Saturday 19th of January 2019

ചാണകമുണക്കാന്‍ മെഷീന്‍: നൂതന പദ്ധതിയുമായി വാത്തിക്കുടി പഞ്ചായത്ത്

Category: Entertainment Published: Monday, 30 April 2018
 
ഇടുക്കി: മഴക്കാലത്ത് ചാണകം ഉണക്കാന്‍ എന്തുചെയ്യുമെന്ന പേടി ഇനി വാത്തിക്കുടി പഞ്ചായത്തുകാര്‍ക്കില്ല. പുതിയ സാമ്പത്തികവര്‍ഷത്തെ പദ്ധതിവിഹിതത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മൊബൈല്‍ ഡംങ് ഡീവാട്ടറിംഗ് മെഷീന്‍ ഉടന്‍ തന്നെ പഞ്ചായത്തിലെത്തും. ഹരിതകേരള മിഷന്റെ ഭാഗമായാണ് പഞ്ചായത്ത് പദ്ധതി നടപ്പിലാക്കുന്നത്. മൊബൈല്‍ ഡീവാട്ടറിംഗ് യൂണിറ്റ് പഞ്ചായത്തില്‍ സജ്ജമാകുന്നതോടെ കര്‍ഷകര്‍ക്കും ആവശ്യക്കാര്‍ക്കും ഇനി വര്‍ഷം മുഴുവന്‍ ചാണകപൊടി സുലഭമായി ലഭിക്കും. 
 
കേരളത്തിലെ ആദ്യത്തെ മൊബൈല്‍ ഡംങ് ഡീവാട്ടറിംഗ് യൂണിറ്റാണ് വാത്തിക്കുടി പഞ്ചായത്തില്‍ സജ്ജമാകുന്നത്. പദ്ധതിവിഹിതത്തില്‍ നിന്ന് 12 ലക്ഷം രൂപയാണ് മെഷീനായി പഞ്ചായത്ത് മാറ്റിവെച്ചിരിക്കുന്നത്. കുടംബശ്രീയാണ് മെഷീന്‍ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുക.  മൊബൈല്‍ യൂണിറ്റിനുള്ള വാഹനം കുടുംബശ്രീ വാങ്ങും. വാത്തിക്കുടി പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും കാലിവളര്‍ത്തലിനെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ചാണകം കര്‍ഷകര്‍ ഉണക്കി കൃഷിയാവശ്യത്തിന് ഉപയോഗിക്കുകയാണ് പതിവ്. ഉണങ്ങിയ ചാണകപൊടി ഉപയോഗിക്കുന്നത് വിളകളിലെ ഫംഗസ് ബാധ ഒഴിവാക്കുന്നതിന് ഉത്തമമാണ്. മഴക്കാലമെത്തുമ്പോള്‍ ചാണകം ഉണക്കല്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കും. ചാണകം കെട്ടികിടക്കുന്നത് പലരോഗങ്ങള്‍ക്കും കാരണമാകും. ഈ സാഹചര്യം മനസിലാക്കിയാണ് പഞ്ചായത്തില്‍ മൊബൈല്‍ ഡംങ് ഡീവാട്ടറിംഗ് മെഷീന്‍ സ്ഥാപിക്കാന്‍ തീരുമാനമായത്.
 
മെഷീന്‍, പമ്പ്, ജനറേറ്റര്‍ തുടങ്ങിയവ അടങ്ങുന്നതാണ് മെഷീന്‍. കുടുംബശ്രീയുടെ നേതൃത്വത്തില്‍ മെഷീന്‍ വീടുകളിലെത്തിക്കും. തുടര്‍ന്ന് പമ്പിലൂടെ ചാണകക്കുഴിയില്‍ നിന്ന് ചാണകം മെഷിനീലേക്കെത്തിക്കും. മെഷീന്‍ ചാണകത്തിലെ ജലാംശം നീക്കുകയും ഈ ജലം വീണ്ടും ചാണക കുഴിയിലേയ്ക്ക് നിക്ഷേപിക്കുകയും ചെയ്യും. മെഷീനുള്ളില്‍ നിന്ന് ഉണങ്ങിയ ചാണകത്തെ വേര്‍തിരിച്ച് മാറ്റാം. ചാണകത്തില്‍ നിന്ന് വൈക്കോല്‍, പുല്ല് എന്നിവ നീക്കംചെയ്യാനും മെഷീന് സാധിക്കും. ഒരു മണിക്കൂര്‍ കൊണ്ട് ആറ് ടണ്‍ ചാണകം ഡീവാട്ടര്‍ ചെയ്യാന്‍ മെഷീന് കഴിയും. ചാണകപൊടി ശേഖരിച്ച് വില്‍പ്പന നടത്തുന്ന സംരംഭം തുടങ്ങാനും വാത്തിക്കുടി പഞ്ചായത്ത് ലക്ഷ്യമിടുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ രാജു പറഞ്ഞു. എറണാകുളം കേന്ദ്രമായ ഫാം ഡയറി എന്ന കമ്പനിയാണ് ഇറ്റാലിയന്‍ നിര്‍മിതമായ മെഷീന്‍ വാത്തിക്കുടി പഞ്ചായത്തിലെത്തിക്കുന്നത്.