Sunday 24th of February 2019

മതിപ്പേറെയാണ്‌ ഈ ഓണേഴ്സിന്

Category: Life Style
Published: Thursday, 01 October 2015

വിമെന്‍സിലെ കുട്ടികള്‍ പറയുന്നു..

കേരളത്തിന്റെ ആദ്യകാല വിദ്യാഭ്യാസ ചരിത്രത്തില്‍ ഓണേഴ്‌സ്  ബിരുദമെന്നാല്‍ പ്രൗഢിയുടെ പ്രതീകമായിരുന്നു. ഓണേഴ്‌സിനു പഠിക്കുന്നവരെ ഏറെ ബഹുമാനത്തോടെയും ആദരവോടെയും കണ്ടനാളുകളാണത്.  അറുപതുകളില്‍ നിര്‍ത്തലാക്കിയ ഓണേഴ്‌സ് വര്‍ഷങ്ങള്‍ക്കുശേഷം 2013 ല്‍ കേരളത്തിലെ നാലു കലാലയങ്ങളില്‍ ആരംഭിക്കുകയായിരുന്നു.

 

വീണ്ടുമെത്തിയ ഓണേഴ്‌സിന്റെ ആദ്യബാച്ച് ഈ വര്‍ഷം പുറത്തിറങ്ങുകയാണ്. ഇംഗ്ലീഷില്‍ ഓണേഴ്‌സ്  ബിരുദം നല്‍കുന്ന കേരളത്തിലെ ഏക കോളേജാണ് തിരുവനന്തപുരം വിമെന്‍സ് കോളെജ് . ഏറെ ആവേശത്തോടെയും ആകാംക്ഷയോടുമാണ് ഇവിടുത്തെ പെണ്‍സംഘം ഓണേഴ്‌സ് നല്‍കുന്ന സാധ്യതകള്‍ പങ്കുവെയ്ക്കുന്നത്.

 

പഠനം സമഗ്രം സുന്ദരം

 

ഒരു വിഷയം പഠിക്കുമ്പോള്‍ അതിന്റെ ആഴം അറിഞ്ഞ് പഠിക്കണമെന്ന്‌  പൊതുവേ പറയാറുണ്ട്. വിമെന്‍സ്കോളേജിലെ ഇംഗ്ലീഷ് ഓണേഴ്‌സ് ബിരുദവിദ്യാര്‍ത്ഥികള്‍ ഇതുശരിക്കും സമ്മതിച്ചുതരും. ഷേക്‌സ്പിയറുടെ നാടകങ്ങളെപ്പറ്റി ചോദിച്ചാല്‍ ഇവര്‍ ലോക നാടക ചരിത്രം ഉള്‍പ്പെടെ പറയും ഭാഷയുടെ വളര്‍ച്ചയെപ്പറ്റി ചോദിച്ചാലാകട്ടെ പുതിയ ഭാഷാപ്രയോഗങ്ങളെക്കുറിച്ച് വരെ ഇവര്‍ വാതോരാതെ സംസാരിക്കും. കാരണം മറ്റൊന്നുമല്ല  സാധാരണ ബിരുദവിദ്യാര്‍ത്ഥികളെക്കാള്‍ വളരെ  ആഴത്തിലും പരപ്പിലും ഇവര്‍ ഇംഗ്ലീഷ്  ഭാഷയുടെ വേറിട്ട തലങ്ങള്‍  അടുത്തറിയുന്നു എന്നതുതന്നെയാണ്‌ ഈ ആത്മവിശ്വാസത്തിന്റെ കാരണം.

 

ബിരുദപഠനത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനൊപ്പം വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണത്തിനും ഉന്നതപഠനത്തിനും  കൂടുതല്‍ അവസരം നല്‍കുക  എന്നനേട്ടമാണ്‌ ഓണേഴ്‌സ് ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ വിദേശസര്‍വകലാശാലകളിലും പഠനകേന്ദ്രങ്ങളിലും പ്രവേശനം ലഭിക്കാനുതകുന്ന തരത്തിലാണ് ഓണേഴ്‌സിന്റെ പാഠ്യപദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത്.

