Sunday 24th of February 2019

ഡെങ്കിപ്പനി; പ്രതിരോധം പ്രധാനം

Category: Life Style Published: Friday, 22 June 2018
കാസര്‍കോട്: ശാസ്ത്രവും രോഗാണുക്കളും തമ്മിലുള്ള യുദ്ധമാണ് ഓരോ പകര്‍ച്ചവ്യാധികളും. ഡെങ്കിപ്പനി ഇത്തരത്തിലുള്ള ഒരു യുദ്ധംതന്നെയാണ്. ലോകാരോഗ്യ സംഘടനയുടെ സ്ഥിതി വിവരകണക്കനുസരിച്ചു 2016-2017 വര്‍ഷത്തില്‍ ലോക ജനസംഖ്യയുടെ 50 ശതമാനമെങ്കിലും ഡെങ്കി ബാധിത പ്രദേശങ്ങളില്‍ വസിക്കുന്നു. അഞ്ചുകോടി ജനങ്ങള്‍ 2016-2017 വര്‍ഷത്തില്‍ രോഗബാധിതരാവുകയും രണ്ടു ലക്ഷത്തോളംപേര്‍ മരിക്കുകയയും ചെയ്തു. കേരളത്തില്‍ 1998 മുതല്‍ കണ്ടുവരുന്ന ഈ പകര്‍ച്ചവ്യാധി 2017-ല്‍ ഏറ്റവും രൂക്ഷമായ നിലയിലെത്തി. മുന്‍ വര്‍ഷങ്ങളില്‍ തെക്കന്‍ കേരളത്തിലാണ് വ്യാപകമായിരുന്നുവെങ്കില്‍ ഇപ്പോള്‍ വടക്കന്‍ കേരളത്തിലേക്ക് വന്‍തോതില്‍ വ്യാപിച്ചിരിക്കുകയാണ്. കാസര്‍കോട് ജില്ലയില്‍ ജൂണ്‍ മാസത്തില്‍ 191 സ്ഥിരീകരിച്ച ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ടുചെയ്തു. ജലക്ഷാമം നേരിടുന്ന സ്ഥലങ്ങളില്‍ ഇത്തവണ ഡെങ്കിപനി നേരത്തെ റിപ്പോര്‍ട്ട് ചെയ്തു.
            ഈഡിസ് വിഭാഗത്തില്‍പെട്ട പെണ്‍ കൊതുകുകള്‍ വഴിയാണ് ഡെങ്കി വൈറസ് പകരുന്നത്. ഒരുതുള്ളി വെള്ളം ലഭിക്കുന്ന എല്ലായിടത്തും ഈഡിസ് കൊതുകു മുട്ടയിട്ടു പെരുകും. 2-3 ആഴ്ച കൂടുമ്പോള്‍ ഒരു പുതിയ തലമുറയ്ക്ക് ജന്മം നല്‍കുന്നു. കറുപ്പുനിറത്തില്‍ വെളുത്ത പൊട്ടുകളോടുകൂടിയ ഈഡിസ് ആല്‍ബോപിക്ഡ്‌സ്, ഈഡിസ് ഈജിപ്തി എന്നി രണ്ടു ഇനത്തില്‍പെട്ട കൊതുകുകളെ നമുക്കുചുറ്റും കാണാം. 
    പനിയോടോപ്പം തലവേദന, കണ്ണിനുപുറകിലെ വേദന, പേശി വേദന, സന്ധി വേദന എന്നിവയാണ് പ്രധാന ലക്ഷങ്ങള്‍. ഭൂരിഭാഗം പേര്‍ക്കും സാധാരണ വൈറല്‍ പനി (ജലദോഷ പനി) പോലെ ലക്ഷണങ്ങള്‍ കാണാറുണ്ട്. 3-4 ദിവസം പനിക്കുകയും തുടര്‍ന്ന് പനി കുറയുകയും അതെസമയം ക്ഷീണം വര്‍ധിക്കുക, വയറുവേദന, ചര്‍ദില്‍, ശരീരഭാഗങ്ങളില്‍ ചുവന്നു പൊട്ടുകള്‍ പോലെ കാണപ്പെടുക, വിവിധ അവയവങ്ങളില്‍ രക്തസ്രാവം, ബോധനിലയില്‍ മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടുക, തലകറക്കം തുടങ്ങിയവ അപായ സൂചനകളാണ്. രക്ത പരിശോധനയിലൂടെ ഡെങ്കിപ്പനി കണ്ടെത്താം. പനിയുമായി ബന്ധപ്പെട്ട അപകട സൂചനകള്‍ കണ്ടാല്‍ എത്രയും വേഗം ആശുപത്രിയില്‍ എത്തിച്ചു ചികിത്സ എടുക്കുക. 
   പോഷക സമ്പുഷ്ടമായ ഭക്ഷണം ശരീരത്തിലെ ജലാംശം കുറയാതെ നിലനിര്‍ത്താന്‍ പാകത്തില്‍ വെള്ളമോ, കഞ്ഞി, മറ്റു ലായനികളോ ഇടയ്ക്കിടെ കുടിക്കുക. പൂര്‍ണവിശ്രമം മുഖേന ഡെങ്കിപ്പനി രോഗത്തെ നേരിടാം. ആഴ്ചതോറും വീടും ഓഫീസുകളും പരിസരവും വൃത്തിയാക്കി വയ്ക്കാന്‍ ഉദ്ദേശിച്ച നടപ്പാക്കുന്ന ഡ്രൈഡേ ആചരണം ഫലപ്രദമായി നടപ്പാക്കുകയാണെങ്കില്‍ ഈഡിസ് കൊതുകു പ്രജനനം തടയാന്‍ കഴിയും. വീടുകള്‍ മാത്രമല്ല ഓഫീസുകള്‍, ജോലി സ്ഥലങ്ങള്‍ നഗരങ്ങളിലെ കമ്പോളങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, കോളജുകള്‍ തുടങ്ങിയപ്രദേശങ്ങളിലും കോര്‍പറേഷന്‍ മുന്‍സിപ്പല്‍ മേഖലകളില്‍ പൊതുജനാരോഗ്യ പരിപാലനം പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കിയാല്‍  മാത്രമേ പകര്‍ച്ച വ്യാധി നിയന്ത്രണം സാധ്യമാക്കാന്‍ കഴിയു. 
          പരിസരങ്ങള്‍ ശ്രദ്ധിക്കുന്നത് പോലെതന്നെ പ്രധാനമാണ് വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതും. രാവിലെയും വൈകുന്നേരവും കൊതുകു കടിക്കുന്നത് ഒഴിവാക്കുക, അതിനായി ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ തന്നെ കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ ഉപയോഗിക്കുക. വീടിനുള്ളില്‍ ഉറങ്ങുമ്പോഴും കൊതുകു വല ഉപയോഗിക്കുന്നത് ശീലമാക്കുക. പ്രായാധിക്യം ഉള്ളവര്‍, ഒരു വയസിനു താഴെയുള്ള കുഞ്ഞുങ്ങള്‍, ഗര്‍ഭിണികള്‍ പ്രമേഹം, രക്താതിസമ്മര്‍ദം, ഹൃദ്രോഗം, അര്‍ബുദം മുതലായ രോഗങ്ങള്‍ ഉള്ളവര്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് ഡെങ്കിപ്പനിയെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌ന സാധ്യതകള്‍ കൂടുതലാണ്.