Wednesday 19th of December 2018

നിളാതീരത്തെ പട്ടുഗ്രാമം ... കുത്താമ്പുള്ളി പെരുമ

Category: Life Style
Published: Monday, 05 October 2015

 

ഇന്ത്യയിലുടനീളവും വിദേശ രാജ്യങ്ങളിലും പ്രിയമേറിയ കൈത്തറി വസ്‌ത്രങ്ങളുടെ നാടാണ് കുത്താമ്പുള്ളി.... പരമ്പരാഗതമായ സമൂഹ ജീവിതവും തറികളും, നെയ്ത്തുശാലകളും ഒക്കെയായി പഴമ വിടാത്ത ഒരു നെയ്‌ത്തു ഗ്രാമം. ഗായത്രിപ്പുഴയുടെയും നിളയുടെയും സംഗമ ഭൂമിയാണ്‌ ഈ ഗ്രാമം. ഇവിടത്തെ തറികളുടെ നാദം ഓരോ ജീവിതത്തിന്റെയും സ്‌പന്ദനം കൂടിയാണ്‌. നേര്‍ത്ത തുണിയില്‍ ഭംഗിയായ കസവുകളും ചിത്ര ചാതുരിയും മലയാളികളുടെ സൗന്ദര്യ ബോധത്തെ ഒന്ന്‌ കൂടി ഉണര്‍ത്തി. ഒരു ഗ്രാമത്തിലെ മുഴുവന്‍ വീടുകളിലും ചര്‍ക്കയുടെയും തറിയുടെയും ശബ്ദങ്ങള്‍ .. ഒരേ തൊഴില്‍ ... ഒരേ ജീവിതം ... ഒരുമയുടെ പെരുമകൂടി ഇവിടെ കാണാം. ഇവിടത്തുകാര്‍ക്ക്‌ ഇത്‌ ഒരു ജീവനോപാധിമാത്രമല്ല ഒരു ഉപാസനകൂടിയാണ്‌. ഒരു കലയാണ്‌ ... കസവ്‌ സാരികള്‍, ഡബിള്‍ മുണ്ടുകള്‍, വേഷ്ടി, സെറ്റ്‌ മുണ്ട്‌, മംഗല്യ വസ്‌ത്രങ്ങള്‍, പാവ്‌ മുണ്ടുകള്‍ തുടങ്ങി എല്ലാം ഈ തറികളില്‍ ശോഭ വിരിയിക്കുന്നു. 

 

കുത്താമ്പുള്ളിയിലെ നെയ്‌ത്തുകാര്‍ കര്‍ണാടകയില്‍ നിന്ന്‌ കുടിയേറിയ ദേവാംഗ സമുദായത്തില്‍ പെട്ടവരാണ്‌. 500 വര്‍ഷം മുന്‍പ്‌ കൊച്ചി രാജാവ്‌ രാജകുടുംബങ്ങള്‍ക്കു സ്വന്തമായി മനോഹര വസ്‌ത്രങ്ങള്‍ നെയ്‌തുണ്ടാക്കാന്‍ കര്‍ണാടകയില്‍ നിന്ന്‌ കൊണ്ട്‌ വന്ന കുടുംബങ്ങളാണ്‌ ഇവിടെ പിന്നീട്‌ വേരുറപ്പിച്ചത്‌. നിലവിലെ സാമൂഹിക അന്തരീക്ഷം മൂലം ദേവാംഗ സമുദായം അന്യം നിന്ന്‌ വരികയാണ്‌. ഇപ്പോഴുള്ള ചെറുപ്പക്കാരെല്ലാം മറ്റു സമുദായങ്ങളില്‍ നിന്ന്‌ വിവാഹം കഴിക്കുകയും ചെയ്യുന്നു. വിപണികളിലെ നൂതന സാധ്യതകള്‍ മനസിലാക്കി പരമ്പരാഗതമായ നെയ്‌ത്തു രീതികള്‍ക്കൊപ്പം എംബ്രോയ്‌ഡറികള്‍, ചിത്രങ്ങള്‍, മ്യൂറല്‍ ആര്‍ട്ട്‌ പോലുള്ള ഡിസൈനുകള്‍ തുടങ്ങിയവയും വസ്‌ത്രങ്ങളില്‍ ചെയ്‌തു നല്‍കുന്നുണ്ട്‌.

