Sunday 21st of April 2019

കാടകങ്ങളില്‍ ഓണക്കാലം, ഊരുകളില്‍ സദ്യയുടെ സമൃദ്ധി

Category: Life Style Published: Thursday, 08 September 2016

ണാഘോഷങ്ങള്‍ പരിചിതമല്ലാത്ത ചിന്നാറിലെ ആദിവാസി ഊരുകളില്‍ ആദ്യമായി ഓണസദ്യയൊരുക്കുകയാണ് വനം- വന്യജീവി വകുപ്പ്. 'കാടോണം' എന്ന   ആഘോഷ പരിപാടികള്‍ക്ക് മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷന് കീഴിലുള്ള ആദിവാസി ഊരുകളില്‍ തുടക്കമായി. 

 

വനം വകുപ്പ് ആശയത്തെക്കുറിച്ച് അറിഞ്ഞ സുഹൃത്ത് കൂട്ടായ്മകളും പരിപാടിയുടെ ഭാഗമായി. ആറ് ദിവസം നീളുന്ന കാടോണം ആഘോഷത്തിന് ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ആണ് തുടക്കം കുറിച്ചത്. സെപ്റ്റംബര്‍ ആറിന് വെള്ളക്കല്‍ കുടിയിലായിരുന്നു കാടോണത്തിന്റെ ആദ്യ ദിനം . വെള്ളക്കല്‍, പുതുക്കുടി എന്നിവിടങ്ങളിലെ മുതുവാ വിഭാഗത്തില്‍പെട്ട ആദിവാസികളോടൊപ്പമായിരുന്നു ഓണ സദ്യ. ഉപ്പേരി മുതല്‍ പായസം വരെ പത്തോളം വിഭവങ്ങള്‍ വിളമ്പിയ തൂശനിലയിലെ സമൃദ്ധി ആദിവാസി ഊരുകളില്‍ പലര്‍ക്കും ആദ്യ അനുഭവമാണ്. 

 

സെപ്റ്റംബര്‍ 7ന് ഇരുട്ടള, ഈച്ചാമ്പെട്ടി, 8ന് പാളപ്പെട്ടി, 9ന് ഒള്ളവയല്‍ മാങ്ങാപ്പാറ, 10 ന് തായണ്ണന്‍കുടി, മുളങ്ങാമുട്ടി, 11 ന് ആലാംപട്ടി, ചമ്പക്കാട് എന്നിവിടങ്ങളിലാണ് കാടോണം. വനം വകൂപ്പ് ഉദ്യോഗസ്ഥരും വിവിധ ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റിയംഗങ്ങളും കാടോണത്തില്‍ പങ്കെടുക്കുന്നുണ്ട്.