Friday 18th of January 2019

വെളളപ്പൊക്കം ജാഗ്രത നിര്‍ദേശങ്ങള്‍ അവഗണിക്കരുത്

Category: Life Style
Published: Saturday, 18 August 2018
വെളളപ്പൊക്കത്തെ നേരിടാനുളള ജാഗ്രതാ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്  ഫയര്‍ ഫോഴ്‌സ് അധികൃതര്‍ അറിയിച്ചു.
 
പ്രധാന നിര്‍ദ്ദേശങ്ങള്‍  
* വെളളപ്പൊക്കം ബാധിച്ച സ്ഥലത്തേക്ക് വാഹനങ്ങള്‍ ഡ്രൈവ് ചെയ്ത് പോകുന്നത് ഒഴിവാക്കണം.
* വെളളക്കെട്ടിലൂടെ നടന്നുപോകുന്നത് പരമാവധി ഒഴിവാക്കുക.   പോകേണ്ടത് അത്യാവശ്യമാണെങ്കില്‍ ഒരു നീളമുളള കമ്പോ, വടിയോ കൊണ്ട് വെളളത്തിന്റെ  ആഴം പരിശോധിച്ച്  മുന്നോട്ട് പോകുക.
* ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് സമീപത്തുകൂടി നടക്കുന്നത് ഒഴിവാക്കുക.  ഇലക്ട്രിക്്് ലൈനുകള്‍ പൊട്ടിവീണു കിടക്കുന്ന സ്ഥലങ്ങളില്‍ ഒരു കാരണവശാലും നടന്നുപോകരുത്. 
* വെളളപ്പൊക്കം ബാധിച്ച സ്ഥലങ്ങളിലെ വൈദ്യുതി മെയില്‍ കണക്ഷനും ഗ്യാസ്‌മെയിന്‍ കണക്ഷനും ഓഫാക്കണം
* ഇലക്ട്രിക് ഷോക്ക്, മൂര്‍ച്ചയുളള വസ്തുക്കള്‍, പാമ്പുകള്‍ ഉള്‍പ്പെടെയുളള വിഷ ജന്തുക്കള്‍ തുടങ്ങിയ അപകടസാധ്യതകള്‍ ഒളിഞ്ഞിരിക്കുന്നതിനാല്‍ വെളളക്കെട്ടിനകത്തുകൂടി നടന്നു പോകുന്നത് പരമാവധി ഒഴിവാക്കണം.
* വെളളപ്പൊക്കമുളള വീടുകള്‍കളിലെ ഗ്യാസ് സിലിണ്ടറുകള്‍ ലീക്കാകാനുളള സാധ്യത ഉളളതിനാല്‍ പുക വലിക്കുക, തീ കത്തിക്കുക, ഇലക്ട്രിക് സ്വിച്ചുകള്‍ പ്രവര്‍ത്തിപ്പിക്കുക എന്നിവ പരമാവധി ഒഴിവാക്കണം.
* മഴക്കാലം കഴിയുന്നതുവരെയെങ്കിലും തുടര്‍ച്ചയായി വെളളപ്പൊക്കം ഉണ്ടാകാന്‍ സാധ്യതയുളള സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞ് പോകുകയും ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറി താമസിക്കേണ്ടതുമാണ്.
* വെളളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ സ്വീവേജ് ലൈനുകള്‍, ഗട്ടറുകള്‍ എന്നിവിടങ്ങളില്‍ നിന്നും മാറി സഞ്ചരിക്കേണ്ടതാണ്.
* വെളളക്കെട്ടില്‍ ഇറങ്ങേണ്ടത് അത്യാവശ്യമെങ്കില്‍ നിര്‍ബന്ധമായും സുരക്ഷിതമായ ചെരിപ്പ്/ഗംബൂട്ട് ധരിക്കുക.
* വെളളക്കെട്ടില്‍ ഇറങ്ങാനോ കളിക്കാനോ കുട്ടികളെ യാതൊരു കാരണവശാലും അനുവദിക്കരുത്.
* കേടായ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കരുത്.  ഷോക്കടിക്കാന്‍ സാധ്യതയുണ്ട്.
* എമര്‍ജന്‍സി കിറ്റ്, ഫസ്റ്റ് എയ്ഡ് ബോക്‌സ് എന്നിവ കരുതി വെയ്ക്കുക.
* വീടുകളില്‍ ഫര്‍ണീച്ചര്‍, ഉപകരണങ്ങള്‍, മറ്റ് വിലപിടിപ്പുളള വസ്തുക്കള്‍ എന്നിവ പരമാവധി ഉയര്‍ത്തിവയ്ക്കാന്‍ ശ്രമിക്കുക.
* രാത്രികാലങ്ങളില്‍ ജലാശയങ്ങളില്‍ മീന്‍പിടിക്കുന്നതും കുളിക്കുന്നതും  ഒഴിവാക്കണം.
* അപകടസാധ്യതയുളള ഡാമുകളിലും ജലാശയങ്ങളിലും മഴക്കാലം കഴിയുന്നതുവരെ ഒരു കാരണവശാലും ഇറങ്ങരുത്.
* ഉപയോഗശൂന്യമായ ക്വാറികള്‍, കുളങ്ങള്‍, കിണറുകള്‍, മറ്റ് ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍ കമ്പിവേലിയോ മറ്റോ കെട്ടി അടച്ചിടേണ്ടതാണ്.
* അപകടസാധ്യതയുളള ജലാശയങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡ് ഇല്ലാത്ത സ്ഥലങ്ങളില്‍ ബന്ധപ്പെട്ട പഞ്ചായത്ത് വില്ലേജ്തലങ്ങളിലുളള ഉദ്യോഗസ്ഥര്‍ മുന്‍ കൈയ്യെടുത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ വയ്‌ക്കേണ്ടതാണ്.
* ക്ഷേത്രങ്ങളുടേയോ സ്വകാര്യവ്യക്തികളുടേയോ അപകടസാധ്യതയുളള കുളങ്ങളില്‍ അതുമായി ബന്ധപ്പെട്ട വ്യക്തികള്‍ അടിയന്തിരമായി മുന്നറിയിപ്പ് ബോര്‍ഡുകളും ബാരിക്കേഡുകളും സ്ഥാപിക്കേണ്ടതാണ്.
* ജലാശയങ്ങളോട് ചേര്‍ന്നുളള സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ഫലപ്രദമാക്കുവാനായി വോളണ്ടിയര്‍ സര്‍വീസിന് താത്പര്യമുളള പൊതുജനങ്ങളെ സംഘടിപ്പിച്ച് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുമായി ബന്ധപ്പെടുത്തുക. തുടര്‍ന്ന്് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വോളണ്ടിയര്‍ ടീമുകള്‍ രൂപീകരിക്കുന്നതാണ്. ഇതിനായി സന്നദ്ധസംഘടനകള്‍, പഞ്ചായത്ത് റസിഡന്റ്‌സ്് അസോസിയേഷനുകള്‍ എന്നിവയ്ക്ക് തൊട്ടടുത്ത ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനിലോ ജില്ലാ ഫയര്‍ ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്.
* വെള്ളപ്പൊക്ക സമയത്ത് ജലാശയങ്ങളുടെയും പാലങ്ങളുടെയും അരികില്‍ നിന്ന് സെല്‍ഫി എടുക്കുന്നത് ഒഴിവാക്കുക.
* മഴക്കാലം കഴിയുന്നതുവരെ വിനോദയാത്രകളും സാഹസിക യാത്രകളും കാഴ്ചകാണാനുളള യാത്രകളും പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.