 

ഇന്ത്യയില്‍ ലഭിക്കാവുന്നതില്‍ വച്ച്‌ ഏറ്റവും നല്ല കൈത്തറി വസ്‌ത്രങ്ങള്‍ ആണ്‌ കുത്താമ്പുള്ളിയിലേത്‌. രാപകല്‍ അധ്വാനിച്ചു സ്വന്തം ജോലിയില്‍ മാത്രം ശ്രദ്ധ ചെലുത്തി, ഇല്ലായ്മകളിലും വല്ലായ്‌മകളിലും അല്ലലും അലട്ടലും ഇല്ലാതെയാണ് ഇവരുടെ ജീവിതം. തറികളുടെ ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ വിയര്‍പ്പൊഴുക്കി ജീവിതം നെയ്‌തു പട്ടുശോഭ നല്‍കുകയാണ്‌ ഇവിടെ. 

 

1972 ല്‍ 102 പേര്‍ അംഗങ്ങളായി കുത്താമ്പുള്ളി ഹാന്‍ഡ്‌ലൂം ഇന്റസ്‌ട്രിയല്‍ കോ-ഓപറേറ്റീവ്‌ സൊസൈറ്റി രജിസ്‌റ്റര്‍ ചെയ്‌തു.  പഴയ തലമുറ കൈമാറിവന്ന കരവിരുത്‌ ചോര്‍ന്നു പോകാതെ സംരക്ഷിക്കുന്ന ഇളമുറക്കാര്‍ക്ക്‌ അവര്‍ അര്‍ഹിക്കുന്ന നേട്ടം കിട്ടുകയും ചെയ്‌തു. ജോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ആക്ട് 2011 ല്‍ കുത്താമ്പുള്ളി  സാരികള്‍ എക്‌സ്‌ക്ലൂസിവ്‌ ഇന്‍ടെലക്‌ച്വല്‍ പ്രോപെര്‍ട്ടി റൈറ്റ്‌ സ്വന്തമാക്കി. ദിവസങ്ങളോളം, ചിലപ്പോള്‍ മാസങ്ങളോളം കഠിനമായി അധ്വാനിച്ചു ഒരു വസ്‌ത്രം നിര്‍മിച്ചു ഉടമസ്ഥന്‌ നല്‍കുമ്പോള്‍ ആധിയും ആശങ്കയും ആണ്‌ ഓരോ നെയ്‌ത്തുകാരന്റെയും ഉള്ളില്‍. എന്നാല്‍ ആ വസ്‌ത്രം നോക്കി ഉഗ്രന്‍ എന്ന്‌ ആളുകള്‍ പറയുമ്പോള്‍ ലഭിക്കുന്ന ആത്മനിര്‍വൃതിയോളം വരില്ല ഇവിടത്തുകാര്‍ക്ക്‌ ഒരു സമ്മാനവും ...

 

ഏറെ ശ്രദ്ധയോടും അര്‍പ്പണത്തോടും നെയ്‌തെടുക്കുന്ന വസ്‌ത്രങ്ങള്‍ക്ക്‌ ഒരു നാള്‍ വ്യാജ കൈത്തറികളും വിദേശ വസ്‌ത്രങ്ങളും കരിങ്കൊടി കാണിച്ചു... അന്നുമുതല്‍ ഇവിടത്തെ വ്യവസായം തകര്‍ന്നു തുടങ്ങി .. എങ്കിലും പാരമ്പര്യം വിടാന്‍ മടിയുള്ള മലയാള ഗന്ധം മനസ്സില്‍ ആവാഹിക്കുന്ന ചിലരെങ്കിലും ഈ ഗ്രാമത്തിന്റെ പടികടന്നു വന്നു. വന്നവര്‍ക്കെല്ലാം മനംനിറഞ്ഞ്‌ സന്തോഷത്തോടെ പട്ടു വസ്‌ത്രങ്ങള്‍ നിര്‍മിച്ചു നല്‍കി ഇവിടത്തുകാര്‍ .

