചാമ്പ്യന്‍ഷിപ്പും ജൂലായ് 18 മുതല്‍ 22 വരെ കോഴിക്കാട് തുഷാരഗിരിയില്‍ നടക്കുമെന്ന് ടൂറിസം, സഹകരണം ദേവസ്വം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ വൈറ്റ് വാട്ടര്‍ കയാക്കിങ്ങായി അറിയപ്പെടുന്ന ഈ മേളയില്‍ അഞ്ച് ദിവസങ്ങളിലായി 25 ടീമുകളാണ് പങ്കെടുക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലുളള ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് സംഘാടകര്‍. 15 ലക്ഷം രൂപയാണ് സമ്മാനത്തുക. മത്സരങ്ങള്‍ക്കുളള സാങ്കേതിക സഹായം ബംഗളൂരുവിലെ മദ്രാസ് ഫണ്‍ ടൂള്‍സ് നല്‍കും. ജി.എം.ഐ കോഴിക്കോട്, ജില്ലാ പഞ്ചായത്ത്, തിരുവമ്പാടി, ചക്കിട്ടപ്പാറ, കോടഞ്ചേരി ഗ്രാമ പഞ്ചായത്തുകള്‍ എന്നിവ സഹായ സഹകരണങ്ങള്‍ നല്‍കുന്നുണ്ട്.
    ഫ്രഞ്ച് ഒളിമ്പിക് സംഘാംഗവും നിലവിലെ ലോക ചാമ്പ്യനുമായ ന്യൂട്രിയ ന്യൂമാന്‍, 2015ലെ ലോകചാമ്പ്യനായ സ്‌പെയിനില്‍ നിന്നുളള ഗേഡ് സെറ സോള്‍സ് 2012 ഒളിമ്പിക് വെളളി മെഡല്‍ നേടിയ ചെക് താരം വാവെറിങ്ക് റാഡിലെക്, അമേരിക്കന്‍ ഫ്രീസ്‌റ്റൈല്‍ സംഘാംഗവും റെഡ്ബുള്‍ അത്‌ലീറ്റുമായ ഡെയിന്‍ ജാക്‌സണ്‍, കാനഡ ഫ്രീസ്‌റ്റൈല്‍ സംഘാംഗം നിക് ട്രൗട്ട്മാന്‍ എന്നിവര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന പ്രമുഖ താരങ്ങളാണ്. ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്‍ഡ്, ഇന്ത്യോനേഷ്യ, ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ, നോര്‍വെ, നേപ്പാള്‍, മലേഷ്യ, സിംഗപ്പൂര്‍, ചെക് റിപ്പബ്ലിക്, ഓസ്ട്രിയ, നെതര്‍ലാന്‍ഡ്‌സ്, യു.എസ്.എ, കാനഡ തുടങ്ങി ഇരുപതോളം രാജ്യങ്ങള്‍ക്ക് ചാമ്പ്യന്‍ഷിപ്പില്‍ പ്രാതിനിധ്യമുണ്ടാകും.
   കോഴിക്കോട് ജില്ലയെ നിപാ വിമുക്ത മേഖലയായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഇക്കൊല്ലത്തെ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു. 2013ല്‍ തുടങ്ങിയ മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ രാജ്യത്തെ ഏറ്റവും വലിയ സാഹസിക കായിക വിനോദ മേളകളില്‍ ഒന്നാണ്. കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ നദിയില്‍ നടത്തുന്ന ചാമ്പ്യന്‍ഷിപ്പില്‍ തുടക്കക്കാര്‍, പരിചിതര്‍, പ്രത്യേക വിഭാഗം എന്നിങ്ങനെ ഇന്ത്യക്കാര്‍ക്കായി മത്സരങ്ങള്‍ ഉണ്ടാകും. കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങളില്‍ അന്താരാഷ്ട്ര കാനോയിംഗ് ഫെഡറേഷന്‍ അംഗീകരിച്ച ഫ്രീസ്‌റ്റൈല്‍, സ്ലാലോം, എക്‌സ്ട്രീം സ്ലാലോം എന്നീ വിഭാഗങ്ങളില്‍ മത്സരങ്ങളുണ്ടാകും. ടീം റേസ് ലോക ചാമ്പ്യന്‍ഷിപ്പായിരിക്കും മത്സരത്തിന്റെ അവസാന ഇനം.
      അന്താരാഷ്ട്ര ബ്രാന്‍ഡുകളായ വുഡ്‌ലാന്റ്, ഗോപ്രോ എന്നിവരാണ് ചാമ്പ്യന്‍ഷിപ്പിന്റെ മുഖ്യ സ്‌പോണ്‍സര്‍മാര്‍. ഫെസ്റ്റിവലിനെയും ചാമ്പ്യന്‍ഷിപ്പിനെയും കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ www.malabarfest.com ലും https://www.facebook.com/malabarfestival എന്ന ഫേസ് ബുക്ക് പേജിലും ലഭിക്കും. (മാധ്യമസംബന്ധിയായ സംശയങ്ങള്‍ക്ക്: This email address is being protected from spambots. You need JavaScript enabled to view it.)  ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, ഡയറക്ടര്‍ പി. ബാലകിരണ്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.