 

ആറു സെമസ്റ്ററുകളിലായി വിദ്യാര്‍ത്ഥികള്‍ കരീബിയന്‍, ആഫ്രിക്ക, ബ്രിട്ടന്‍ തുടങ്ങി ലോകത്തിന്റെ വിവിധഭാഗങ്ങളിലെ ഇംഗ്ലീഷ് ഭാഷയുടെ ചരിത്രവും വളര്‍ച്ചയുമെല്ലാം വിശദമായി പഠിക്കുന്നുണ്ട്.  കൂടാതെ ലോകനാടകവേദികള്‍, എഴുത്ത്, സിനിമ തുടങ്ങി വിവിധ വിഷയങ്ങളെക്കുറിച്ചും ഇവർ മനസ്സിലാക്കുന്നുണ്ട്. ആറുമണിക്കൂറാണ് പ്രതിദിനം പഠനപ്രവര്‍ത്തനങ്ങള്‍ക്കായി ഇവര്‍ ചിലവഴിക്കുന്നത്. ദൈനംദിന ക്ലാസുകള്‍ക്കൊപ്പംതന്നെ മുഖാമുഖപരിപാടികള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍ എന്നിവയും ആശയവിനിമയത്തിനും വ്യക്തിത്വവികസനത്തിനും കൂടി വേദിയൊരുക്കുന്നു. അവസാനവര്‍ഷം തൊഴിലിടങ്ങളിലുളള പരിശീലനവും ഇവരുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

ഇവര്‍ക്ക് പറയാനുണ്ട് ഒത്തിരി കാര്യങ്ങള്‍

വിഷയത്തെ ആഴത്തില്‍ പഠിക്കേണ്ടതുകൊണ്ടുതന്നെ ഇംഗ്ലീഷ് ഇഷ്ടപ്പെടുന്നവര്‍ക്കും രാജ്യത്തിനുപുറത്തുളള സര്‍വകലാശാലകളില്‍ ഉന്നതവിദ്യാഭ്യാസം നേടാനാഗ്രഹിക്കുന്നവര്‍ക്കും ഏറ്റവും മികച്ചത് ഓണേഴ്‌സാണെന്ന് വിദ്യാര്‍ത്ഥിയായ അമൃത സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ പുസ്തകങ്ങളുടെ ലഭ്യതക്കുറവും ഇതിനുവേണ്ടിയുളള തിരച്ചിലും അല്പം ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്. ലൈബ്രറികളോ ഓണ്‍ലൈന്‍ സംവിധാനമോ ഉപയോഗിച്ചാല്‍ പോലും ഇവ ചിലപ്പോള്‍ ലഭിക്കില്ല. ഇന്ദിരാ ഗോസ്വാമിയുടെ 'ദ റസ്റ്റഡ് സോര്‍ഡ്' പോലുളള പുസ്തകങ്ങള്‍ ഇപ്പോഴും ലഭ്യമല്ലെന്നാണ്  മീനാക്ഷിയുടെ പരാതി.

 

ഒണേഴ്‌സില്‍ എം എ തലത്തിനു തത്തുല്യമായ വിഷയങ്ങള്‍ ഹൃദിസ്ഥമാക്കുന്നതിനാല്‍ ഉന്നതപഠനം അതിലും മികച്ചതാകണം. ഓക്‌സ്‌ഫോര്‍ഡ് പോലുളള വിദേശ സര്‍വകലാശാലകളില്‍ അപേക്ഷിക്കാന്‍ ഓണേഴ്‌സ് നല്‍കുന്ന ആത്മവിശ്വാസത്തില്‍ ഏറെ പ്രതീക്ഷയോടെ ഈ വര്‍ഷം കോഴ്‌സ് പൂര്‍ത്തിയാക്കാനൊരുങ്ങുകയാണ് അവസാനവര്‍ഷ വിദ്യാര്‍ത്ഥികള്‍.