 

ഇന്ന്‌ കൈത്തറി വസ്‌ത്രങ്ങള്‍ ഗതകാല പ്രതാപത്തോടെ വീണ്ടും സ്ഥാനം പിടിച്ചിരിക്കുന്നു. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കൈത്തറി വ്യവസായത്തെ ആകാവുന്നത്ര ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചു. ഫാഷന്‍ ലോകവും ഇരു കൈയും നീട്ടി സ്വീകരിച്ചതോടെ വീണ്ടും കുത്താമ്പുള്ളി തറികള്‍ സജീവമായി. പാവ്‌ വെള്ളത്തിലും കഞ്ഞി വെള്ളത്തിലും ഇട്ട ശേഷം എടുത്തു ചര്‍ക്കയില്‍ നൂറ്റ നൂലുകള്‍ ആദ്യമേ വെള്ളത്തിലും കഞ്ഞി വെള്ളത്തിലും ഇട്ട്‌ ബലപ്പെടുത്തും. പിന്നീട്‌ തറിയില്‍ കോര്‍ക്കും. ഒരു നൂലില്‍ മറ്റൊരു നൂല്‍ കോര്‍ത്താണ്‌ തറിയില്‍ ബന്ധിപ്പിക്കുന്നത്‌ . രാവിലെ മുതല്‍ രാത്രി വരെ ഇവിടെ ഓരോ വീട്ടിലും നെയ്‌തു പാട്ടുകളാണ്‌. ഓണത്തിനും വിഷുവിനും ഉത്സവ വേളകളിലും ഒരു വീടുകളിലും വിളക്കുകള്‍ അണയാറില്ല . ആഘോഷ വേളകളില്‍ അനേകം കുടുംബങ്ങള്‍ ഒന്നിച്ചാണ്‌ ജോലികള്‍ തീര്‍ക്കുന്നത്‌. കിട്ടുന്ന വേതനം വിഭജിച്ചു എടുക്കുകയും ചെയ്യുന്നു എന്നാല്‍ എടുക്കുന്ന പണിക്കു അനുസരിച്ച്‌ വേതനം ലഭിക്കുന്നില്ല എന്നതാണ് ഇവരുടെ പ്രധാന പരാതി .

 

കുത്താമ്പുള്ളി കൈത്തറികള്‍ വിപണിയില്‍ പ്രിയമേറിവരുന്നത്‌ സന്തോഷം തന്നെ. എന്നാല്‍ ഇവയെല്ലാം ചെയ്‌തു തീര്‍ക്കാന്‍ ആള്‌ വേണം. ഇനി ആളായാല്‍ തന്നെ നല്‍കാന്‍ പണമില്ല ... ഇതൊക്കെയാണ്‌ പ്രധാന പ്രശ്‌നങ്ങള്‍. സീസണ്‍ അനുസരിച്ച്‌ മാത്രമാണ്‌ തിരക്കും ബഹളവും. ചിലപ്പോള്‍ ഏറ്റെടുത്ത ജോലികള്‍ നിരാശയോടെ ഉപേക്ഷിക്കേണ്ടിയും വരും. സമയം തികയാത്തതിനാല്‍.. പരാധീനതകള്‍ക്കിടയിലും തങ്ങള്‍ സൃഷ്ടിക്കുന്ന പട്ടുവസ്ത്രങ്ങളുടെ തിളക്കം ജീവിതത്തിലും നെയ്തുചേര്‍ക്കാനാണ് അവരുടെ ശ്രമം. 

ടി.എസ് ശാലിനി