Saturday 21st of April 2018

പോലീസ് സ്റ്റേഷനിലേക്ക് വരൂ, പി എസ് സിക്ക് പഠിക്കാം

Category: Life Style
Published: Saturday, 28 May 2016
ലശ്ശേരിയില്‍ പിഎസ്‌സി പരീക്ഷയ്ക്കു പഠിക്കുന്നവര്‍ ഇപ്പോള്‍ നേരെ ചെല്ലുന്നത് പോലീസ് സ്റ്റേഷനിലേക്കാണ്. സ്വകാര്യ കോച്ചിങ് സെന്ററുകളില്‍ വലിയ ഫീസ് കൊടുത്തു പഠിക്കുന്നതിനേക്കാള്‍ ഭേദം ജയിലാണെന്നു വിചാരിച്ചല്ല. പോലീസ് സ്റ്റേഷനില്‍ നിന്ന് നേരെ വഴിതുറക്കുന്നത് സര്‍ക്കാര്‍ ജോലിയിലേക്കാണെന്നാണ് അവരുടെ അനുഭവസാക്ഷ്യം. തലശ്ശേരിയിലെ ജനമൈത്രി പോലീസ് സ്റ്റേഷനിലാണ് മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ എംഎല്‍എ ഫണ്ടില്‍ നിന്നുള്ള സഹായത്തോടെ പിഎസ്‌സി പരീക്ഷാ പരിശീലന കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. 
 
 
ഉന്നതവിദ്യാഭ്യാസമുള്ള പോലീസ് ഉദ്യോഗസ്ഥര്‍  തന്നെയാണ് ആദ്യകാലങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നത്. ജോലിത്തിരക്കുകള്‍ കാരണം ഇപ്പോള്‍ പരിചയ സമ്പന്നരായ അധ്യാപകരെ പുറത്തുനിന്ന് കൊണ്ടുവരികയാണ്. എല്ലാ ദിവസവും രാവിലെ ഏഴര മുതല്‍ ഒമ്പതുമണി വരെയാണ് ക്ലാസ്. ഒഴിവുദിവസങ്ങളില്‍ ഉച്ചവരെ ക്ലാസുണ്ടാകും. വിവിധ പരീക്ഷകള്‍ക്ക് പ്രത്യേകം ക്ലാസുകള്‍ നല്കുന്നുണ്ട്. ക്ലാസുകള്‍ പൂര്‍ണമായും സൗജന്യമാണ്. 
 
 
സ്ഥലം എംഎല്‍എ ആയിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മണ്ഡല വികസന നിധിയില്‍ നിന്ന് പദ്ധതിക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം ലഭിച്ചിട്ടുണ്ട്. തലശ്ശേരി നഗരസഭ 45000 രൂപ അനുവദിച്ചു. ജനമൈത്രി പോലീസിന്റെ ഫണ്ട് ഉപയോഗിച്ച് 60000 രൂപയുടെ പുസ്തകങ്ങളും വാങ്ങിയിട്ടുണ്ട്. സമീപഭാവിയില്‍ ഇതിനെ ഒരു മിനി സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനകേന്ദ്രമായി ഉയര്‍ത്തുകയെന്നതാണ് ഇപ്പോള്‍ തലശ്ശേരി പോലീസിന്റെ സ്വപ്നം. ഇതിനായി കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ഒരു എല്‍സിഡി പ്രൊജക്ടര്‍ സംഭാവനയായി ലഭിച്ചിട്ടുണ്ട്. നിരവധി സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും സഹായവാഗ്ദാനവുമായി എത്തിയിട്ടുണ്ട്. 
 
 
ഡയറ്റിലെ അദ്ധ്യാപകനായ റൈജു, വി പി ബാബു, സന്തോഷ് ചൊക്ലി,  റിജിത് കുമാര്‍, സുരേഷ് പന്തക്കല്‍, പി രത്‌നാകരന്‍, ടി മഹേഷ്, കെ വി പ്രദീപ് എന്നിവരാണ് ക്ലാസുകളെടുക്കുന്നത്.  ഉദ്യോഗാര്‍ത്ഥികള്‍ക്കായി  മികച്ച ലൈബ്രറി, പത്രങ്ങള്‍, ആനുകാലികങ്ങള്‍, തൊഴില്‍ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയവയും ലഭ്യമാണ്. ചില നിയന്ത്രണങ്ങള്‍ക്കു വിധേയമായി പൊതുജനങ്ങള്‍ക്കും ലൈബ്രറി ഉപയോഗിക്കാം.
 
 
 
നിത്യ. വി