Sunday 24th of February 2019

മഴക്കാലരോഗങ്ങള്‍: വളര്‍ത്തുമൃഗങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം

Category: Life Style Published: Tuesday, 26 June 2018
മഴക്കാലത്ത് വളര്‍ത്തുമൃഗങ്ങളിലും പക്ഷികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്നതിനാല്‍ അവയുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. കുളമ്പുരോഗത്തിന്റെ രോഗപ്രതിരോധ കുത്തിവെയ്പ് ജില്ലയില്‍ എല്ലായിടത്തും ജൂലൈയ് ആദ്യവാരം ആരംഭിക്കും. ബാക്ടീരിയ പടര്‍ത്തുന്ന കുരലടപ്പന്‍ എന്ന അസുഖത്തിന് കുത്തിവയ്പ്നല്‍കണം. 
 
* പനി, തൊണ്ടയ്ക്ക് നീര്, ശ്വാസംമുട്ടല്‍ എന്നിവയാണ് രോഗലക്ഷണങ്ങള്‍. രക്ത പരിശോധന വഴിയാണ് രോഗനിര്‍ണ്ണയം നടത്തുക. 
* മഴക്കാലത്ത് മൃഗങ്ങളില്‍ വയറിളക്ക സാദ്ധ്യത കുറയ്ക്കാന്‍ വെയില്‍ ലഭ്യതയുളളപ്പോള്‍ പുല്ല് സൂര്യപ്രകാശത്ത് ഇട്ട് വാട്ടി നല്‍കുക. പുല്ലിനോടൊപ്പം വൈയ്‌ക്കോലും കലര്‍ത്തി നല്‍കാം. വയറിളക്കം ശമിക്കുന്നതിനുളള മിക്‌സ്ച്ചര്‍ മരുന്നുകള്‍ മൃഗാശുപത്രിയില്‍ ലഭിക്കും. 
* വിരബാധ ഒഴിവാക്കാന്‍ വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങളില്‍ പണ്ടപ്പുഴുക്കളുടെ ശല്യം നിയന്ത്രിക്കാന്‍ താറാവുകളെ വളര്‍ത്തുന്നത് രോഗ സംക്രമണത്തിനു സഹായിയായി പ്രവര്‍ത്തിക്കുന്ന ഒച്ചുകളുടെ ശല്യം കുറയ്ക്കും. 
* വയറിളക്കം ദുര്‍ഗന്ധത്തോടും ചോരയോടും കൂടെ കലര്‍ന്നതാണെങ്കില്‍ പണ്ടപ്പുഴു എന്നു വിളിക്കുന്ന ആംഫിസ്റ്റോം ഇനത്തില്‍പ്പെടുന്ന ആന്തരിക പരാദബാധയാകാന്‍ സാധ്യതയുണ്ട്. ചാണക പരിശോധന വഴി രോഗം സ്ഥിരീകരിക്കാം. 
* വിരബാധയ്‌ക്കെതിരെ പശുക്കള്‍ക്കും കിടാക്കള്‍ക്കും കിടാരികള്‍ക്കും ഒരേ സമയം വിരമരുന്നു നല്‍കണം. ചാണകം പറ്റിയ തീറ്റപ്പുല്ലുകള്‍ പശുക്കള്‍ തിന്നാതിരിക്കാന്‍ ശ്രദ്ധിക്കണം. 
* ഈച്ചശല്യം ഒഴിവാക്കാന്‍ പൈരത്രിന്‍ ഇനത്തില്‍പ്പെടുന്ന താരതമ്യേന സുരക്ഷിതമായ മരുന്നുകള്‍ വെറ്ററിനറി ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം പശുക്കളുടെ ദേഹത്തും തൊഴുത്തിലും തളിക്കണം. 
* തൊഴുത്തും പരിസരവും ചപ്പുചവറുകള്‍ നീക്കി വൃത്തിയാക്കണം. തൊഴുത്തിനുളളില്‍ ശുചിത്വം ഉറപ്പാക്കണം. മഴക്കാലത്ത് തൊഴുത്തിലെ ശുചിത്വമില്ലായ്മ രോഗാണുക്കളുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കും. തൊഴുത്ത് ഫിനോള്‍ പോലുളള അണുനാശിനി ഒഴിച്ച് പതിവായി കഴുകണം. ബ്ലീച്ചിംഗ് പൗഡര്‍ വിതറി വെള്ളമൊഴിച്ച് കഴുകുന്നതും ഏറെ ഗുണകരമാണ്. 
* തൊഴുത്ത് കുന്തിരിക്കം ഉപയോഗിച്ച് പുകയിടാം. 
* പശുക്കളില്‍ വൈറസ് പരന്തുന്ന മുടന്തുപനിയുടെ പ്രധാന ലക്ഷണം പനിയും നടക്കാനുളള ബുദ്ധിമുട്ടാണ്. നടക്കാനുളള ബുദ്ധിമുട്ട് ഒരു കാലില്‍ നിന്നും മറ്റേക്കാലിലേക്ക് മാറുന്നതിനാല്‍ പശുവിന് മുടന്ത് അനുഭവപ്പെടും. 
* സന്ധികളില്‍ വേദന ഉണ്ടാക്കുന്നതിനാല്‍ രോഗം കണ്ടാല്‍ ഉടന്‍ തന്നെ മണലും തവിടും ചേര്‍ത്ത് കിഴിയാക്കി സന്ധികളില്‍ ചൂടുപിടിക്കണം. 
* ദ്രവരൂപത്തിലുളള മരുന്നുകള്‍ ഇറക്കാന്‍ ബുദ്ധിമുട്ടുളളതിനാല്‍ ഗുളികകള്‍ മാത്രം നല്‍കാം. 
* തീറ്റ ചാക്കുകള്‍ ഭിത്തിയില്‍ തട്ടാത്ത വിധം പലകപ്പുറത്ത് വെയ്ക്കണം. കാലിത്തീറ്റയ്ക്ക് അല്‍പം നനവ് ശ്രദ്ധയില്‍പ്പെട്ടാല്‍ വെയിലത്തിട്ട് നന്നായി ഉണക്കണം. 
* അകിടുവീക്കം തടയാന്‍ വൃത്തിയുളള തൊഴുത്തില്‍ പശുവിനെ സൂക്ഷിക്കണം. അകിടിലുണ്ടാകിനിടയുളള ചെറിയ പരുക്കള്‍ പോലും നിസാരമായി കാണരുത്. അകിട് പതിവായി പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിച്ച് കഴുകുവാന്‍ ശ്രദ്ധിക്കണം.