 

അധ്യാപകരുടെ കൂട്ടായപ്രവര്‍ത്തനങ്ങളുടെ വിജയമാണ് ഇവിടത്തെ കുട്ടികളുടെ മികവിന്റെ രഹസ്യം. വളരെ സൂക്ഷ്മവും വിശാലവുമായി പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യേണ്ടതിനാല്‍ കൂടുതല്‍ പഠനപ്രവര്‍ത്തനങ്ങള്‍ നല്കി വിഷയത്തെ കുട്ടികള്‍ക്ക് മുന്നിലെത്തിക്കാന്‍ ഒരേ മനസ്സാണ് അദ്ധ്യാപകര്‍ക്ക്, കോഴ്‌സ് കോര്‍ഡിനേറ്ററായ സജീവ് റോസ് സാമുവല്‍ പറയുന്നു. ആദ്യ ബാച്ച് ഈ വര്‍ഷം പുറത്തിറങ്ങുമ്പോള്‍ കാമ്പസ് ഇന്റര്‍വ്യുപോലുളള അവസരങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കാനുളള തയ്യാറെടുപ്പിലാണിദ്ദേഹം. വിദ്യാര്‍ത്ഥികളെക്കാള്‍ കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ച് വിഷയത്തിന്റെ വ്യാപ്തി മനസ്സിലാക്കാനും മറ്റു സര്‍വകലാശാലകളിലെ അധ്യാപകരോട് സംവദിക്കാനും കൂടുതല്‍ കാര്യങ്ങള്‍ അറിഞ്ഞ് കുട്ടികള്‍ക്ക് പകര്‍ന്ന് നല്കാനും ഓണേഴ്‌സ് അവസരമൊരുക്കിയതായി ഇംഗ്ലീഷ്  വിഭാഗം മേധാവിയായ നിത ശശിധരനും ശരിവെയ്ക്കുന്നു.

 

പ്ലസ്ടുവിന് 70% മാര്‍ക്കാണ് ഇംഗ്ലീഷ് ഓണേഴ്‌സ് ബിരുദപ്രവേശനത്തിനുളള അടിസ്ഥാനയോഗ്യത. വിവിധ ഗ്രാന്റുകളും ഓണേഴ്‌സിനായി സംസ്ഥാന ആസൂത്രണകമ്മീഷന്‍ നല്‍കുന്നുണ്ട്. ഒരു ബാച്ചില്‍ 30 പേര്‍ക്കാണ് പ്രവശനം.

 

മറ്റു വിഷയങ്ങളില്‍ എറണാകുളം മഹാരാജാസ് കോളേജ്(എക്കണോമിക്‌സ്), പാലക്കാട് വിക്ടോറിയ കോളേജ്(ബി.കോം), തലശ്ശേരി ബ്രണ്ണന്‍ കോളേജ്(കണക്ക്) എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഓണേഴ്‌സ് അനുവദിച്ചിട്ടുളളത്.

 

ഓര്‍മകളിലെ ഓണേഴ്സ്

പഴയകാല ഓണേഴ്‌സിനെക്കുറിച്ച് ചോദിച്ചാന്‍ വാചാലമാവും പലരും. എറണാകുളം സ്വദേശി ആര്യയ്ക്ക് മുത്തശ്ശി പഴയ ഓണേഴ്‌സ് ആണെന്നു പറയാന്‍ ഏറെ അഭിമാനമാണ്. അല്പം കടുത്ത പാഠഭാഗങ്ങളുണ്ടെങ്കിലും അന്നത്തെ കാലത്ത് ബി എ ഓണേഴ്‌സ് എന്നാല്‍ ബഹുമാനത്തോടെയാണ് ആളുകള്‍ കണ്ടിരുന്നതെന്ന് മുത്തശ്ശി പറയാറുളളത് ആര്യ ഓര്‍ക്കുന്നു. ഓണേഴ്‌സ് ഇല്ലാത്ത സാധാരണ ബിഎ എന്നു പറയുന്നത് അക്കാലത്ത് ഒരു കുറവായി പോലും കണ്ടിരുന്നെന്ന്  കേരള സര്‍വകലാശാലയില്‍ കമ്മ്യുണിക്കേഷന്‍ പ്രൊഫസറായ യാസിന്‍ അശ്‌റഫും ഉറപ്പിച്ച്പറയുന്നു.

ഓണേഴ്‌സിന്റെ പുതിയ ബാച്ച് പുറത്തിറങ്ങാനൊരുങ്ങുമ്പോള്‍ പഴയതലമുറയും പുതുതലമുറയും ഒരുപോലെ ആവേശത്തിലാണ്.

 

ഹരിഷ്മ എ.എസ്