Sunday 16th of December 2018

വരുന്നൂ കുരുന്നുകള്‍ക്കായി സൌഹൃദ ബസ്സ്

Category: Life Style
Published: Wednesday, 03 June 2015

പുറത്തുകയറാന്‍ വരുന്നവര്‍ക്കായി ആനയൊന്നു കാലു മടക്കി താഴ്ന്നിരുന്നു കൊടുക്കും. നാട്ടാനയും മനുഷ്യനും തമ്മിലുള്ള സ്‌നേഹത്തിന്റെ അടയാളമാണീ കാഴ്ച. അതുപോലെയുള്ള ഒരു അപൂര്‍വ പരിഗണനയാണ് ആര്‍ടിഎ സ്‌കൂള്‍കുട്ടികള്‍ക്കായി ഒരുക്കുന്നത്. കുരുന്നുകള്‍ കയറാന്‍ എത്തുമ്പോള്‍ ഈ ആര്‍ടിഎ സ്‌കൂള്‍ ബസ് ഒന്നു ചെരിഞ്ഞുകൊടുക്കും. കുഞ്ഞിക്കാലുവച്ച് ഉയര്‍ന്ന പടികളില്‍ കയറാനുള്ള ബുദ്ധിമുട്ടു മാറ്റി നഴ്‌സറി കുട്ടികള്‍ക്ക് ഈ ബസിനുള്ളിലേക്കു കയറാം. സ്‌കൂള്‍ ബസ് ഗതാഗതരംഗത്തേക്ക് ഇറങ്ങുമ്പോള്‍ ഇത്തരം ഹൈഡ്രോളിക് സംവിധാനം ഉള്‍പ്പെടെ ആര്‍ടിഎ ഒട്ടേറെ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ചെറിയ കുട്ടികളെപ്പോലെതന്നെ വൈകല്യമുള്ളവര്‍ക്കും വാഹനത്തില്‍ കയറാനുള്ള പ്രത്യേക സംവിധാനം ആര്‍ടിഎ ഒരുക്കിയിട്ടുണ്ട്. കുട്ടി കയറുന്നതുമുതല്‍ ഇറങ്ങുന്നതുവരെ നിരീക്ഷിക്കാന്‍ പുറത്ത് ആറും അകത്ത് എട്ടുംക്യാമറകളുണ്ട്. നിര്‍ദേശം നല്‍കാന്‍ ഉച്ചഭാഷിണിയും. ഒരുകുട്ടി ബസില്‍ കയറി കാര്‍ഡ് സ്‌കാന്‍ ചെയ്താല്‍ ഉടന്‍ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വഴിയോ ഇമെയില്‍, എസ്എംഎസ് വഴിയോ മാതാപിതാക്കള്‍ക്കും സ്‌കൂളിലും വിവരം ലഭിക്കും. ഇറങ്ങിയാലും സന്ദേശമയയ്ക്കും. കുടുങ്ങിപ്പോയാല്‍ അലാം ഏതെങ്കിലും കാരണവശാല്‍ ബസുകളില്‍ കുടുങ്ങിപ്പോകുന്ന കുട്ടികള്‍ക്കുവേണ്ടി ഒരു അലാം ബട്ടന്‍ ഘടിപ്പിക്കും. ഇതു കുട്ടി ഞെക്കിയാല്‍ ബസ് ജീവനക്കാര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും വിവരം ലഭ്യമാകും. കുട്ടികളെ അപകടത്തില്‍നിന്നു രക്ഷപ്പെടുത്താന്‍ ഈ സംവിധാനം ഏറെ പ്രയോജനകരമായിത്തീരുമെന്നു ഡയറക്ടര്‍ മന്‍സൂര്‍ റഹ്മ ജുമ അല്‍ ഫലാസി പറഞ്ഞു. ഇനി ഏതെങ്കിലുംകുട്ടികള്‍ ബസ് മാറിക്കയറിയാല്‍ ആ വിവരവും തല്‍സമയം രക്ഷിതാക്കളെയും സ്‌കൂളിനെയും അറിയിക്കാനുള്ള സംവിധാനമുണ്ട്. ഏതെങ്കിലും കാരണവശാല്‍ യഥാര്‍ഥ സ്റ്റോപ്പിനു കരം മറ്റൊരു സ്റ്റോപ്പിലാണു കുട്ടി ഇറങ്ങിയതെങ്കില്‍ ചിത്രം സഹിതം വിവരം കൈമാറും. അസുഖം മൂലമോ മറ്റോ കുട്ടി അവധിയാണെന്ന വിവരം ലഭിച്ചാല്‍ ബസ് സ്വമേധയാ റൂട്ട് മാറി സമയം ലാഭിക്കും. പരിസ്ഥിതിയോടും സൗഹൃദം പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ബസ് ശാരീരിക വൈകല്യമുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നതാണ്. മുന്‍വശത്തെയും നടുവിലെയും അവസാനത്തെയും സീറ്റുകളിലാണ് സീറ്റ് ബെല്‍റ്റുള്ളത്. 39 വിദ്യാര്‍ഥികള്‍ക്കും ഒരു കണ്ടക്ടര്‍ക്കും യാത്ര ചെയ്യാം അപകടരഹിത യാത്ര ഉറപ്പാക്കുന്നതിനൊപ്പം അടിക്കടിയുള്ള സ്‌കൂള്‍ ബസ് ഫീസ് വര്‍ധന നിയന്ത്രിക്കാനും സാധിക്കുമെന്നാണ് ആര്‍ടിഎയുടെ കണക്കുകൂട്ടല്‍. 50 ബസുകളാണ് സ്‌കൂള്‍ ഗതാഗതത്തിനായി ഈ വര്‍ഷം ഉപയോഗിക്കുക. 2024ഓടെ 650 ബസുകള്‍ സേവനരംഗത്തുണ്ടാകും. രണ്ടര ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് ദുബായിലുള്ളത്. ഇതില്‍ 60% പേരും ആശ്രയിക്കുന്നത് സ്‌കൂള്‍ ബസുകളെയാണ്. ഇത് 70 ശതമാനമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം.